തിരുവനന്തപുരം: മലയാളിയുടെ ജാതീയത പ്രമേയമാക്കി ചങ്ങരംകുളം നരണിപ്പുഴ സ്വദേശി ഷാനവാസ് ഒരുക്കിയ 'കരി' ഓൺലൈനിൽ റിലീസ് ചെയ്തു. കലാമൂല്യമുള്ള ചിത്രങ്ങൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ ഓൺലൈൻ റിലീസിങ്ങ് പോലുള്ള പുതിയ സാങ്കേതികമാർഗ്ഗങ്ങൾ കൊണ്ട് സാധിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. അന്തർദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധനേടിയ കരിയുടെ ഓൺലൈൻ റിലീസിങ് നിർവ്വഹിച്ച് സംസാരിക്കുക്കവെ ആയിരുന്നു കമൽ വ്യക്തമാക്കിയത്. ഫിലിം കോകോ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് കരിയുടെ ഓൺലൈൻ പ്രദർശനം. മലയാള സിനിമകൾ ലോകമെമ്പാടും പ്രേക്ഷകരിലേക്കെത്തിക്കാനായി ആരംഭിച്ച ഫിലിം കോകോ ഡോട്‌കോം ആണ് കരി എന്ന ചലച്ചിത്രത്തിന്റെ ഓൺലൈൻ റിലീസിങിന് പിന്നിൽ.

പൈറസിയെ ചെറുത്തുകൊണ്ടും മലയാള സിനിമാ നിർമ്മാണ മേഖലയ്ക്ക് ഗുണകരമാകും വിധമാണ് വിദേശമലയാളികളുടെ നേതൃത്വത്തിലുള്ള ഫിലിം കോകോ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര മേളകളിൽ അംഗീകരിക്കപ്പെട്ട കരി എന്ന ചിത്രമാണ് ഫിലിം കോകോയിലൂടെ ആദ്യമായി റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ചലച്ചിത്ര അക്കാദമിയിൽ നടന്ന ചടങ്ങ് നടന്നത്. പുതിയ സാങ്കേതികവിദ്യകൾ ഇത്തരം ചലച്ചിത്രങ്ങൾക്ക് ഏറെ സഹായകമാകുമെന്നും, കരി തന്നെ ഏറെ ആകർഷിച്ച ചിത്രമാണെന്നും കമൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീനാപോൾ, ചിത്രത്തിലെ അഭിനേതാവ് റാം മോഹൻ എന്നിവർ പങ്കെടുത്തിരുന്നു. നല്ല ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും കാണാൻ ഇത്തരം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സഹായകരമാകുമെന്ന് ബീനാപോൾ അഭിപ്രായപ്പെട്ടു.
ജാതിയുടെ രാഷ്ട്രീയം മലബാറിലെ കരിങ്കാളികെട്ട് എന്ന അനുഷ്ഠാന കലയുടെ പശ്ചാത്തലത്തിൽ കറുത്ത നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കരി. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധാനം. പൊന്നാനിക്കാരനായ കെടി സതീശൻ എന്ന കഥാകൃത്താണ് സിനിമയിലെ മുഖ്യ വേഷം ചെയ്തത്. ബാഴ്‌സലോണ, ലോസ് എഞ്ചൽസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ സിനിമ കേരളത്തിൽ ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു. ഷാനവാസിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. ആദ്യ സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല 

കരി എന്ന സിനിമയെക്കുറിച്ച്...

നവോത്ഥാന കേരളം എന്നത് ചുവരെഴുത്തിലെ പൊള്ളത്തരമായി ചുരുങ്ങുന്ന കാലത്തെ ആധിയാണ് കരി. കേരളീയ സമൂഹത്തിലും മലയാളിയുടെ ഉപബോധത്തിലും വാലറ്റും വേരറ്റും പോകാത്ത ജാതിചിന്തയുടെ ദൃശ്യരേഖ. കറുത്ത ഹാസ്യത്തിലൂന്നി ചിരി ചിന്തയാക്കുന്ന അവതരണവും, പാത്രസൃഷ്ടിയിലും പ്രകടനങ്ങളിലും സ്വാഭാവികത നിലനിർത്താൻ കരിക്ക് സാധിച്ചിട്ടുണ്ട്.

