- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ എത്താനാകില്ലെങ്കിലും കാരായി തന്നെ മതിയെന്ന് ജയരാജൻ; ഫസൽ വധക്കേസ് പ്രതിയെ ജില്ലാ പഞ്ചായത്തിന്റെ അമരക്കാരനാക്കാൻ ഔദ്യോഗിക പക്ഷം; കരായി രാജന് തടയിടാൻ വിഎസിനാകുമോ?
കണ്ണൂർ: കൊലക്കേസിൽ പ്രതിയായി എറണാകുളം ജില്ല വിട്ടു വരാൻ കഴിയാത്ത സിപിഐ.(എം) നേതാവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കാനുള്ള നേതൃത്വത്തിന്റെ നീക്കം വിവാദങ്ങൾ തൊടുത്തു വിടും. അതിനിടെ അക്രമ രാഷ്ട്രീയ ചർച്ചകൾ സജീവമാക്കാതിരിക്കാൻ കാരായിയെ മത്സരിപ്പിക്കരുതെന്നാണ് വി എസ് അച്യൂതാനന്ദന്റെ നിലപാട്. ഇക്കാര്യം കേന്ദ്ര നേതൃ
കണ്ണൂർ: കൊലക്കേസിൽ പ്രതിയായി എറണാകുളം ജില്ല വിട്ടു വരാൻ കഴിയാത്ത സിപിഐ.(എം) നേതാവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കാനുള്ള നേതൃത്വത്തിന്റെ നീക്കം വിവാദങ്ങൾ തൊടുത്തു വിടും. അതിനിടെ അക്രമ രാഷ്ട്രീയ ചർച്ചകൾ സജീവമാക്കാതിരിക്കാൻ കാരായിയെ മത്സരിപ്പിക്കരുതെന്നാണ് വി എസ് അച്യൂതാനന്ദന്റെ നിലപാട്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ വി എസ് ബോധ്യപ്പെടുത്തും. ഏതായാലും സിപിഎമ്മിനുള്ളിൽ കാരായി രാജന്റെ സ്ഥാനാർത്ഥിത്വം പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായിക്കഴിഞ്ഞാൽ കോൺഗ്രസും ബിജെപിയും വിവാദം ഏറ്റെടുക്കും.
തലശ്ശേരിയിലെ എൻ.ഡി.എഫ്. പ്രവർത്തകനായിരുന്ന ഫസൽ കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയായ കാരായി രാജനെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സിപിഐ.(എം) പരിഗണിക്കുന്നത്. സിപിഐ.(എം) ജില്ലാ സെക്രട്ടറി പി. ജയരാജനുൾപ്പെടെയുള്ള പാർട്ടിയിലെ പ്രബല വിഭാഗം കാരായി രാജനെ പിൻതുണക്കുന്നു. സിപിഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ രാജൻ ഫസൽ കേസ് നടപടികൾ കഴിയുന്നതുവരെ എറണാകുളം ജില്ല വിട്ടു പോകരുതെന്ന് ഹൈക്കോടതി ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. കോടതിയുടെ ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ സിപിഐ.(എം). എറണാകുളം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി കാരായി രാജനെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. രാജനെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി എടുക്കും മുമ്പേ കണ്ണൂർ ജില്ലയിൽ വിവാദങ്ങൾ കത്തിപ്പടരും.
കാരായി രാജനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ എതിർപ്പും ഉടലെടുത്തു. കേസിൽ പ്രതിയായി വിചാരണ നേരിടുന്ന ഒരാളെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത് പൊതുജനമദ്ധ്യത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. മാത്രമല്ല എറണാകുളത്ത് കോടതിയിൽ വിചാരണ നേരിടുന്നതിനാൽ എറണാകുളം വിട്ടു പോകുന്നതിനെ കോടതി വിലക്കിയിട്ടുമുണ്ട്. ഇങ്ങനെ ഒരാളെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും ഒരു വിഭാഗം അംഗങ്ങൾ നേതൃത്വത്തോട് ഉന്നയിച്ചു. ജില്ലാ സെക്രട്ടറി പി.ജയരാജൻ തന്നെയാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനമെന്ന നിലയിൽ കാരായി രാജനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ചത്.
