- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരി സതീഷ് പഴയ പണിയിൽതന്നെ; ഓംപ്രകാശും പുത്തൻപാലം രാജേഷും ജയിലിൽ; കേരള പൊലീസ് അന്വേഷിച്ചു കണ്ടെത്തിയ കേസിൽ സിബിഐ ക്രെഡിറ്റെടുത്തതിൽ നിസംഗതയോടെ അന്വേഷണ ഉദ്യോഗസ്ഥർ
ആലപ്പുഴ: മുത്തൂറ്റ് പോൾ എം. ജോർജ് വധം കേരള പൊലീസ് അന്വേഷിച്ചു, ക്രെഡിറ്റ് അടിച്ചെടുത്തത് സി ബി ഐ. വിധി കേട്ടപ്പോൾ നിസംഗത മാത്രമാണെന്ന് അന്വേഷണത്തിൽ മുഖ്യപങ്ക് വഹിച്ച ആലപ്പുഴ നോർത്ത് സി ഐ ആയിരുന്ന കെ എ തോമസ് മറുനാടനോട് പറഞ്ഞു. മുത്തൂറ്റ് പോൾ വധക്കേസിൽ അന്വേഷണം പൂർത്തിയാക്കിയതും തെളിവുകൾ ശേഖരിച്ചതും കേരള പൊലീസായിരുന്നു. തങ്ങൾ ശേഖരി
ആലപ്പുഴ: മുത്തൂറ്റ് പോൾ എം. ജോർജ് വധം കേരള പൊലീസ് അന്വേഷിച്ചു, ക്രെഡിറ്റ് അടിച്ചെടുത്തത് സി ബി ഐ. വിധി കേട്ടപ്പോൾ നിസംഗത മാത്രമാണെന്ന് അന്വേഷണത്തിൽ മുഖ്യപങ്ക് വഹിച്ച ആലപ്പുഴ നോർത്ത് സി ഐ ആയിരുന്ന കെ എ തോമസ് മറുനാടനോട് പറഞ്ഞു.
മുത്തൂറ്റ് പോൾ വധക്കേസിൽ അന്വേഷണം പൂർത്തിയാക്കിയതും തെളിവുകൾ ശേഖരിച്ചതും കേരള പൊലീസായിരുന്നു. തങ്ങൾ ശേഖരിച്ച തെളിവുകൾക്കപ്പുറത്ത് മറ്റൊന്നും സി ബി ഐക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തോമസ് പറഞ്ഞു. അധികമായി കണ്ടെടുത്തതു മണ്ണഞ്ചേരിയിലെ ആൾപാർപ്പില്ലാത്ത പുരയിടത്തിൽനിന്നും കണ്ടെത്തിയ വെട്ടുകത്തി മാത്രമായിരുന്നു. ഒടുവിൽ പൊലീസ് ശേഖരിച്ച തെളിവുകളും റിപ്പോർട്ടുമായി സി ബി ഐ കോടതിയിലെത്തി, ഇപ്പോൾ വിധിയും വന്നു.
അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. കേരള പൊലീസിന് അഭിമാനമുഹൂർത്തമൊരുക്കേണ്ട കേസാണ് ഇപ്പോൾ സി ബി ഐയുടെ അക്കൗണ്ടിലായത്. പോൾ എം ജോർജ് കേസന്വേഷണക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നു വിജിലൻസിലേക്കു മാറ്റപ്പെട്ട് ഇപ്പോൾ ആലപ്പുഴയിൽ ജോലി ചെയ്യുന്ന കെ എ തോമസ് പറഞ്ഞു.
പൊലീസിന്റെ സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് അതിവേഗം അന്വേഷണം പൂർത്തിയാക്കിയ കേസായിരുന്നു പോൾ മുത്തൂറ്റിന്റേത്. എന്നാൽ കേസിൽ അന്തർദേശീയ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് കേസ് സി ബി ഐക്ക് കൈമാറിയത്. അതേസമയം, വിധി പ്രഖ്യാപനം വന്നതോടെ ആരോപണത്തിൽ കഴമ്പില്ലെന്ന് തെളിഞ്ഞതായും തോമസ് പറഞ്ഞു. നേരത്തെ പൊലീസ് അന്വേഷണത്തിൽ 22 പ്രതികൾ ഉണ്ടായിരുന്നു. എന്നാൽ കേസ് സി ബി ഐ അന്വേഷിച്ചപ്പോൾ 14 ആയി. ഓം പ്രകാശിനെയും പുത്തൻപാലം രാജേഷിനെയും പൊലീസ് പ്രതിപ്പട്ടികയിൽ ചേർത്തപ്പോൾ സി ബി ഐ ഇവരെ മാപ്പുസാക്ഷികളാക്കി മാറ്റി.
