ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി ആരോപണമുയർത്തി ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ മുന്മന്ത്രിയും എംഎൽഎയുമായ കപിൽ മിശ്ര അനിശ്ചിതകാല നിരാഹാര സമരത്തിൽ. എഎപി നേതാക്കളുടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദേശയാത്രകൾ നടത്തുന്നതിന് എഎപി നേതാക്കൾക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതുവരെ നിരാഹാരമിരിക്കുമെന്നാണ് പ്രഖ്യാപനം.

രണ്ടു ദിവസത്തിനിടെ എഴുതിയ രണ്ടാമത്തെ തുറന്ന കത്തിലാണ് നേതാക്കളുടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട കപിൽ മിശ്ര, എഎപിയെ പ്രതിരോധത്തിലാക്കിയത്. കത്തിന്റെ പൂർണരൂപം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പോലും പണമില്ലെന്ന് പാർട്ടി നേതൃയോഗങ്ങളിൽ കേജ്‌രിവാൾ ആവർത്തിക്കുമ്പോഴാണ് പാർട്ടി നേതാക്കൾ തുടർച്ചയായി വിദേശയാത്രകൾ നടത്തുന്നതെന്ന് കപിൽ മിശ്ര ആരോപിച്ചു. ഈ യാത്രകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടാൽ ഒരുനിമിഷം പോലും അധികാരത്തിൽ തുടരാൻ എഎപി സർക്കാരിനെ ജനങ്ങൾ അനുവദിക്കില്ലെന്നും മിശ്ര പറഞ്ഞു.

എഎപിയെ പ്രതിരോധത്തിലാക്കി ഡൽഹിയിൽ നിരാഹാര സമരം നടത്തുന്ന കപിൽ മിശ്ര
കഴിഞ്ഞ രണ്ടു വർഷങ്ങത്തിനിടെ പാർട്ടി നേതാക്കളായ സഞ്ജയ് സിങ്, ആശിഷ് കേതൻ, സത്യേന്ദ്ര ജയിൻ, രാഘവ് ചാധ, ദുർഗേഷ് പഥക് തുടങ്ങിയവർ നടത്തിയ യാത്രകളെക്കുറിച്ചാണ് കപിൽ മിശ്ര ചോദ്യമുയർത്തുന്നത്. തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മൽസരിക്കാൻ കേജ്‌രിവാളിനെ വെല്ലുവിളിച്ച് കപിൽ മിശ്ര കഴിഞ്ഞ ദിവസം മറ്റൊരു തുറന്ന കത്തും പോസ്റ്റ് ചെയ്തിരുന്നു. ജനപിന്തുണയുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനായിരുന്നു മിശ്രയുടെ വെല്ലുവിളി.

കേജ്‌രിവാൾ സർക്കാരിൽ ജലവിഭവവകുപ്പു മന്ത്രിയായിരുന്ന കപിൽ മിശ്രയെ, വകുപ്പു കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ഇതിനു പിന്നാലെ, മന്ത്രി സത്യേന്ദ്ര ജയിനിൽനിന്ന് അരവിന്ദ് കേജ്‌രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നതു താൻ കണ്ടെന്ന് വ്യക്തമാക്കി കപിൽ മിശ്ര രംഗത്തെത്തിയിരുന്നു.

മിശ്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയത് എഎപിയെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെ മിശ്രയെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.