കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർജോർജ് ആലഞ്ചേരിക്കെതിരെ കേസ് എടുത്തു. കർദിനാളിനെ ഒന്നം പ്രതിയാക്കി കൊച്ചി സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനെതിരെ കേസ് എടുത്തിരിക്കുന്നത്.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കർദിനളിനെ ഒന്നാം പ്രതിയാക്കിയും ഫാ. ജോഷി പതുവ കേസിൽ രണ്ടാം പ്രതിയും ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ മൂന്നാം പ്രതിയും ഇടനിലക്കാരൻ സാജു വർഗീസിനെ നാലാം പ്രതിയാക്കിയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചമുത്തിയിരിക്കുന്നതിനാൽ അദ്ദേഹത്തിന് ജാമ്യവും ലഭിക്കില്ല. അതേസമയം കോടി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ ഹൈക്കോടതിയിൽ ഹർജി നൽകി.

കർദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പൊലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കർദിനാളിനും സഹപ്രവർത്തകർക്കും നിമയനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കോടതിയിൽ പോകാൻ പൊലീസ് അവസരം നൽകുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

അതേസമയം ഭൂമി ഇടപാട് കേസിൽ കർദിനാളിനെതിരെ കേസെടുക്കാം എന്ന് പൊലീസിന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. അഡ്വക്കറ്റ് ജനറലാണ് ഇക്കാര്യം എറണാകുളം സെൻട്രൽ സിഐ അനന്തലാലിനെ അറിയിച്ചത്. നിയമോപദേശം ലഭിച്ചതോടെ കർദിനാളിനെതിരെ കേസ് എടുക്കാൻ പൊലീസ് തീരുമാനിക്കുക ആയിരുന്നു.

സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമർശനമാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായത്. കർദിനാൾ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.

കേസെടുത്ത് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതിനെതിരെ ഹർജിക്കാരൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജിയുമായി നീങ്ങുന്ന പശ്ചാത്തലത്തിലാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. എറണാകുളം റേഞ്ച് ഐ.ജി മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് ഹർജി നൽകുക. കേസെടുത്തില്ലെങ്കിൽ അത് കോടതിയലക്ഷ്യ നടപടിയാകുമെന്ന് ജസ്റ്റീസ് കെമാൽ പാഷയുടെ ബെഞ്ച് വിധിയിൽ വ്യക്തമാക്കിയിരുന്നു.

കേസെടുക്കുന്നതിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. എ.ജി നൽകിയ നിയമോപദേശവും കോടതി വിധിയും പരിശോധിച്ച ശേഷമാണ് ഡി.ജി.പി കേസെടുക്കാമെന്ന് ഉപദേശം നൽകിയത്. കർദ്ദിനാൾ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തതോടെ ഭൂമി വിവാദം പുതിയ തലത്തിലേക്ക് കടക്കും.

ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. അതേസമയം, സിംഗിൾ ബെഞ്ച് വിധിക്കെതിരെ കർദ്ദിനാളും സംഘവും ഇന്ന് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയേക്കുമെന്നും സൂചനയുണ്ട്.