- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരായിമാരുടെ പേരിൽ കണ്ണൂരിൽ കടുത്ത ഭരണപ്രതിസന്ധി; ഫയലുകളുമായി കൊച്ചിയിലേക്ക് വണ്ടി കയറേണ്ടി വരുന്നതിൽ ഉദ്യോഗസ്ഥർക്ക് കടുത്ത അമർഷം; പുതിയ അധ്യക്ഷന്മാരെ കണ്ടെത്തേണ്ടി വരും; അവസരം മുതലാക്കി യുഡിഎഫ് പ്രക്ഷോഭത്തിൽ
കണ്ണൂർ: കാരായിമാരെ ചുറ്റിപ്പറ്റി കണ്ണൂർ രാഷ്ട്രീയം വീണ്ടും വിവാദത്തിലേക്ക്. അടിയന്തരസാഹചര്യം വിലയിരുത്താൻ സിപിഐ.(എം). ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നു. എൻ.ഡി.എഫ്. പ്രവർത്തകനായിരുന്ന തലശ്ശേരിയിലെ ഫസൽ വധക്കേസിൽ കാരായിമാർക്ക് ഹൈക്കോടതി എറണാകുളം ജില്ല വിടാൻ അനുമതി നിഷേധിച്ചതോടെ സിപിഐ.(എം). പ്രതിരോധത്തിലായിരിക്കയാണ്. പൊതു
കണ്ണൂർ: കാരായിമാരെ ചുറ്റിപ്പറ്റി കണ്ണൂർ രാഷ്ട്രീയം വീണ്ടും വിവാദത്തിലേക്ക്. അടിയന്തരസാഹചര്യം വിലയിരുത്താൻ സിപിഐ.(എം). ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നു. എൻ.ഡി.എഫ്. പ്രവർത്തകനായിരുന്ന തലശ്ശേരിയിലെ ഫസൽ വധക്കേസിൽ കാരായിമാർക്ക് ഹൈക്കോടതി എറണാകുളം ജില്ല വിടാൻ അനുമതി നിഷേധിച്ചതോടെ സിപിഐ.(എം). പ്രതിരോധത്തിലായിരിക്കയാണ്. പൊതുവെ നിഷ്‌ക്രിയരായ കണ്ണൂർ ജില്ലയിലെ യു.ഡി.എഫുകാർ വിഷയം ഉയർത്തിക്കാട്ടി പ്രക്ഷോഭത്തിന് തുടക്കമിടുകയും ചെയ്തു.
ഫസൽ വധക്കേസിൽ കുറ്റാരോപിതനായ കാരായി രാജന്്് ഇനി കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഹാജരാവാൻ സാധിക്കില്ല എന്നതിനാൽ ആ സ്ഥാനത്തേക്ക് മറ്റൊരാളെ നിയോഗിക്കാൻ കോടതി വിധിയോടെ സിപിഐ.(എം) നിർബന്ധിതരായിരിക്കയാണ്. നിലവിൽ ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സമരത്തിനുകൂടി ഇറങ്ങിയപ്പോൾ അതിനുള്ള സാധ്യത മാത്രമാണ് സിപിഐ.(എം) ന്റെ മുന്നിലുള്ളത്. കാരായി രാജനും ചന്ദ്രശേഖരനും ജാമ്യം നൽകുന്നത് നിഷ്പക്ഷമായ വിചാരണയെ ബാധിക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കണ്ണൂർ ജില്ലയിൽ ഇവരുടെ സ്ഥിരസാന്നിധ്യം ഫസൽ വധക്കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന സിബിഐ.യുടെ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഫസൽ വധക്കേസിലെ ഏഴാം പ്രതി കാരായി രാജനേയും എട്ടാം പ്രതി കാരായി ചന്ദ്രശേഖരനേയും മത്സരിപ്പിക്കാൻ സിപിഐ.(എം). ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പാർട്ടിക്കകത്തും ഇതിന്റെ പ്രതികരണം ഉണ്ടായി. കാരായി രാജൻ പാട്യം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരൻ ചെള്ളക്കര വാർഡിൽ നിന്നും തലശ്ശേരി നഗരസഭയിലേക്കും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പാർട്ടി നിർദ്ദേശപ്രകാരം രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനായും അധികാരമേറ്റു.
