കണ്ണൂർ: കൊലക്കേസ് പ്രതികൾക്ക് വീരപരിവേഷം നൽകി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഐ.(എം) അങ്കത്തിനിറങ്ങി. സ്ഥാനാർത്ഥികളുടെ ഔദേൃാദിക പ്രഖ്യാപനം പാർട്ടി നടത്തും മുമ്പേ സിപിഐ.(എം) പോളിറ്റ് ബൃൂറോ അംഗം പിണറായി വിജയൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പൊതു പരിപാടി ഉത്ഘാടനം ചെയ്യുകയും ഉണ്ടായി. ജയിലിലായിപ്പോയി അല്ലെങ്കിൽ നാട്ടിലില്ല എന്ന കാരണം കൊണ്ട് മാത്രം സ്ഥാനാർത്ഥിയെ ജനങ്ങൾ തള്ളിക്കളയില്ല. അവരുടെ ഇടം ജനമനസ്സിലാണ്. അതുകൊണ്ടുതന്നെ അവർ ജയിച്ചു വരും. കാരായി രാജനും കാരായി ചന്ദ്രശേഖരനും വേണ്ടി പിണറായി പറഞ്ഞു.

സിപിഐ.(എം) നേതാവായിരുന്ന ഒ.വി.അബ്ദുള്ളയുടെ പേരിലുള്ള സ്മാരക ട്രസ്റ്റും ജില്ലാ നൃൂനപക്ഷ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിച്ച സെമിനാറിലാണ് പിണറായി കൊലക്കേസ് പ്രതികളെ വാഴ്‌ത്തിയത്. കാരായി രാജനും ചന്ദ്ര ശേഖരനും രാഷ്ട്രീയ വേട്ടയുടെ പേരിൽ പ്രതികളാക്കപ്പെട്ടവരാണെന്ന് പിണറായി പറഞ്ഞു. പാട്യം ഗോപാലൻ ജയിലിൽ കിടന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയിപ്പിച്ചതും. കാരായി രാജനും ചന്ദ്രശേഖരനും ജാമ്യം നൽകി നാട്ടിലുണ്ടാകരുതെന്ന് പറഞ്ഞാൽ അവർ എങ്ങിനെ ജീവിക്കും. അതിൽ നീതി
നിഷേധമുണ്ട്. അക്കാര്യം ഉന്നത കോടതികൾ പരിശോധിക്കേണ്ടിവരും. ശിക്ഷ നടപ്പാക്കാതെ ആരോപിതനായതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല-പിണറായി ആരോപിച്ചു.

പാർട്ടി അനുഭാവികൾക്കും ബന്ധുക്കൾക്കുമുള്ള ഒരു ക്ലാസ്സായി സെമിനാർ മാറി. അതേ സമയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാരായി രാജനും തലശ്ശേരി നഗരസഭാ ചെയർമാൻ സ്ഥാനത്ത് മത്സരിക്കുന്ന കാരായി ചന്ദ്രശേഖരനും ജനത്തിനു മുന്നിൽ ഔദ്യോധികമായി അവതരിപ്പിക്കുകയും ചെയ്തു. സിപിഐ.(എം) ന്റെ പതിവ് ശൈലി അനുസരിച്ച് അധ്യക്ഷന്മാരേയും ഭാരവാഹികളേയും ആദ്യം തീരുമാനിക്കുന്ന പതിവില്ല. എന്നാൽ ഇത്തവണ കാരായിമാർക്കു വേണ്ടി പദവി വാഗ്ദാനം ചെയ്താണ് മത്സരരംഗത്തിറക്കുന്നത്. ഇതിനെതിരെ വി എസ് അച്യൂതാനന്ദൻ രംഗത്ത് വരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിലെ ഐക്യം തകരാതിരിക്കാൻ വിവാദങ്ങൾ വേണ്ടെന്ന് വി എസ് തീരുമാനിച്ചു. ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം എളുപ്പത്തിലുമായി.

കാരായിമാരെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ എതിരഭിപ്രായ പ്രകടനം ഉണ്ടായിരുന്നു. എന്നാൽ അതിനെല്ലാം തടയിട്ട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു. കാരായിമാർക്ക് പുറമേ കതിരൂർ മനോജ് വധക്കേസിലെ പ്രതികൾക്കും സ്ഥാനാർത്ഥിത്വം നൽകി
പാർട്ടി അംഗീകാരം നൽകിയിരിക്കയാണ്. മൂന്നാം പ്രതി ചപ്ര പ്രകാശനും പന്ത്രണ്ടാം പ്രതി എം. രാമചന്ദ്രനും പാട്യം പഞ്ചായത്തിലെ കൊങ്കച്ചി, ഈസ്റ്റ് കതിരൂർ എന്നീ വാർഡുകളുടെ സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി തീരുമാനിച്ചത്. അതിന്റെ മുന്നോടിയായി രണ്ടുപേരും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കയാണ്. കൊലക്കേസ് പ്രതികളായ രണ്ടു പേർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നൽകിയത്. കിഴക്കെ കതിരൂരിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് പ്രകാശൻ, രാമചന്ദ്രൻ ലോക്കൽ കമ്മിറ്റി അംഗവും.

സിപിഐ.(എം). ജില്ലാ സെക്രട്ടറി പി. ജയരാജനാണ് എൻ. ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആശയം കൊണ്ടു വന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ എതിർപ്പുയർന്നുവന്നെങ്കിലും പിന്നീടതിനെ അമർച്ചചെയ്യാൻ അഭൃൂഹത്തിനു കഴിഞ്ഞു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ജയരാജൻ സ്വന്തം പഞ്ചായത്തിലും രാഷ്ട്രീയ എതിരാളിയെ വധിച്ച കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന രണ്ടു പേർക്ക് മത്സരിക്കാൻ അവസരമൊരുക്കിയത്. കാരായിമാരെ മത്സരിപ്പിക്കുന്നത് എന്തിനെന്ന സംശയം പിണറായി വിജയൻ തന്നെ തലശ്ശേരിയിലെത്തി വിശദീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാര്യത്തിൽ ജില്ലാ കമ്മിറ്റിക്കോ ഏരിയാ കമ്മിറ്റിക്കോ മറ്റൊരു വിശദീകരണം നൽകേണ്ടി
വരില്ല.

സിപിഐ.(എം). വിശദീകരണമനുസരിച്ച് കാരായിമാർ തെറ്റു ചെയ്തതായി അവർ കണക്കാക്കുന്നില്ല. എല്ലാം കെട്ടിച്ചമച്ച നുണക്കഥകളാണെന്നാണ് അവരുടെ പ്രചാരണം. കാരായിമാരെ ജനമദ്ധ്യത്തിൽ അവതരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നതോടെ പാർട്ടിക്കുമേലുള്ള കളങ്കം കഴുകിക്കളയാൻ സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. എന്നാൽ അടിയുറച്ച പാർട്ടി ഗ്രാമങ്ങളിലും കേന്ദ്രങ്ങളിലുമാണ് കാരായിമാർ ഉൾപ്പെടെയുള്ള പ്രതിപ്പട്ടികയിലുള്ള നാലുപേരേയും പാർട്ടി മത്സരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വിജയം ഉറപ്പാക്കിക്കൊണ്ടുള്ള തന്ത്രമാണ് പാർട്ടി മെനയുന്നത്.