ചേർത്തലയിൽ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട വാഹനത്തിൽ നിന്നാണ് കരി തുടങ്ങുന്നത്. ദിനേശന്റെ വീട് തേടിയാണ് ചേർത്തലക്കാരനായ ഗോപു കേശവമേനോന്റെയും തൃശൂരുകാരൻ ബിലാലിന്റെയും വരവ്. ഗോപുവിന്റെ ഗൾഫിലെ സ്ഥാപനത്തിലെ ജോലിക്കാരനാണ് ദിനേശൻ. താൽക്കാലിക വിസയിൽ ഗൾഫിലുള്ള ദിനേശന് ജോലി സ്ഥിരപ്പെടുന്നതിനായി വീട്ടുകാർ കരിങ്കാളി വഴിപാട് നടത്തുന്നുണ്ട്. ആ വഴിപാടിനുള്ള പണവുമായാണ് തൊഴിലുടമയും കൂട്ടുകാരനുമെത്തുന്നത്. ഒരു ഘട്ടത്തിൽ കരിങ്കാളി വഴിപാട് മുടങ്ങുമ്പോൾ അത് ഏറ്റെടുത്ത് നടത്താനുള്ള ബാധ്യത ഇരുവരുടേതുമാകുന്നു.

അവർണ്ണർക്ക് പ്രവേശനം സാധ്യമായതിന് ശേഷവും ക്ഷേത്രാനുഷ്ഠാനങ്ങളിൽ കീഴ്ജാതിക്കാർ പുറത്താണ്. മലബാറിൽ പൂരക്കാലത്തെ തെയ്യങ്ങളും, നടയിലാട്ടുമെല്ലാം കീഴാളരുടേതാണ്. പക്ഷേ എല്ലാം ക്ഷേത്രമതിലിന് പുറത്താണ്. മലബാറിലെ കരിങ്കാളി കീഴ്ജാതിക്കാരൻ കെട്ടുന്ന കോലമാണ്. മതിൽക്കെട്ടിന് പുറത്ത് തുള്ളിത്തീർക്കേണ്ട ദൈവരൂപം. അധ:കൃതന്റെ പ്രതിരോധവും പ്രതിഷേധവുമാണ് കരിയുടെ കറുപ്പ്.

മലപ്പുറത്താണ് കഥാപ്രദേശമെങ്കിലും ആലപ്പുഴയെയും പാലക്കാടിനെയും തൃശൂരിനെയും പരാമർശിച്ച് ജാതിവിളയുന്ന കേരളത്തിലുടനീളം കയറിയിറങ്ങുന്നുണ്ട് സിനിമ. മലപ്പുറം മലബാറിനെയാകെ പ്രതിനിധീകരിക്കുന്നതാകാം. ജാതീയത എത് നിമിഷവും തല പൊക്കി വിഷം തീണ്ടുന്ന ഇടമാണ് കേരളമെന്നതിന്റെ വിശദീകരണമാകുന്ന നിരവധി രംഗങ്ങളും കരിയിലുണ്ട്. ഉടലിന്റെ നിറം പ്രണയത്തെയും ജീവിതത്തെയും പരിമിതപ്പെടുന്നതിലെ നിസ്സഹായതയും നിലവിളിയും കരിങ്കാളിയുടെ ഉറഞ്ഞുതുള്ളലിലുണ്ട്.

കരി നമ്മുടെ നടപ്പുകാലത്തിന്റെ കരി പുരണ്ട മുഖമാണ്. കാലമാവശ്യപ്പെടുന്ന കാഴ്ച. ജാതി രാഷ്ട്രീയവും സാമുദായിക പ്രീണനവും ഒരു ജനതയെ ഇരുണ്ട നാളിലേക്ക് തിരിച്ചുവിടുമ്പോൾ അതിനോടുള്ള ചെറുത്തുനിൽപ്പാകുന്നുണ്ട് ഈ ചിത്രം. നിർബന്ധമായും കാണേണ്ട സിനിമ.