സോണിപേട്ട്: ആധാർ കാർഡ് നൽകാത്തതിനെ തുടർന്ന് ചികിത്സ നിഷേധിച്ച കാർഗിൽ രക്തസാക്ഷിയുടെ ഭാര്യ മരിച്ചു. കാർഗിൽ രക്തസാക്ഷി ഹവിൽദാർ ലക്ഷ്മൺദാസിന്റെ വിധവ ശകുന്തളാദേവി(55)യാണ് സമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്. ആധാറിന്റഎ പകർപ്പ് ഫോണിൽ കാണിച്ചിട്ടും വഴങ്ങാത്ത ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഹൃദ്രോഗത്തെ തുടർന്ന് വിമുക്തഭടന്മാർക്കുള്ള ആശുപത്രിയിൽ നിന്നാണു വിദഗ്ധ ചികിൽസയ്ക്കായി ട്യൂളിപ് ഹോസ്പിറ്റലിലേക്കു റഫർ ചെയ്തത്. ശകുന്തളാദേവിയെയും കൊണ്ടു മകൻ പവൻ കുമാർ ബല്യാൻ പാഞ്ഞെത്തിയപ്പോഴാണു സോനിപത്തിലെ സ്വകാര്യ ആശുപത്രിക്കാർ ആധാർ കാർഡ് ആവശ്യപ്പെട്ടത്.

ആധാർ കാർഡ് എടുക്കാൻ മറന്നുപോയെന്നും ഒരു മണിക്കൂറിനുള്ളിൽ എത്തിക്കാമെന്നും മകൻ പറഞ്ഞുനോക്കി. ഹൃദ്രോഗിയായ അമ്മയ്ക്ക് അടിയന്തര ചികിൽസ നൽകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അധികൃതർ സമ്മതിച്ചില്ലെന്നാണു പവൻ പറയുന്നത്. അരമണിക്കൂർ വാഗ്വാദത്തിനു ശേഷവും അധികൃതർ വഴങ്ങാതെ വന്നപ്പോൾ, അമ്മയെയും കൊണ്ടു തിരികെ ആദ്യത്തെ ആശുപ്രതിയിലെത്തി. അവിടെവച്ച് ശകുന്തളാദേവി മരണത്തിനു കീഴടങ്ങി.

അന്വേഷണത്തിനുശേഷം കുറ്റക്കാരെ ശിക്ഷിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, ആധാർ കാർഡിന്റെ പേരിൽ ചികിൽസ നിഷേധിച്ചില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ചികിൽസയ്ക്കു നിൽക്കാതെ രോഗിയെ തിരിച്ചുകൊണ്ടുപോയെന്നാണ് അവർ പറയുന്നത്.