- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശാന്തിനി ഉറച്ച നിലപാട് എടുത്തതോടെ നിസാമിന് മേൽ കാപ്പ ചുമത്തപ്പെട്ടേക്കും; പുതിയ റിപ്പോർട്ടിൽ കളക്ടർ ഈ ആഴ്ച ഒപ്പു വയ്ക്കും
തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരേ ഗുണ്ടാനിയമം (കാപ്പ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് ) ചുമത്തും. തൃശൂർ എസ്‌പിയായി നിശാന്തിനി ചുമതലയേറ്റതാണ് ഇതിന് കാരണം. ഒപ്പം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലും കാരണമായി. നേരത്തെ നിസാമിനെതിരെ കാ്പ്പ ചുമത്താൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിഗമനം. ജ
തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരേ ഗുണ്ടാനിയമം (കാപ്പ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് ) ചുമത്തും. തൃശൂർ എസ്‌പിയായി നിശാന്തിനി ചുമതലയേറ്റതാണ് ഇതിന് കാരണം. ഒപ്പം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലും കാരണമായി. നേരത്തെ നിസാമിനെതിരെ കാ്പ്പ ചുമത്താൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിഗമനം. ജേക്കബ് ജോബിന് പകരം നിശാന്തിനി എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
നിസാമിനെതിരെ കാപ്പ ചുമത്തുന്നതിന്റെ നടപടികൾ പൂർത്തിയാകുന്നു. ഇതിന്റെ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്ന് കളക്ടർ എം.എസ്. ജയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ നിസാമിന് ചന്ദ്രബോസ് കൊലക്കേസിലെ വിചാരണ തീരും വരെ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഉറപ്പായി.
ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കളക്ടർക്കാണ് കാപ്പ ചുമത്താൻ ഉത്തരവിടാനുള്ള അധികാരം. കേസിലെ ഒൻപത് സാക്ഷികളുടെ മൊഴിയും നിസാമിന് ആഡംബര വാഹനങ്ങൾ നൽകിയവരുടെ മൊഴിയും രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കാപ്പ ചുമത്തുന്ന നടപടികൾ പൊലീസ് പൂർത്തിയാക്കുന്നത്. ചന്ദ്രബോസ് വധത്തിന് പുറമേ ബാംഗ്ലൂർ പൊലീസിലുള്ള വധശ്രമം, സാമ്പത്തിക തിരിമറി തുടങ്ങിയ കേസുകൾ റിപ്പോർട്ടിലുണ്ട്. നിസാമിനെതിരേ കാപ്പ ചുമത്താൻ ആഭ്യന്തരമന്ത്രിയും കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാം ഉന്നത രാഷ്ട്രീയനേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉപയോഗിച്ച് പലതും ഒത്തുതീർപ്പാക്കിയിരുന്നു. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതി സമൂഹത്തിനു ഭീഷണിയാണെങ്കിൽ കാപ്പ ചുമത്താമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് കമ്മീഷണർ പുതിയ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുന്നത്.
ബംഗളുരു സ്വദേശിയായ ഒരു മോഡലിനെ മാനഭംഗപ്പെടുത്തിയ കേസും നിസാമിനെതിരെ നിലവിലുണ്ട്. ഏഴു വർഷത്തിനുള്ളിലുള്ള കേസുകളാണ് കാപ്പ ചുമത്താൻ പരിഗണിക്കുന്നത്. അഞ്ചുവർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണമെന്നും അല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണയിൽ ഉണ്ടായിരിക്കണമെന്നും നിബന്ധനകളുണ്ട്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന കണ്ടെത്തലാണ് നിസാമിനെ കാപ്പയിൽ കുടുക്കിയത്.
അതിനിടെ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ശാസ്ത്രീയ പരിശോധനാ ഫലം കുറ്റമറ്റതാക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. ദൃക്‌സാക്ഷികൾ കൂറുമാറിയാലും ഫോറൻസിക് പരിശോധനാ ഫലം പ്രതിഭാഗത്തിനെതിരേയുള്ള സുപ്രധാന തെളിവുകളാക്കി മാറ്റാനാണു ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. കൊക്കെയിൻ കേസിൽ കെമിക്കൽ എക്‌സാമിനേഷൻ ലാബിൽ നടത്തിയ രാസപരിശോധന ഫലം സംബന്ധിച്ചുള്ള വിവാദം നിലനിൽക്കവെയാണ് ഫോറൻസിക് പരിശോധനയുടെ കൃത്യത മറ്റു കേസുകൾക്കു കൂടി മാതൃകയാവുന്ന രീതിയിൽ വേണമെന്നു തീരുമാനിച്ചത്.
പൊലീസ് അട്ടിമറി നടത്തുന്നുണ്ടെന്ന ആരോപണത്തിനു ശാസ്ത്രീയ പരിശോധനയിലൂടെ മറുപടി നൽകാനാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്. തെളിവുകൾ ശേഖരിക്കുന്നതിന്റേയും അവ പരിശോധിച്ചു റിപ്പോർട്ടു തയാറാക്കുന്നതിന്റേയും പ്രധാന്യത്തെ കുറിച്ചു വ്യക്തമാക്കാൻ ഡി.ജി.പി. നേരിട്ട് രംഗത്തെത്തിയിരുന്നു. ഡി.ജി.പി.യുടെ നിർദേശ പ്രകാരം ഫോറൻസിക് വിദഗ്ധ സംഘവും തൃശൂർ സിറ്റി പൊലീസ് കമ്മിഷണറും കഴിഞ്ഞ ദിവസം യോഗവും ചേർന്നു.
ഫോറൻസിക് വിഭാഗം, മോട്ടോർ വാഹനവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നായി നിർണായക തെളിവുകൾ ശേഖരിച്ച ശേഷം പഴുതടച്ച കുറ്റപത്രം തയാറാക്കാനാണു നിർദേശിച്ചരിക്കുന്നത് . കുറ്റകൃത്യത്തിൽ നിസാമിന്റെ പങ്ക് വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനാ തെളിവുകൾ ഫോറൻസിക് വിദഗ്ദ്ധർ ശേഖരിച്ചിട്ടുണ്ട്. നിസാമിനെതിരേ പത്തിലേറെ തെളിവുകളാണു ഫോറൻസിക് വിദഗ്ദ്ധർ ശേഖരിച്ചത്. ഇതു തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്കു വിധേയമാക്കി വിശദമായ റിപ്പോർട്ട് തയാറാക്കും.
പരിശോധനാ ഫലം നേരിട്ട് കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിന്റെ പകർപ്പു മാത്രമേ പൊലീസിനു കൈമാറുകയുള്ളൂ. അതേസമയം ഫോറൻസിക് പരിശോധനാ ഫലം സംബന്ധിച്ചു രഹസ്യ സ്വഭാവം നിലനിർത്തുന്നുണ്ട്. പരിശോധനാ ഫലത്തിന്മേൽ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു വിധത്തിലുള്ള ചർച്ചയും ഫോറൻസിക് വിദഗ്ദ്ധർ നടത്തില്ല.