- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവുകൾ മായ്ച്ചുകളയാനാവില്ല, പരാതി കൊടുത്തത് ഫസലിന്റെ സഹോദരൻ; നുണപരിശോധന റിപ്പോർട്ട് വായിച്ചാൽ സത്യം വെളിപ്പെടും; കേസിൽ പ്രതി ചേർക്കപ്പെട്ടത് യഥാർഥ പ്രതികളല്ലെന്ന് ഹൈക്കോടതി വരെ പറഞ്ഞു; സിബിഐ പറഞ്ഞത് മാധ്യമങ്ങൾ അന്വേഷിക്കണമെന്ന് കാരായി രാജൻ
തിരുവനന്തപുരം: തലശ്ശേരി ഫസൽ വധത്തിലെ സിബിഐ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേസിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് കാരായി രാജൻ രംഗത്തുവന്നു. പുറത്തുവന്ന തെളിവുകൾ മായ്ച്ചുകളയാനാവില്ലെന്നും, സിബിഐ പറഞ്ഞത് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരിന്നും കാരായിയുടെ പ്രതികരണം.
കേസിൽ നുണപരിശോധനക്ക് വിധേയരായ പ്രതികളുണ്ടെന്നും നുണപരിശോധന റിപ്പോർട്ട് വായിച്ചാൽ തന്നെ സത്യം വെളിപ്പെടുമെന്നും കാരായി രാജൻ പറഞ്ഞു. ഹൈക്കോടതി വരെ കേസിൽ പ്രതിചേർക്കപ്പെട്ടത് യഥാർഥ പ്രതികളല്ല എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യാവസ്ഥ ആര് അന്വേഷിച്ചാലും ബോധ്യപ്പെടും. അങ്ങനെ ഒരു അന്വേഷണത്തിന് മാധ്യമപ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങിയാൽ മതി. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതി കൊടുത്തത് ഞങ്ങളല്ലെന്നും ഫസലിന്റെ രക്തബന്ധമുള്ള സഹോദരനാണെന്നും അദ്ദേഹം പറഞ്ഞു.
സ.ബി.ഐയുടെ കണ്ടത്തലുകളെക്കുറിച്ച് പറയാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെട്ടയാളുകളാണ്. നിയമപരമായ പ്രശ്നങ്ങളുള്ളതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കാരായി രാജൻ പറഞ്ഞു. നേരത്തെ തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ കൊടി സുനിയും സംഘവുമെന്ന് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന വെളിപ്പെടുത്തൽ തള്ളിയാണ് സിബിഐ റിപ്പോർട്ട് തയ്യാറാക്കിയത്.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് സിബിഐ നിലപാട് വ്യക്തമാക്കുന്നത്. കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഐ.എം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉൾപ്പെടെയുള്ളവരാണെന്നും സിബിഐ തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ തന്നെയാണ് ശരിയെന്നും സിബിഐ ആവർത്തിക്കുന്നു.
കൊലയ്ക്ക് പിന്നിൽ താനുൾപ്പെട്ട ആർഎസ്എസ് പ്രവർത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തൽ തള്ളുന്ന സിബിഐ ഇത് കസ്റ്റഡിയിൽവെച്ച് പറയിച്ചതാണെന്നും പറയുന്നു. സിപിഐ.എം നേതാക്കൾ പ്രതിചേർക്കപ്പെട്ട കേസാണ് ഫസൽ വധക്കേസ്. 2006 ഒക്ടോബറിലാണ് സിപിഐ.എം. വിട്ട് എസ്.ഡി.പി.ഐയിൽ ചേർന്ന ഫസൽ കൊല്ലപ്പെടുന്നത്. വർഷങ്ങളായി സിപിഐ.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു ഫസൽ വധം.
മറുനാടന് മലയാളി ബ്യൂറോ