- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിജെ ആർമിയെ തടയാൻ കാരായി? വെല്ലുവിളികൾ നേരിടാൻ അഴിച്ചു പണിയും ആലോചനയിൽ; കണ്ണുരിലേക്കുള്ള കാരായിമാരുടെ വരവ് അണികളെ ആവേശത്തിലാക്കുമെന്ന് വിലയിരുത്തൽ; ജില്ലാ സെക്രട്ടറിയായി കാരായി രാജനെ കൊണ്ടു വന്നേക്കും; എംവി ജയരാജൻ വീണ്ടും തലസ്ഥാനത്തേക്കോ?
തലശേരി: ഫസൽ വധക്കേസിൽ കോടതി ജാമ്യ ഇളവ് നൽകിയ കാരായിമാരുടെ വരവ് കണ്ണൂർ സിപിഎമ്മിൽ അഴിച്ചുപണി സൃഷ്ടിക്കും. സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരിക്കെ കൊലപാതക കേസിൽ അറസ്റ്റു ചെയ്യപ്പെട്ട കാരായി രാജനെ പാർട്ടി നേതൃത്വത്തിലേക്കോ സർക്കാരിന്റെ ഏതെങ്കിലും ബോർഡ്, കോർപറേഷൻ പദവിയിലേക്ക് കൊണ്ടുവരാനോ ഉള്ള നീക്കമാണ് നടക്കുന്നത്. കാരായിയെ ജില്ലാ സെക്രട്ടറിയാക്കാൻ പോലും സാധ്യതയുണ്ട്.
വരുന്ന പാർട്ടി സമ്മേളനത്തോടു കൂടി മാത്രമേ സംഘടനാ തലത്തിൽ അഴിച്ചുപണിയുണ്ടാവുകയുള്ളൂ. തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരനെ തലശേരി ഏരിയാ നേതൃത്വത്തിലേക്കും കൊണ്ടുവരാനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഏഴര വർഷം നിയമ നടപടി നേരിട്ട നിരപരാധികളായ നേതാക്കൾ എന്ന ഇമേജാണ് സിപിഎമ്മിനുള്ളിൽ ഇരുവർക്കുമുള്ളത്. പിജെ ആർമി ഉൾപ്പെടെയുള്ളവരുടെ എതിർ സ്വരങ്ങൾ അപ്രസക്തമാക്കാൻ കരായിക്ക് കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പ്രതീക്ഷ.
തലശേരി സെയ്ദാർ പള്ളിയിലെ ഫസൽവധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴുവർഷമായി കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവുകൾ ലഭിച്ചതോടെ മൂന്നുമാസത്തിനുള്ളിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലെത്തും. ഇവർ വരുന്ന സാഹചര്യത്തിൽ തലശേരി താലുക്കിൽ അക്രമവും രാഷ്ട്രീയ കൊലപാതകങ്ങളും നടന്നാൽ സിപിഎമ്മിന് അതു തലവേദനയാകും.
വീണ്ടും മറ്റൊരു കേസിൽ കുടി ഈ നേതാക്കൾ പങ്കെടുത്തില്ലെങ്കിലും പ്രതിചേർക്കപ്പെട്ടാൽ കോടതി ജാമ്യവ്യവസ്ഥയിലെ ഇളവുകൾ റദ്ദ് ചെയ്തേക്കും. അതുകൊണ്ടുതന്നെ തലശേരി താലൂക്കിൽ ജാഗ്രത പാലിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാരായി രാജനെ കണ്ണുർ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനങ്ങളുടെ ചുക്കാൻ ഏൽപ്പിക്കുന്നതിനാണ് സിപിഎം ഒരുങ്ങുന്നത്. നിലവിൽ രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ വർഗ ബഹുജന സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായി പോയിട്ടുണ്ട്.
വത്സൻ പനോളി കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയായും എൻ.ചന്ദ്രൻ കർഷക തൊഴിലാളി യുനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം മാറ്റിയിരിക്കുകയാണ്. മറ്റൊരു പ്രമുഖ നേതാവും മുൻ എംഎൽഎയുമായ എം.പ്രകാശൻ കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറിയായും ചുമതലയേറ്റിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാക്കളായ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, മുൻ മന്ത്രി ഇ.പി.ജയരാജൻ എന്നിവർ കണ്ണുർ പാർട്ടി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ അത്ര സജിവമല്ല. പി ജയരാജനോട് ഔദ്യോഗിക നേതൃത്വത്തിന് താൽപ്പര്യവുമില്ല. ജയരാജന് ഉയർത്തുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് കാരായിയെ സുപ്രധാന സ്ഥാനത്ത് എത്തിക്കാനാണ് നീക്കം.
