കണ്ണൂർ: കാരായിമാർ രണ്ടു പേരും ജയിച്ചു കയറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐ(എം) ഉയർത്തികാട്ടിയ കാരായി രാജൻ പാട്യം ഡിവിഷനിൽ നിന്ന് വൻ വിജയം നേടി. തല്ലശ്ശേരി മുനിസിപ്പാലിറ്റിയിൽ കാരായി ചന്ദ്രശേഖരനും ജയിച്ചു. ഇതോടെ ക്രിമിനൽ കേസുകളിൽ പ്രതിയായി ജാമ്യത്തിലറങ്ങിയ രണ്ട് പേരും ജയിച്ചതോടെ സിപിഐ(എം) ആഹ്ലാദത്തിലുമായി. ജാമ്യവ്യവസ്ഥ പ്രകാരം കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കാരായിമാർക്ക് പ്രവേശിക്കാൻ കോടതി അനുമതി നൽകിയത്. ഫസൽ വധക്കേസിലെ പ്രതികൾക്ക് ലഭിച്ച ജനകീയ അംഗീകാരം ജാമ്യവ്യവസ്ഥകളിൽ മാറ്റമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ജില്ലാ പഞ്ചായത്തിലേക്ക് വൻ ഭൂരിപക്ഷത്തിലാണ് കാരായി രാജന്റെ വിജയം. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പ്രവർത്തിക്കെയാണ് കാരായി കേസിൽ പ്രതിയായത്. കോടതിയുടെ അനുകൂല വിധി വന്നാൽ ജില്ലാ പഞ്ചായത്തും തലശ്ശേരി മുനിസിപ്പാലിറ്റിയും കാരായിമാർ ഭരിക്കും. അതിനുള്ള ശ്രമങ്ങളിലേക്ക് സിപിഐ(എം) ഉടൻ കടക്കും.

സിപിഎമ്മിലെ ഒരുവിഭാഗം പ്രവർത്തകർ അടക്കമുള്ളവരുടെ എതിർപ്പ് അവഗണിച്ചാണ് കാരായി മാരെ സ്ഥാനാർത്ഥികളാക്കിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇവർക്ക് ജാമ്യം നൽകിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുവേണ്ടി ജില്ലയിൽ പ്രവേശിക്കാൻ പിന്നീട് കോടതി അനുമതി നൽകി. വോട്ട് ചെയ്യാനും എത്തി. വാട്‌സ് ആപ്പിലൂടെ എറണാകുളത്തിരുന്നായിരുന്നു വോട്ട് പിടിത്തം. ഇതോടെ കണ്ണൂരിൽ അക്രമ രാഷ്ട്രീയം ചർച്ചയാക്കാനും ശ്രമം നടന്നു.

എന്നാൽ വി എസ് അച്യൂതാനന്ദൻ കാരായിമാരുടെ കാര്യത്തിൽ പ്രതികരിച്ചില്ല. ഇതോടെ ഈ വിഷയം മുതലെടുക്കാനുള്ള നീക്കം പൊളിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതോടെ വിവാദങ്ങളും തീരും.