തിരുവനന്തപുരം: ചാക്കയ്ക്കു സമീപം ബൈക്കിൽ പോയ കൊലക്കേസ് പ്രതിയെ അർധരാത്രി കാറിടിപ്പിച്ചു കൊലപ്പെടുത്തി. 2014ൽ തലസ്ഥാനത്ത് കാരാളി അനൂപ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ചാക്ക കാരാളി വയ്യാമൂല സ്വദേശി സുമേഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 3 പേരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ സുമേഷിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പാങ്ങോട് കുട്ടത്തികരിക്കകം പൂവക്കോട് വീട്ടിൽ റജി (28), പാങ്ങോട് ഷൈമ മൻസിലിൽ നിഹാസ് (27), മാറനല്ലൂർ അരുമാളൂർ കടയറവിള പുത്തൻവീട്ടിൽ ഷമീം (24) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച അർധരാത്രിയോടെ ചാക്ക ബൈപ്പാസിന്റെ സർവീസ് റോഡിലാണ് സുമേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിനു പിന്നിൽ കാറിടിച്ച് അപകടമുണ്ടായത്. ബാറിൽവെച്ചുണ്ടായ തർക്കത്തെത്തുടർന്ന് മനഃപൂർവം വാഹനമിടിപ്പിക്കുകയായിരുന്നുവെന്നാണ് സംശയം. സുമേഷും സൂരജും ചാക്കയ്ക്കു സമീപത്തെ ഒരു ബാറിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെവെച്ച് റജി, നിഹാസ്, ഷമീം എന്നിവരുമായി തർക്കമുണ്ടായി. പിന്നീട് ഇരുസംഘങ്ങളും മടങ്ങുകയും ചെയ്തു. ബാറിൽനിന്നിറങ്ങി സൂരജിനെ വള്ളക്കടവിലെ വീട്ടിലെത്തിക്കാൻ ബൈക്കിൽ പോകവേയാണ് അതിവേഗത്തിലെത്തിയ കാർ പിന്നിൽനിന്ന് ഇടിച്ചത്. തുടർന്ന് വഞ്ചിയൂർ പൊലീസെത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സൂരജിന്റെ മൊഴിയാണ് നിർണ്ണായകമായത്. സുമേഷും സൂരജും ബാറിൽനിന്ന് ഇറങ്ങുന്നതിനു മുൻപ് എതിർസംഘം പുറത്തിറങ്ങി സുമേഷിനെ കാത്തുനിന്നു. സുമേഷ് ഇറങ്ങി സൂരജുമായി ബൈക്കിൽ വള്ളക്കടവ് ഭാഗത്തേക്കു പോകവേ കാർ പിന്നിൽനിന്ന് ഇടിച്ചുതെറിപ്പിച്ച് കടന്നുപോവുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചു. പരിക്കേറ്റ സൂരജും ഇവരെക്കുറിച്ച് മൊഴിനൽകിയിരുന്നു. ഇതുവെച്ചുള്ള അന്വേഷണത്തിലാണ് കാറിൽ സഞ്ചരിച്ചവർ പിടിയിലായത്. പിടിയിലായവർക്ക് പെറ്റിക്കേസുകൾ മാത്രമേ നിലവിലുള്ളൂ. ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്.

കാരാളി അനൂപ് വധക്കേസ് വിചാരണ ആരംഭിക്കാനിരിക്കെയാണ് സുമേഷ് കൊല്ലപ്പെട്ടത്. രാത്രി 12.40 ന് ചാക്കയ്ക്കു സമീപം സർവീസ് റോഡിലായിരുന്നു അപകടം. സൂരജിനെ വള്ളക്കടവിലെ വീട്ടിലാക്കാൻ പോകവേ അതിവേഗത്തിൽ പിന്തുടർന്ന കാർ ബൈക്കിനു പിന്നിൽ ഇടിച്ച് ഇരുവരെയും തെറിപ്പിക്കുകയായിരുന്നു. ദൂരേക്കു തെറിച്ചു വീണ ഇരുവരെയും വഞ്ചിയൂർ പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്ക് സുമേഷ് മരിച്ചു. ആദ്യം അപകടമെന്ന് കണക്കുകൂട്ടിയ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. റജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് കാറിലുണ്ടായിരുന്നവരെ കണ്ടെത്തി. ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

കാരാളി അനൂപിനെ കൊലപ്പെടുത്തിയതും മദ്യലഹരിയിൽ ആയിരുന്നു. അന്ന് പത്തംഗ സംഘമാണ് അനൂപിനെ കൊലപ്പെടുത്തിയത്. ഈ സംഘത്തിൽ പെട്ട ആനയറ വിപിൻ 2019ൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം വാഹനപകടത്തിലേക്ക് നയിച്ചോ എന്നത് വഞ്ചിയൂർ പൊലീസ് അന്വേഷിച്ചു വരികയാണ്. 2014 ജൂലായിലാണ് കാരാളി അനൂപിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയായിരുന്ന വിപിനെ ചാക്കയിലെ ഗുണ്ടാസംഘം വെട്ടിക്കൊന്നിരുന്നു. പത്തോളം കേസിലെ പ്രതിയായിരുന്നു വിപിനും.

കൊച്ചുകുട്ടൻ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. അതേ സംഘത്തിൽ പെട്ടയാളാണ് സുമേഷും. അതുകൊണ്ട് കൂടിയാണ് ഗൂണ്ടാ സംഘത്തിന്റെ കുടിപ്പക സംശയത്തിലേക്കും സംശയം നീളുന്നത്. താഴശ്ശേരി വയലിൽ വീട്ടിൽ കൊച്ചുകുട്ടൻ എന്ന വിപിൻ ആനയറയിൽ ഭീതി പടർത്തിയിരുന്ന ക്രിമിനലാണ്. അനൂപിന്റെ തലയിൽ കരിങ്കൽകൊണ്ട് ഇടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. പേട്ട, ചാക്ക, കാരാളി, താഴശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ കൊലപാതകം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട വിപിൻ. അനൂപ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാളെ പൊലീസ് കരുതൽതടങ്കലിലും പാർപ്പിച്ചിട്ടുണ്ട്.

2019ൽ ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ശേഷമാണ് ആറംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഒരു മണിക്കാണ് സംഭവം. ചാക്ക സ്വദേശിയായ മുരുകനും വിപിനും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കാരാളി അനൂപ്വധക്കേസിലെ നാല് പ്രതികൾക്ക് ഒരു വർഷത്തിന് ശേഷം ജാമ്യം കിട്ടിയത് ഏറെ വിവാദമായിരുന്നു. അനൂപ് കൊലക്കേസിൽ വിചാരണ നേരിടാനിരിക്കേയണ് സുമേഷും കൊല്ലപ്പെടുന്നത്. സുമേഷിനെ കൊലപ്പെടുത്തിയവർക്ക് അനൂപുമായി ബന്ധപ്പമുണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്.