മാവേലിക്കര: വ്യക്തിവിരോധത്തിന്റെ പേരിൽ കാർഗിൽ യുദ്ധഭടനെ പോക്സോ കേസിൽ കുടുക്കി 55 ദിവസം ജയിലിൽ അടച്ച സംഭവത്തിൽ നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് വിചാരണക്കോടതുടെ പരിഗണനയിലിരിക്കുകയാണെന്നും അതിന്റെ വിധി വരും മുൻപ് തങ്ങൾക്കെതിരേ കേസ് എടുത്തത് തടയണമെന്നുമാണ് പ്രധാനമായും ഇവർ ഉന്നയിക്കുന്ന വാദം.

പരാതിക്കാരനായ നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തിൽ ഷാജി(45) സ്ഥിരം വ്യവഹാരിയാണെന്നും ഇയാളുടെ കൗണ്ടർ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികൾ പറയുന്നത്. അതേസമയം, ഷാജിയെ കേസിൽ കുടുക്കിയെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ
പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി സ്വമേധയാ കേസെടുത്തു. അടുത്ത മാസം 27 ന് എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങിൽ ഡിജി.പിയും കേസ് അന്വേഷിച്ച മുഴുവൻ ഉദ്യോഗസ്ഥരും ഹാജരാകാൻ അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ ഉത്തരവിട്ടു. വേണ്ടത്ര തെളിവുകൾ ഒന്നും ഇല്ലാതിരുന്നിട്ടും പൊലീസിനെ സ്വാധീനിച്ച് കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ഷാജിയുടെ ആരോപണം. റിമാൻഡ് റിപ്പോർട്ടിലും എഫ്ഐആറിലും ശക്തമായ തെളിവുകൾ ചൂണ്ടിക്കാണിക്കാൻ ഇല്ലാതിരുന്നിട്ടും ഷാജിയെ റിമാൻഡ് ചെയ്തു.

1999 ലെ കാർഗിൽ യുദ്ധത്തിൽ സേവനമനുഷ്ടിക്കുകയും പിന്നീട് രാഷ്ട്രപതിയിൽ നിന്ന് സ്തുത്യർഹ സേവനത്തിന് മെഡൽവാങ്ങുകയും ചെയ്ത ഷാജിയെ കേസിൽ കുടുക്കാൻ അയൽവാസി പദ്ധതിയിട്ടത് അയാൾക്കെതിരേ ചാരിറ്റി തട്ടിപ്പിന് പരാതി നൽകിയതിന്റെ പേരിലായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊലീസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ഷാജി അറസ്റ്റ് ചെയ്യപ്പെട്ടു. 55 ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് സംശയാസ്പദമെന്ന് നിരീക്ഷിക്കുകയും ചെയ്തു. തുടർന്ന് ഷാജിയുടെ ഭാര്യ ചന്ദ്രലേഖ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കാൻ ഉത്തരവിട്ടു.

2013 ൽ നടന്ന സംഭവം ഡിസിആർബിയുടെ നാല് ഡിവൈ.എസ്‌പിമാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞത്. അവസാനം അന്വേഷിച്ച് ഡിവൈ.എസ്‌പി എൻ പാർഥസാരഥി പിള്ള വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ ഷാജി നൂറനാട് പൊലീസിൽ പരാതി നൽകി. പോക്സോ നിയമത്തിന്റെ ദുരുപയോഗം, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളിട്ട് പൊലീസ് എടുത്ത കേസിൽ സണ്ണി ജോർജ് പള്ളത്തറ, ബന്ധുവും കെപിസിസി നിർവാഹക സമിതിയംഗം കറ്റാനം ഷാജി, അഡ്വ ജി മധു, ചൈൽഡ്ലൈൻ ഡയറക്ടർ ഫാ. തോമസ്, ഇരയുടെ പിതാവ്, മാതാവ്, കുഞ്ഞമ്മ, നാട്ടുകാരായ വനിതകൾ, സി.പി.എം നേതാക്കൾ എന്നിവരടക്കം 15 പേരാണ് പ്രതികൾ.

ഇവരിൽ അഡ്വ. മധു, കറ്റാനം ഷാജി എന്നിവരാണ് ഹൈക്കോടതിയിൽ എഫ്ഐആർ റദ്ദാക്കാൻ ഹർജി നൽകിയിട്ടുള്ളത്. ഇന്ന് കോടതി കേസ് പരിഗണിക്കും. വാദിയായ ഷാജി സ്ഥിരം വ്യവഹാരിയും കുഴപ്പക്കാരനും ആണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാകും ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുക. ഷാജി പ്രതിയായ മറ്റു കേസുകളുടെ വിവരവും ഇവർ നൽകുമെന്നാണ് വിവരം.