ന്യൂഡൽഹി: ടുജി കേസിൽ ഒരു തെളിവും ഹാജരാക്കാൻ പ്രൊസിക്യൂഷന് ആയില്ലെന്ന് വ്യക്തമാക്കി കേസ് സിബിഐ കോടതി തള്ളിയതോടെ കോൺഗ്രസും പ്രതിസ്ഥാനത്തുണ്ടായിരുന്ന ഡിഎംകെയും വലിയ ആവേശത്തിലാണ്.

കേസ് കോടതി വിധിയോടെ മുൻ സിഎജി (കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) വിനോദ് റായിയും പ്രതിപക്ഷത്തിരുന്ന ബിജെപിയും രാജ്യത്തോട് മാപ്പ് പറയാൻ തയാറാകണമെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ പറഞ്ഞു. ആരോപണം ഉയർന്നപ്പോൾ മുതൽ താൻ പറഞ്ഞ കാര്യമാണ് കോടതി കണ്ടെത്തിയത്. തെളിവില്ലാതെ പുകമറയിൽ നിന്ന് രാഷ്ട്രീയ എതിരാളികൾ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും സിബിൽ ആരോപിച്ചു. 

കോൺഗ്രസിനെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്താനായിരുന്നു ശ്രമം. 2008-ൽ കേന്ദ്ര സർക്കാർ നൽകിയ 122 സ്‌പെക്ട്രം ലൈസൻസുകൾ ആരോപണങ്ങളെ തുടർന്ന് 2012-ൽ സുപ്രീംകോടതി റദ്ദാക്കിയ വിധിയും തെറ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ടെലികോം മേഖലയെ പിന്നോട്ടടിക്കാനാണ് വിനോദ് റായിയിയും പ്രതിപക്ഷത്തിരുന്ന ബിജെപിയും ശ്രമിച്ചതെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.