തൃശ്ശൂർ: ദുൽഖർ സൽമാനും ഇർഫാൻ ഖാനും ഷൂട്ടിങ് സെറ്റിൽ വിശ്രമിക്കാൻ നൽകിയ കരാവനുകൾ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു. നിയമ വിരുദ്ധമായി നൽകിയ കരാവനുകളാണ് പിടിച്ചെടുത്തത്. 33000 രൂപ നികുതിയും 8000 രൂപ പിഴയും ചുമത്തി. കൊരട്ടിയിൽ നടക്കുന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്.

ദുൽഖർ സൽമാനും ഇർഫാൻഖാനും വേണ്ടി നിർമ്മാതാക്കൾ എത്തിച്ച കാരവനുകളാണ് ചിത്രീകരണസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. സ്വകാര്യവാഹനങ്ങൾ വാടകയ്ക്ക് നൽകിയതായി കണ്ടതിനെത്തുടർന്നാണ് നടപടി. ഒരെണ്ണം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ്. ഇതിന് 33000 രൂപ നികുതിയും 4000 രൂപ പിഴയും ചുമത്തി. കേരള രജിസ്‌ട്രേഷനിലുള്ള കാരവന് 4000 രൂപയാണ് പിഴയിട്ടത്. രണ്ടുമാസംമുമ്പ് കൊച്ചിയിൽ മോട്ടോർ വാഹനവകുപ്പ് പിഴചുമത്തിയ കാരവൻ തന്നെയാണ് വീണ്ടും നിയമലംഘനം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തൃശ്ശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എ.എം. സിദ്ദിഖ്, ബിനോയ് വർഗീസ് എന്നിവരാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. പിഴ ഈടാക്കിയശേഷം കാരവനുകൾ വിട്ടുനൽകി.