- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരായിമാരെ കാണാൻ അണികൾക്ക് ആഗ്രഹം; ഫേസ്ബുക്കും വാട്‌സ് ആപ്പും വിജയം നൽകുമെന്ന പ്രതീക്ഷയിൽ സിപിഐ(എം); വോട്ടടുപ്പിന് മുമ്പ് സ്ഥാനാർത്ഥികൾ പ്രചരണത്തിനിറങ്ങാൻ എത്തുമോ?
കണ്ണൂർ: വി എസ് അച്ച്യുതാനന്ദനും എ.കെ ആന്റണിയും കണ്ണൂരിൽ തെരഞ്ഞെടുപ്പ് അങ്കത്തിനായി എത്തിയെങ്കിലും അവരൊന്നുമല്ല ഇവിടെ താരങ്ങൾ. സാക്ഷാൽ കാരായിമാർ തന്നെയാണ് തെരഞ്ഞെടുപ്പ് രംഗത്തിലെ മുഖ്യ ചർച്ചാ വിഷയം. തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കും മുമ്പ്, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് തലേന്ന് . കാരായി മാരൊന്നെത്തിയെങ്കിൽ എന്ന ആഗ്രഹത്തിലാണ് പാട്യ
കണ്ണൂർ: വി എസ് അച്ച്യുതാനന്ദനും എ.കെ ആന്റണിയും കണ്ണൂരിൽ തെരഞ്ഞെടുപ്പ് അങ്കത്തിനായി എത്തിയെങ്കിലും അവരൊന്നുമല്ല ഇവിടെ താരങ്ങൾ. സാക്ഷാൽ കാരായിമാർ തന്നെയാണ് തെരഞ്ഞെടുപ്പ് രംഗത്തിലെ മുഖ്യ ചർച്ചാ വിഷയം.
തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കും മുമ്പ്, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് തലേന്ന് . കാരായി മാരൊന്നെത്തിയെങ്കിൽ എന്ന ആഗ്രഹത്തിലാണ് പാട്യത്തേയും തലശ്ശേരിയിലേയും അണികൾ. നാമനിർദേശ പത്രിക സമർപ്പിക്കും മുമ്പ് സിപിഐ.(എം). ജില്ലാ കമ്മിറ്റിയിൽ കാരായി രാജന്റെ സ്ഥാനാർത്ഥിത്വം ചർച്ചാ വിഷയമായിരുന്നുവെങ്കിൽ പത്രികാസമർപ്പണം അതിലേറെ ശ്രദ്ധേയമായി. എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി അനുമതിയോടെയാണ് കൊലക്കേസ് പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും പത്രികാ സമർപ്പണത്തിന് എത്തിയത്. പത്രിക സമർപ്പിച്ച് അടുത്ത ദിവസം തന്നെ അവർ എറണാകുളത്തേക്ക് തിരിക്കുകയും ചെയ്തു. നവംബർ 2 ാം തീയ്യതിയാണ് കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് ഒരു ദിവസം മുമ്പെങ്കിലും കാരായിമാർ എത്തണമെന്നാണ് എൽ.ഡി.എഫ്.അണികളുടെ ആഗ്രഹം. അതിനുള്ള നിയമപരമായ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഫസൽ കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. ഈ കേസിൽ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇവർ നാമനിർദേശപത്രിക നൽകാൻ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചത്. ഇതേ നിബന്ധന വച്ച് സ്ഥാനാർത്ഥികളായ ഇവർ തെരഞ്ഞെടുപ്പിന്റെ തലേ ദിവസവും തെരഞ്ഞെടുപ്പ് ദിനത്തിലും കണ്ണൂർ ജില്ലയിൽ കഴിയാൻ അനുമതി ചോദിച്ചുകൊണ്ട് എറണാകുളത്തെ സിബിഐ.കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കയാണ്. വോട്ട് ചെയ്യാൻ പോകാനുള്ള അവകാശം നൽകണമെന്ന അപേക്ഷയിൽ കോടതി അനുകൂല നടപടി എടുക്കുമെന്ന് നിയമ വൃത്തങ്ങൾ കരുതുന്നു.
കാരായിമാർ എറണാകുളം ജില്ലവിട്ട് പോരാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കൊന്നും മങ്ങലേറ്റിട്ടില്ല. കാരായിമാരെ അത്രമേൽ സ്‌നേഹിക്കുന്ന സിപിഐ.(എം). അതിലെ പ്രവർത്തകരും മഹാഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു എന്ന വിശ്വാസത്തിലാണ്. എന്നാൽ തെരഞ്ഞെടുപ്പിന്റെ തലേദിവസം കാരായിമാർ മത്സരിക്കുന്നിടങ്ങളിൽ എത്തിച്ചേരണമെന്നാണ് അണികളുടെ ആഗ്രഹം. ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനിൽ നിന്നാണ് കാരായി രാജൻ ജനവിധി തേടുന്നത്. കാരായിക്ക് ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള വോട്ടുകൾ ഉറപ്പാക്കിയെന്ന വിശ്വാസത്തിലാണ് ഇടതു മുന്നണി. തലശ്ശേരി നഗര സഭയിലെ ചെള്ളക്കര വാർഡിൽ നിന്നാണ് കാരായി ചന്ദ്രശേഖരൻ മത്സരിക്കുന്നത്. അവിടെയും വിജയം ഉറപ്പെന്ന വിശ്വാസത്തിലാണ് സിപിഐ.(എം). മറച്ചൊന്നും അവകാശപ്പെടാൻ ആവാത്ത നിലയിലാണ് യു.ഡി.എഫും. ബിജെപി.യും.
തെരഞ്ഞെടുപ്പ് രംഗത്തെ കാരായിമാരുടെ അഭാവം കൊണ്ട് ശ്രദ്ധേയമായ സ്ഥലങ്ങളാണ് പാട്യം ഡിവിഷനും ചെള്ളക്കര വാർഡും. സ്ഥാനാർത്ഥികൾ രംഗത്തില്ലെങ്കിലും നവ മാദ്ധ്യമങ്ങളിലൂടെ വോട്ടഭ്യർത്ഥനയും പ്രചാരണവും ഇവിടെ തകൃതിയായി നടന്നു. വാട്‌സ് ആപ്പും ഫെയിസ് ബുക്കുമാണ് കാരായിമാരുടെ പ്രചാരണത്തിന് പാർട്ടി ഒരുക്കിയ ആയുധം. വാട്‌സ് ആപ്പ് വീഡിയോ വഴി കാരായിമാരുടെ സന്ദേശം ആധുനിക മൊബൈൽ ഫോൺ കൊണ്ടു നടന്നും ഷെയർ ചെയ്തും സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ അണികൾക്ക് കഴിഞ്ഞു. അതിനും സാധിക്കാത്തവരുടെ വീടുകളിൽ കാരായിമാരുടെ ഫോട്ടോ പതിച്ച പ്ലെക്കാഡുകൾ ഉയർത്തിക്കാട്ടി വോട്ടുതേടുന്ന രീതിയും ഇവിടെ സജീവമായിരുന്നു.
എങ്കിലും തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കുന്ന 31 ാം തീയ്യതിയെങ്കിലും കാരായിമാർ എത്തണമേ എന്ന ആഗ്രഹത്തിലാണ് സിപിഐ.(എം)ഉം. പ്രവർത്തകരും. കോടതി തീരുമാനം എന്താകുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് സിപിഐ.(എം). നേതൃത്വവും അണികളും.