പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കഴിഞ്ഞ ഒക്ടോബറിൽ കിം കർദാശിയാൻ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത് വന്നു. ഇതനുസരിച്ച് ഇവരെ ഹോട്ടൽമുറിയിൽ വച്ച് തോക്കിൻ മുനയിൽ നിർത്തി മില്യൺ കണക്കിന് ഡോളർ വിലയുള്ള ആഭരണങ്ങൾ കൊള്ളയടിച്ചത് സ്വന്തം ഡ്രൈവർ അടങ്ങുന്ന 17 അംഗ സംഘമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനെ തുടർന്ന് ഈ 17 പേരെയും ഫ്രഞ്ച് പൊലീസ് പിടികൂടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഏതാണ്ട് 8.5 മില്യൺ പൗണ്ട് വരുന്ന ആഭരണങ്ങളാണ് അന്ന് കർദാശിയാനിൽ നിന്നും കവർന്നെടുക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട മോഷ്ടാക്കളെ പിടികൂടുന്നതിന് പൊലീസ് ഫ്രാൻസിലുടനീളം നടത്തിയ പരിശോധനകളുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 2016 ഒക്ടോബർ 3ന് നടന്ന ഈ കവർച്ചയിൽ ഉൾപ്പെട്ട് പിടിയിലായിരിക്കുന്നവരിൽ 50നും 72നും ഇടയിൽ പ്രായമുള്ളവർ ഉൾപ്പെടുന്നു. ഇവരിൽ മിക്കവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഫ്രാൻസിൽ നടന്ന ഏറ്റവും വലിയ ആഭരണക്കവർച്ചയായിട്ടാണിത് വിലയിരുത്തുന്നത്.

അപ്മാർക്കറ്റ് ഫേമിൽ ജോലി ചെയ്യുന്ന 27കാരനായ ഡ്രൈവറും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കർദാശിയാന്റെ കുടുംബം പാരീസിലായിരുന്നപ്പോൾ ഇയാളോടിച്ചിരുന്ന കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. കർദാശിയാന്റെ ചലനങ്ങളെല്ലാം ഇയാൾക്ക് നന്നായി അറിയാമായിരുന്നുവെന്നും ഇതനുസരിച്ചാണ് മോഷണം സംഘം ആസൂത്രണം ചെയ്തതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മോഷണത്തിൽ ഉൾപ്പെട്ട പിയറെ ബി എന്ന 72കാരനെ തെക്കൻ ഫ്രാൻസിലെ ഗ്രേസിനടുത്തുള്ള ഗ്രാമത്തിൽ വില്ലയിൽ നിന്നാണ് പൊലീസ് പൊക്കിയത്. പ്ലാസ്‌കാസിയറിലെ ഇയാളുടെ വില്ലയുടെ ഗേറ്റ് തകർത്താണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമറിയുന്ന റിയാലിറ്റി ടിവി താരത്തെ കേബിളുകൾ കൊണ്ട് കെട്ടിയിട്ട് തോക്ക് ചൂണ്ടിയായിരുന്നു മോഷണം നടത്തിയത്. തന്റെ ബോഡിഗാർഡ് സഹോദരിമാർക്കൊപ്പം നൈറ്റ് ക്ലബിലേക്ക് പോയതിനാൽ മോഷണം നടക്കുമ്പോൾ കർദാശിയാൻ മുറിയിൽ ഒറ്റയ്ക്കായിരുന്നു.

സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാൽ സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം മാത്രമുണ്ടായിരിക്കുന്ന ഈ അറസ്റ്റ് വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അഭ്യാസം മാത്രമാണെന്നാണ് കർദാശിയാന്റ ലോയറായ ജീൻ വെയിൽ ആരോപിക്കുന്നത്. എന്നാൽ ഇതിലൂടെ ആ മോഷണശ്രമം തെളിഞ്ഞാൽ അത് നല്ല കാര്യമാണെന്നും ഇദ്ദേഹം പ്രതികരിക്കുന്നു. മോഷണത്തിലൂടെ തന്റെ കക്ഷിയുടെ വിലയേറിയ ആഭരണങ്ങൾ നഷ്ടപ്പെട്ടത് മാത്രമല്ല പ്രശ്നമെന്നും ഇത് വളരെ മൃഗീയമായ കൊള്ളയായിരുന്നുവെന്നും അത് കർദാശിയാനിൽ കടുത്ത മാനസിക സമ്മർദത്തിനും ഞെട്ടലിനും ഇടയാക്കിയെന്നും ലോയർ പറയുന്നു. തന്നെ അന്നവർ പുറകിൽ നിന്നും വെടിവയ്ക്കുമെന്ന് പോലും ഭയപ്പെട്ടിരുന്നുവെന്ന് കീപ്പിങ് അപ്പ് വിത്ത് കർദാശിയാൻസ് എന്ന ടിവിപരിപാടിയിൽ പങ്കെടുത്തുകൊണ്ട് കർദാശിയാൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഈ കേസിലുൾപ്പെട്ട പ്രധാനപ്പെട്ട സാക്ഷിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പൊലീസിന് സാധിച്ചില്ലെന്നും അദ്ദേഹത്തിന് ഫ്രാൻസിലേക്ക് വരാൻ താൽക്കാലിക വിസ അധികൃതർ അനുവദിക്കാത്തതാണ് ഇതിന് കാരണമെന്നും വ്യക്തമായിട്ടുണ്ട്. മോഷണം നടത്താനെത്തിയപ്പോൾ ഈ ഹോട്ടലിൽ കാവൽക്കാരനായിരുന്ന അൽജീരിയക്കാരനായ അബ്ദുൾ റഹ്മാൻ ആണീ പ്രധാന സാക്ഷി. ഇയാളെ പിടിച്ച് കെട്ടിയിട്ടതിന് ശേഷമായിരുന്നു മോഷ്ടാക്കൾ കർദാശിയാന്റെ മുറിയിലെത്തിയിരുന്നത്. ഈ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും രക്ഷപ്പെടാനായി പിന്നീട് ഇയാൾ നവംബറിൽ ഫ്രാൻസ് വിട്ട് സ്വദേശത്തേക്ക് പോവുകയായിരുന്നു. ആക്രമികളുടെ മുഖം കണ്ട ഏക വ്യക്തിയാണ് അബ്ദുൾ റഹ്മാൻ. ആക്രമണത്തിന് മുമ്പ് ഇയാൾ കൊള്ളക്കാരോട് സംഭാഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷകർ ഇതുവരെ അബ്ദുറഹ്മാനുമായി ആശയവിനിമയം നടത്തിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കുന്നതിനായി നഗരത്തിലെത്തിയപ്പോഴായിരുന്നു കർദാശിയാൻ കൊള്ളയടിക്കപ്പെട്ടിരുന്നത്.