മയ്യിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.കെ. ഗോവിന്ദനെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു വിഭാഗം നിർദ്ദേശിക്കുകയുണ്ടായി. ദീർഘകാലം രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായി പ്രവർത്തിച്ച ഗോവിന്ദന്റെ പരിചയം തിരഞ്ഞെടുപ്പിനു മുതൽക്കൂട്ടാകുമെന്നും അംഗങ്ങൾ വാദിച്ചു. എന്നാൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജനാണ് മുന്തിയ പരിഗണന നൽകേണ്ടതെന്നും പി. ജയരാജനുൾപ്പെടെയുള്ളവർ എതിർവാദവുമുന്നയിച്ചു. സിപിഐ.(എം) കോട്ടയായ പാട്യം ഡിവിഷനിൽ കാരായി രാജനെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. അവിടെ അനായാസം ജയിക്കാമെന്നാണ് പാർട്ടിയുടെ വിശ്വാസം. എന്നാൽ മറുപക്ഷം മയ്യിൽ ഡിവിഷനിൽ ടി.കെ.ഗോവിന്ദനെ നിർത്തിയാൽ വിജയം ഉറപ്പാണെന്ന് പ്രഖ്യാപിച്ച് മറുവാദവുമുന്നയിച്ചു. ഒടുവിൽ കാരായി രാജനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം ജില്ലാ കമ്മിറ്റിയുടെ തീരുമാനമായി സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും യോഗത്തിൽ ധാരണയായി. മറുപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് ടി.കെ.ഗോവിന്ദനെ നാമനിർദ്ദേശപ്പത്രിക സമർപ്പിക്കാനും യോഗം അനുവദിച്ചു. സംസ്ഥാന നേതൃത്വം അന്തിമതീരുമാനം എടുക്കട്ടെ എന്ന ധാരണയിൽ യോഗം പിരിയുകയായിരുന്നു.
കാരായി രാജനെ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിപ്പിക്കാനുള്ള നീക്കം സിപിഐ.(എം) യിൽ അഭിപ്രായഭിന്നതയുണ്ടാക്കിയതിനു പിന്നാലെ യു.ഡി.എഫിന്നും ബിജെപി.ക്കും സിപിഐ.(എം) യെ അടിക്കാൻ നല്ലൊരു വടികിട്ടിയിരിക്കയാണ്. സിപിഐ.(എം) നെതിരെ കൊലപാതകരാഷ്ട്രീയത്തിന്റെ ചുരുളുകൾ നിവർത്തി ആഞ്ഞടിക്കാൻ യു.ഡി.എഫും. ബിജെപി.യും ഒരുങ്ങുമ്പോഴേക്കും കൊലക്കേസു പ്രതിയായ കാരായി രാജനെ മത്സരരംഗത്ത് ഇറക്കി അവർക്ക് പറ്റിയ ആയുധം കൊടുക്കുന്ന നിലപാട് സിപിഐ.(എം) ജില്ലാ നേതൃത്വം തന്നെ സ്വീകരിച്ചിരിക്കയാണ്.
പതിവിനുപരിയായി ഇത്തവണ സിപിഐ.(എം) ക്കെതിരെ എതിരാളികളുടെ ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുക്കാൻ പാർട്ടി തന്നെ അവസരം കൊടുത്തത് പാർട്ടി അനുഭാവികളിലും അമർഷമുണ്ടാക്കിയിട്ടുണ്ട്. എതിരാളികൾ ഉയർത്തുന്ന വിവാദങ്ങളിൽപ്പെട്ട് ജയിക്കുന്ന സീറ്റുകൾക്ക് കുറവ് വരില്ലെങ്കിലും പൊതുവെ അവമതിപ്പുണ്ടാക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.