ദക്ഷിണമേഖലാ ഡി ഐ ജി ആയിരുന്ന വിൻസെന്റ് എം പോൾ നേതൃത്വം നൽകിയ കേസ് അന്വേഷണത്തിൽ കണ്ടെത്തിയ എസ് കത്തി തന്നെയാണ് സി ബി ഐയ്ക്ക് ചൂണ്ടിക്കാട്ടാൻ കഴിഞ്ഞ ഏക ആയുധം. പോളിനു കുത്തേറ്റത് എസ് ആകൃതിയിലുള്ള ആയുധം കൊണ്ടാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ ആയുധമാണ് കേസിലെ പ്രധാന പ്രതിയായ കാരി സതീഷിന്റെ വീട്ടിൽനിന്നും കണ്ടെത്തിയത്. എസ് കത്തിയെക്കുറിച്ചും ഏറെ വിവാദം നിലനിന്നിരുന്നു.
കത്തി ചാത്തനാട്ടെ ഒരു കൊല്ലൻ നിർമ്മിച്ച് പൊലീസിന് നൽകിയതാണെന്ന് ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സമ്മതിക്കാൻ കാരിയുടെ അമ്മയ്ക്ക് 15 ലക്ഷം രൂപ പൊലീസ് ഓഫർ നൽകിയതായും ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമായിരുന്നുവെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും തോമസ് പറഞ്ഞു.
അന്വേഷണം അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥന്മാർ വിവാദത്തിൽ അകപ്പെട്ടതും ഈ കേസിന്റെ പ്രത്യേകതയായിരുന്നു. കേസ് അന്വേഷിച്ച മുഴുവൻ ഓഫീസർമാരെയും വിവിധ ഇടങ്ങളിലേക്കും സ്ഥലം മാറ്റിയിരുന്നു. കെ എം ടോമി, കെ എ തോമസ്, കെ എം തോമസ് തുടങ്ങിയ ഉദ്യോഗസ്ഥന്മാരെല്ലാം തന്നെ മറ്റു കാരണങ്ങൾ പറഞ്ഞ് മാറ്റപ്പെട്ടവരാണ്. കെ എ തോമസ് ഇപ്പോഴും മുഖ്യാധാര പൊലീസ് സേവനത്തിലേക്കു വന്നിട്ടില്ല. ഇപ്പോൾ ആലപ്പുഴയിൽ വിജിലൻസ് വിഭാഗത്തിൽ സർക്കിൾ ഇൻസ്‌പെക്ടറായി തുടരുകയാണ് തോമസ്.
അതേസമയം കേസിലെ മുഖ്യ പ്രതികളായി കേരള പൊലീസ് പരിഗണിച്ച പുത്തൻപാലം രാജേഷ് ഇപ്പോൾ പഴയ പണി വിട്ട് നെടുമ്പാശേരിയിൽ മണ്ണു മേഖലയിൽ കരാറുകാരനായി ജീവിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ ഗുണ്ടാ നിയമപ്രകാരം രാജേഷിനെ അടുത്തിടെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്.
അതേസമയം ഓം പ്രകാശാകട്ടെ കൊല്ലത്തു ജിംനേഷ്യം തുടങ്ങി. മറ്റു സമയങ്ങൾ എസ്എൻഡിപിയുമായി ബന്ധപ്പെട്ടും മത- സാമുദായികരംഗങ്ങളിൽ പ്രവർത്തിച്ചും വരുകയായിരുന്നു. എന്നാൽ, ഇതിനിടെയാണ് അപ്രാണി കൃഷ്ണകുമാമാർ വധക്കേസിൽ ഓം പ്രകാശ് ശിക്ഷിക്കപ്പെട്ടു. ഈ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുകയാണ്. കാരി സതീഷ് മാത്രമാണ് പഴയ പണി തുടരുന്നത്. സമീപകാലത്ത് ചങ്ങനാശേരി നാലുകോടിയിൽ ഉൽസവപ്പറമ്പിലെത്തിയ ആളെ കുത്തിയ കേസിൽ പ്രതിയായി ജയിലിലായിരുന്നു.