- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരമനയിൽ ലഹരിക്കച്ചവടം പൊടിപൊടിച്ചത് ടാറ്റു പാർലറിന്റെ മറവിൽ; അറസ്റ്റിലായ യുവാക്കൾ വൻ ശൃംഖലയിലെ കണ്ണികൾ; പൊലീസിന് നേരെ വെടിവച്ചത് എയർഗൺ ഉപയോഗിച്ചത്; ഹോട്ടൽമുറിയിൽ തങ്ങിയത് നാർക്കോട്ടിക് ഡീലിന്; എംഡിഎംഎയുടെ വരവും വിശദമായി അന്വേഷിക്കും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കരമനയിൽ ലഹരിവസ്തുക്കളും തോക്കുകളുമായി അറസ്റ്റിലായ യുവാക്കൾ വൻ ശൃംഖലയിലെ കണ്ണികളെന്ന് പൊലീസ്. ടാറ്റു ആർട്ടിസ്റ്റുകളായ ഇവർ ടാറ്റു പാർലറിന്റെ മറവിൽ ലഹരികച്ചവടം നടത്തുന്നവരാണ്. പൊലീസിന് നേരെ വെടിവച്ചത് എയർഗൺ ഉപയോഗിച്ചാണെന്നും കരമന പൊലീസ് പറഞ്ഞു.
ഇന്നലെ കരമന കിള്ളിപ്പാലത്തെ ഒരു ലോഡ്ജിൽ നിന്നാണ് ആയുധങ്ങളും ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കളെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കാട് സ്വദേശി രജീഷും പ്രായപൂർത്തിയാകാത്ത മറ്റൊരു യുവാവുമാണ് പിടിയിലായത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ പൊലീസ് വരുന്നത് കണ്ട് പൊലീസിനുനേരെ നാടൻ പടക്കെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് റൂമിൽ നിന്നും അഞ്ച് കിലോയോളം കഞ്ചാവ്, രണ്ട് ഗ്രാം എംഡിഎംഎ, രണ്ടു പെല്ലറ്റ് ഗൺ, ഒരു ലൈറ്റർ ഗൺ, രണ്ടു വെട്ടുകത്തി, അഞ്ച് മൊബൈൽ ഫോൺ എന്നിവയും കണ്ടെത്തിയിട്ടുണ്ട്
രഹസ്യവിവരത്തെ തുടർന്നാണ് നാർക്കോട്ടിക് സെൽ എസിപി ഷീൻ തറയിലിന്റെയും ഫോർട്ട് എസിപി ഷാജിയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ലോഡ്ജിൽ തിരച്ചിൽ നടത്തിയത്. ഓടിരക്ഷപ്പെട്ടവർ ഇന്ന് തന്നെ പൊലീസ് പിടിയിലാകുമെന്നും സൂചനകളുണ്ട്. ലോഡ്ജിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തന്നെ വീടുകളുള്ള ഇവർ എന്തിന് വേണ്ടിയാണ് ലോഡ്ജിൽ മുറിയെടുത്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നാർക്കോട്ടിക് ഡീലായിരുന്നു ഉദ്ദേശമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഇവർ നഗരത്തിലെ വൻകിട കഞ്ചാവ് - ക്വട്ടേഷൻ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. രജീഷിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്.
രക്ഷപ്പെട്ട പ്രതികളിൽ ഒരാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനിടെ പുറത്ത് വന്നു. ടൈൽസ് പാകിയ ഇടറോഡിലൂടെ ഷർട്ട് ധരിക്കാതെ ഓടുന്ന ഇയാൾ ഒരു കടയിൽ ഒളിക്കാൻ ശ്രമിക്കുന്നതും സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതും അവിടന്ന് വീണ്ടും ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
പേരൂർക്കടയ്ക്ക് പോകണമെന്ന് പറഞ്ഞപ്പോൾ അസ്വാഭാവികത തോന്നിയതിനാലാണ് ഓട്ടോറിക്ഷയിൽ കയറ്റാത്തതെന്ന് ഡ്രൈവർമാർ പിന്നീട് പറഞ്ഞു.
രക്ഷപ്പെട്ടവർക്കായി നഗരത്തിലും നെടുമങ്ങാട്നെ, നെയ്യാറ്റിൻകര ഭാഗത്തും തെരച്ചിൽ നടത്തുകയാണ്. ഇതിൽ ഒരാൾ ബാലരാമപുരം സ്വദേശിയെന്നാണ് വിവരം. ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കരമന പൊലീസ് പറഞ്ഞു.
ന്യൂജെൻ ലഹരി മരുന്നായ എംഡിഎംഎ ഇവരുടെ കൈകളിലെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുമായി ഡീലുറപ്പിക്കാൻ എത്തേണ്ടിയിരുന്ന ആവശ്യക്കാരിലേയ്ക്കും അന്വേഷണം നീളും. പാർട്ടി ഡ്രഗ് എന്ന് അറിയപ്പെടുന്ന എംഡിഎംഎ വളരെ വിലയേറിയ ലഹരിമരുന്നാണ്. കേരളത്തിലും എംഡിഎംഎ വ്യാപകമാകുന്നത് ആശങ്കയോടെയാണ് പൊലീസ് കാണുന്നത്.
സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന എംഡിഎംഎ. ചികിത്സാരംഗത്ത് ഉപയോഗിക്കുന്നതിനു പോലും അംഗീകാരം ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം 4 മുതൽ 6 മണിക്കൂർ വരെ ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ഗോവ, ബാഗ്ലൂർ, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്ഗുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളിൽ നിന്ന് ചെറിയ തുകക്ക് വലിയ അളവിൽ ലഹരിമരുന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് വൻവിലയ്ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്. പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ട്.
ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും. ഇത്തരം ലഹരി വസ്തുക്കൾ കുറഞ്ഞ അളവിൽ പോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്.
പെൺകുട്ടികളെയും പ്രായപൂർത്തിയാകാത്ത യുവാക്കളെയുമാണ് ഇവർ കൂടുതലും ലക്ഷ്യമിടുന്നത്. ലോഡ്ജിൽ നിന്നും ഓടിരക്ഷപ്പെട്ടതിലും ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന് പൊലീസ് സംശയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