- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊതുപ്രവർത്തനത്തിലെ സംഭാവന രാജ്യം തിരിച്ചറിഞ്ഞു; എന്നിട്ടും കോൺഗ്രസിന് ഗുലാം നബി ആസാദിന്റെ സേവനം വേണ്ട; വിരോധാഭാസം'; പാർട്ടി നേതൃത്വത്തെ വിമർശിച്ച് കപിൽ സിബൽ; ഗുലാമിനെ അഭിനന്ദിച്ച് ശശി തരൂരും
ന്യൂഡൽഹി: പത്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ കോൺഗ്രസിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ പിന്തുണയുമായി കപിൽ സിബലും ശശി തരൂരും. കോൺഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമർശനമാണ് കപിൽ സിബലിന്റെ ട്വീറ്റ്.
ഗുലാം നബി ആസാദിന്റെ പൊതുരംഗത്തെ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് കപിൽ സിബൽ വിമർശിച്ചു. ഗുലാം നബി ആസാദിന് പത്മഭുഷൺ ലഭിച്ചതിനെ അഭിനന്ദിച്ച് കുറിച്ച് ട്വീറ്റിലാണ് കപിൽ സിബലിന്റെ പരാമർശം.
'പൊതുജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെ രാജ്യം ആദരിക്കുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്,' - എന്നാണ് കപിൽ സിബൽ ട്വീറ്റ് ചെയ്തത്.
കോൺഗ്രസ് നേതൃത്വത്തെയും സംഘടനാ സംവിധാനത്തെയും ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23അംഗ (ജി 23) കോൺഗ്രസ് നേതാക്കളിൽ കപിൽ സിബലും മുതിർന്ന കോണഗ്രസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദും ഉൾപ്പെടുന്നു. പൊതു സമൂഹത്തിനു നൽകിയ സംഭാവനകൾക്കാണ് ഗുലാം നബി ആസാദിനെ രാജ്യം പത്മഭുഷൺ നൽകി ആദരിച്ചത്.
കപിൽ സിബലിനു പിന്നാലെ ജി 23 അംഗങ്ങളിൽ ഒരാളായ ശശി തരൂരും ഗുലാം നബി ആസാദിന് അഭിനന്ദനവുമായി രംഗത്തെത്തി. എതിർ ചേരിയിലുള്ള ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ പൊതുസേവേനത്തിന് ഒരാൾ അംഗീകരിക്കപ്പെടുക എന്നു പറയുന്നത് വളരെയധികം അഭിനന്ദനമർഹിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗുലാം നബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. സിപിഎം പിബി അംഗവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നുവെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ഉയർത്തുന്ന നിലപാട്. ബിജെപി സർക്കാർ നൽകിയ പത്മഭൂഷൺ പുരസ്‌ക്കാരം സ്വീകരിച്ചത് കശ്മീർ പുനഃസംഘടനക്കെതിരായ കോൺഗ്രസ് പാർട്ടി നിലപാടിനെ ദുർബലപ്പെടുത്തുന്ന തീരുമാനമാണെന്ന് നേതാക്കൾ പ്രതികരിക്കുന്നു.
ഗുലാം നബി ആസാദ് പത്മഭൂഷൻ സ്വീകരിച്ചതിൽ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തുവന്നിരുന്നു. പത്മഭൂഷൺ നിരസിച്ച സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണു പരാമർശം. ബുദ്ധദേവ് ചെയ്തത് ശരിയായ കാര്യം. ആസാദ് (സ്വതന്ത്രൻ) ആകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്, ഗുലാം (സേവകൻ) ആകാനല്ല ജയ്‌റാം രമേഷ് കുറിച്ചു.
പത്മപുരസ്‌കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. 'He wants to be Azad not Ghulam'എന്നതായിരുന്നു ട്വീറ്റ്.
പ്രതിപക്ഷ നിരയിലെ പ്രധാനികളായ ഗുലാം നബി ആസാദിനും ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൻ പുരസ്‌ക്കാരമാണ് ലഭിച്ചത്. പുരസ്‌ക്കാരപ്രഖ്യാപനത്തിന് പിന്നാലെ പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് ഭട്ടാചാര്യ അറിയിച്ചു. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന സംഗീതജ്ഞ സന്ധ്യ മുഖോപാധ്യായയും പത്മശ്രീ പുരസ്‌കാരം നിരസിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്