ഭരണതലത്തിൽ ഏറെ തിളങ്ങിയ നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടും നിയമിക്കണമെന്ന താൽപ്പര്യം സംസ്ഥാന നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ഇടതുസർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജൻ പ്രവർത്തിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തപ്പോഴാണ് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നത്.
കോവിഡ് നിയന്ത്രണങ്ങളിലുള്ള സർക്കാരിന്റെ നയങ്ങൾ സിപിഎമ്മിലെ ഒരുവിഭാഗത്തിൽ കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ.കെ.ശൈലജ എംഎൽഎ പ്രതിഷേധം നിയമസഭയിൻ പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാൽ എം വിജയരാജൻ തലസ്ഥാനത്തേക്കു പോയാൽ കാരായി രാജൻ ജില്ലാ നേതൃതലത്തിലേക്ക് വരുമെന്നാണ് സൂചന. ഏറെ കോളിളക്കം സൃഷ്ടിച്ച ഫസൽ വധ കേസിൽ ഉന്നത നേതാക്കൾ പ്രതികളാക്കപ്പെട്ടത് രാഷ്ട്രീയപരമായി സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
എൻഡിഎഫ് പ്രവർത്തക നായഫസൽ 2006 ഒക്ടോബർ 22നാണ് തലശേരി സെയ്ദാർ പള്ളിക്കു സമീപം ഫസൽ കൊല്ലപ്പെട്ടത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് 2012 ജൂൺ 12ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അന്നത്തെ സിപിഎം തലശേരി ഏരിയ സെക്രട്ടറിയായ കാരായി രാജനെയും സിപിഎം തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും പ്രതിയാക്കിയത്. 2012 ജൂൺ 22ന് ഇരുവരും കോടതിയിൽ ഹാജരായി. തുടർന്ന് ഒന്നരവർഷം ജയിൽവാസം. 2013 നവംബറിൽ ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥകൾ കർശനമായിരുന്നു.
സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് എറണാകുളം ജില്ല വിട്ടുള്ള സഞ്ചാരസ്വാതന്ത്ര്യം സിബിഐ നിർദ്ദേശപ്രകാരം കോടതി വിലക്കിയത്. ഇതിനിടയിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാരായി രാജൻ പാട്യം ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയും 21,602 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെങ്കിലും ഓരോ തവണയും കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് യോഗത്തിനെത്തിയത്. മുഴുവൻ സമയം ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി നഗരസഭയിലേക്കു ജയിച്ച കാരായി ചന്ദ്രശേഖരൻ നഗരസഭ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടിട്ടും ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയുകയായിരുന്നു. ഇതിനിടയിലാണ് മാഹി ചെമ്പ്രയിലെ ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷ് ഫസൽ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. 2016 നവംബർ 20നായിരുന്നു തുറന്നുപറച്ചിൽ. സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനൻ വധക്കേസിൽ അറസ്റ്റിലായ സുബീഷ് ചോദ്യംചെയ്യലിനിടെയാണ് ഫസൽ വധക്കേസിൽ പങ്കെടുത്തെന്ന് സമ്മതിച്ചത്.
സുബീഷിന്റെ വെളിപ്പെടുത്തലുകളും മറ്റു തെളിവുകളും സഹിതം ഫസലിന്റെ സഹോദരീഭർത്താവ് അബ്ദുൾ സത്താർ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സിബിഐയെ സമീപിക്കുകയും തുടരന്വേഷണം ആവശ്യപ്പെട്ട് 2017 ൽ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. തുടരന്വേഷണം നടത്താൻ കഴിഞ്ഞമാസം ഏഴിന് ഹൈക്കോടതി ഉത്തരവിട്ടത് ഫസൽ കേസിൽ സിപിഎമ്മിന്റെ ആദ്യവിജയമായാണ് നേതാക്കൾ വിശേഷിപ്പിച്ചത്. ഇപ്പോൾ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനുള്ള ഇരു നേതാക്കൾക്കുമുള്ള കോടതി അനുമതിയെനീതിക്ക് വേണ്ടിയുള്ള രണ്ടാം വിജയമായാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വിശേഷിപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്