കാസർഗോഡ്: ഉപ്പളയിലെ ഗുണ്ടാ തലവൻ കാലിയാ റഫീഖിനെതിരെ ഒടുവിൽ കാപ്പ ചുമത്തി. രണ്ടു കൊലക്കേസും നിരവധി വധശ്രമക്കേസും ഉൾപ്പെടെ 23 കേസുകളാണ് കാലിയാ റഫീക്കിനെതിരായി ഉള്ളത്.

2005 മുതൽ 23 കേസുകളിൽ പ്രതിയായ കാലിയാ റഫീഖ് ഉപ്പളയിലെ മുത്തലീബിനെ വെടിവച്ചു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. നിരവധി പിടിച്ചു പറി ക്കേസുകളും കഞ്ചാവുൾപ്പെടെ സാമൂഹ്യ വിരുദ്ധ നടപടിയും റഫീഖിന്റെ പേരിലുണ്ട്. 44 കാരനായ കാലിയാ റഫീഖ് ഗുണ്ടാ പ്രവർത്തനമാരംഭിച്ചിട്ട് താണ് രണ്ട് ദശകങ്ങൾ കഴിഞ്ഞു. കാലിയാ റഫീഖിന്റേയും മറ്റൊരു ഗുണ്ടയും എതിരാളിയുമായ കസായി അലി.യുടേയും പ്രവർത്തനങ്ങൾ കേരളാ കർണ്ണാടക അതിർത്തി ഗ്രാമമായ ഉപ്പളയിലും മഞ്ചേശ്വരത്തും ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നു.

ജയിലിൽ ശിക്ഷയിൽ കഴിയുന്ന ഒരു പ്രതിക്ക് നേരെ കാപ്പ ചുമത്താൻ വ്യവസ്ഥയില്ല. കഴിഞ്ഞ രണ്ട് വർഷമായി കാലിയാ റഫീഖ് വധക്കേസ്പ്രതിയെന്ന പേരിൽ കണ്ണൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഉടൻ ഉപ്പളയിൽവച്ച് എതിരാളിയായ
കസായി അലിയുമായി ഏറ്റു മുട്ടൽ നടന്നു. ഇരു ഗുണ്ടാ സംഘങ്ങളും നടത്തിയ വെടിവെപ്പിൽ കാറുകൾ തകർന്നു. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഉടൻ തന്ത്രപരമായി കാപ്പ ചുമത്താൻ ജില്ലാ പൊലീസ് മേധാവി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയായതോടെ കണ്ണൂർ ജയിലിൽ റിമാന്റിൽ കഴിയുന്ന റഫീഖിനെതിരെ കാപ്പ ചുമത്തുകയായിരുന്നു. മഞ്ചേശ്വരം എസ്.ഐ. കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കാലിയാ റഫീഖിനെതിരെ കാപ്പ ചുമത്തിയ കാര്യം അറിയിച്ചിട്ടുണ്ട്.

1994 ൽ കേരളത്തിൽ ചാരായ നിരോധനം വന്നതോടെയാണ് കർണ്ണാടക അതിർത്തി കേന്ദ്രീകരിച്ച മാഫിയാ സംഘങ്ങളും ചാരായം കടത്തു സംഘങ്ങളും സജീവമായത്. 22 വർഷം മുമ്പ് കാലിയാ റഫീഖിന് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇത്തരം പ്രവർത്തനം വഴി പണം സമ്പാദിച്ച റഫീഖ് വൻ തോതിൽ മണൽ, കോഴി, എന്നീ കടത്തു സംഘങ്ങളെ നയിക്കുന്ന തലവനായി മാറുകയായിരുന്നു. കേരള കർണ്ണാടക അതിർത്തിയായ തലപ്പാടി ചെക്കുപോസ്റ്റ് അന്ന് കാര്യക്ഷമമല്ലായിരുന്നു. ഇന്നും സ്ഥിതി മെച്ചപ്പെട്ടില്ല. ശക്തമല്ലാത്ത ചെക്കു പോസ്റ്റ് വഴി അനധികൃത കടത്തുകൾ നിർബ്ബാദം തുടരുകയാണ്.

കർണ്ണാടകത്തിൽ നിന്നും കേരളത്തിൽ കടക്കാനുള്ള 28 വഴികൾ ഇന്നും തുറന്ന് കിടപ്പുണ്ട്. ഇതെല്ലാം അനധികൃത കടത്തിന് സഹായകമാണ്. അതുവഴി ഗുണ്ടാ കടത്ത് സംഘങ്ങളും പെരുകി വരികയാണ്. യഥേഷ്ടം പണവും എന്തും കടത്താനുള്ള തന്റേടവും ഗുണ്ടകളേയും മാഫിയകളേയും വളർത്തി. അതോടെ മംഗലാപുരത്തെ അധോലോക സംഘങ്ങളുമായുള്ള ബന്ധത്തിൽ അപകടമുണ്ടാക്കുന്ന എല്ലാ ചലനങ്ങളും കേരളത്തിന്റെ ഭാഗമായ കാസർഗോഡും പ്രകടമായി.

അതാണ് ഉപ്പളയിൽ കാലിയാ റഫീഖിന്റേയും കസായി അലിയുടേയും സംഘങ്ങളുടെ ഏറ്റുമുട്ടലിന് കാരണം. കാലിയാ റഫീഖിന് പിന്നാലെ കസായി അലിക്കും കാപ്പ ചുമത്താനുള്ള നടപടി പൂർത്തിയായി വരികയാണ്.