അതോടെ വിവാദങ്ങളും ശക്തമായി. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ അതിന്റെ ബലത്തിൽ ഹൈക്കോടതി കാരായിമാർക്ക് അധികാരത്തിലിരിക്കാൻ അനുമതി നൽകുമെന്നായിരുന്നു സിപിഐ.(എം)ന്റെ വിലയിരുത്തൽ. എന്നാൽ ഈ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. ഈ സ്ഥാനങ്ങളിൽ ഇരുന്ന് ജില്ലയിൽ ഭരണം തുടർന്നാൽ ന്യായവിചാരണക്ക് തടസ്സമാകുമെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. ജനവിധിയിലൂടെ കാരായിമാരെ കണ്ണൂരിലെത്തിക്കുക എന്ന തന്ത്രമാണ് ഇവിടെ പാർട്ടിക്ക് പിഴച്ചത്.
ജില്ലാ പഞ്ചായത്തിലും തലശ്ശേരി നഗരസഭയിലും പുതിയ അദ്ധ്യക്ഷന്മാരെ കണ്ടെത്തുക എന്നതാണ് ഇനി സിപിഐ.(എം)ക്കു സ്വീകരിക്കാൻ കഴിയുക. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോവുകയാണെങ്കിൽ അദ്ധ്യക്ഷന്മാരുടെ പദവികൾ ഒഴിഞ്ഞു തന്നെ കിടക്കും. അത്തരമൊരു സാഹചര്യം യു.ഡി.എഫിന് മുതലെടുക്കാൻ അവസരമുണ്ടാക്കും. ഇത് പാർട്ടിക്ക് ദോഷകരമാവുകയും ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചെയ്യാനും അധികാരമേൽക്കാനും കോടതി അനുമതി നൽകിയതു പോലെ ഭരണസൗകര്യത്തിനും യോഗത്തിനുമെത്താൻ കോടതി അനുവദിക്കുമെന്നാണ് സിപിഐ.(എം). കരുതിയത്.
ഇനി എതിരാളികൾക്ക് തടയിടാൻ ഈ രണ്ടു സ്ഥാനങ്ങളിലും അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുക എന്ന വഴിയാണ് സിപിഐ.(എം) എളുപ്പത്തിൽ സ്വീകരിക്കാനാവുക. അധ്യക്ഷന്മാർ, സഭാധ്യക്ഷന്മാർ ജില്ലക്ക് പുറത്തായതിനാൽ ഭരണപ്രതിസന്ധി ഉണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് സിപിഐ.(എം). ഹൈക്കോടതിയെ സമീപിച്ചത്. ഇതു തന്നെയാണ് യു.ഡി.എഫ്. ഇപ്പോൾ പറയുന്നതും. അതിനാൽ പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുകയാണ് സിപിഎമ്മിന്റെ മുന്നിലെ പോംവഴി.
ജില്ലാ പഞ്ചായത്തിൽ പ്രസിഡണ്ട് ഇല്ലാത്തതിനാൽ ഭരണ പ്രതിസന്ധി ഉണ്ടെന്ന് കാട്ടി യു.ഡി.എഫ് രംഗത്തിറങ്ങിയിരിക്കയാണ്. ഇതുവരെ നടന്ന അഞ്ചുയോഗങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കാരായി രാജൻ അധ്യക്ഷനായത്. പ്രസിഡണ്ട് ഇടപെടേണ്ട കാര്യങ്ങളിൽ ഭരണപ്രതിസന്ധി ഉണ്ടെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. ഇപ്പോൾ എറണാകുളത്ത് ഫയലുകൾ കൊണ്ടുപോയാണ് പ്രസിഡണ്ടിന്റെ ഒപ്പ് വാങ്ങുന്നത്. യു.ഡി.എഫ് രംഗത്തിറങ്ങിയ സാഹചര്യത്തിൽ ഡിവൈഎഫ്ഐ. ജില്ലാ പ്രസിഡണ്ട് കെ.വി.സുമേഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കാനുള്ള നിർദ്ദേശമാണ് ഉയർന്നുവന്നിട്ടുള്ളത്. സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ പരിയാരം ഹൃദയാലയിൽ ചികിത്സയിലായതിനാൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. പി.ജയരാജന്റെ അസാന്നിധ്യത്തിൽ രണ്ടു സഭകളിലേയും അധ്യക്ഷന്മാരെ ഇന്ന് കണ്ടെത്തുമെന്നാണ് സൂചന.