വിതുര: ഇടിമിന്നലേറ്റ് തകർന്നതെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നിട്ടും കറിച്ചട്ടിപ്പാറയിലെ കുരിശ് തകർന്നതെന്ന് വിശ്വസിക്കാൻ വിശ്വാസികൾ ഒരുക്കമല്ല. ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ടു വീണ്ടും കുരിശുമായി മലകയറാൻ ഒരുങ്ങുകയാണ് വൈദീകരും അൽമായരും.

ഹൈക്കോടതി വിധിയും വനംവകുപ്പിന്റെ ഉത്തരവും കാറ്റിൽ പറത്തിയാണ് കറിച്ചട്ടിപ്പാറയിൽ വീണ്ടും കുരിശ് സ്ഥാപിക്കാൻ ഉറച്ച് വൈദീകരുടെയും അൽമായരുടെയും നേതൃത്വത്തിൽ നീക്കം നടക്കുന്നത്. ഇടിമിന്നലേറ്റ് തകർന്ന കുരിശിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വൈദീകരുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്. അതേസമയം വനഭൂമിയിൽ കുരിശ് സ്ഥാപിച്ചാൽ പറിച്ച് നീക്കുമെന്ന് വനംവകുപ്പും അറിയിച്ചതോടെ വിതുര വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.

ഹൈക്കോടതി ഉത്തരവിനെ പോലും കാറ്റിൽ പറത്തിയാണ് കറിച്ചട്ടിപ്പാറയിലെ വനഭൂമിയിൽ ഇടിമിന്നലേറ്റ കുരിശിന് പകരം പുതിയ കുരിശ് നാട്ടാൻ വൈദികരുടെയും അൽമായരുടെയും നേതൃത്വത്തിൽ വിശ്വാസികൾ ഒരുങ്ങുന്നത്. വരുന്ന വെള്ളിയാഴ്ചയാണ് വിശ്വാസികളുടെ നേതൃത്വത്തിൽ വനഭൂമിയിൽ കുരിശ് നാട്ടാൻ വൈദീകരുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച വ്യക്തമായ സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. നേരത്തെ സ്ഥാപിച്ചിരുന്ന മരക്കുരിശ് ഇടിമിന്നലിൽ തകർന്നെങ്കിലും അത് വർഗീയ വാദികൾ നശിപ്പിച്ചതാണെന്ന വാദമുയർത്തിയാണ് പുതിയ കുരിശ് സ്ഥാപിക്കുന്നത്.

അതേസമയം വന മേഖലയിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഇതെല്ലാ കാറ്റിൽ പറത്തിയാണ് സഭയുടെ നീക്കം. ഈ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ഇവർ കുരിശ് നാട്ടാൻ ഇറങ്ങിയാൽ പൊലീസും വനംവകുപ്പും ആശ്രമം തടയും. ഇതോടെ പ്രദേശത്ത് വൻ സംഘർഷത്തിനും ഇടയാക്കിയേക്കുമെന്നാണ് സൂചന.

നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കുറിച്ചട്ടിപ്പാറയിൽ വിശ്വാസികൾ നാട്ടിയ കുരിശുകൾ വനം വകുപ്പ് നീക്കം ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷത്തിനൊടുവിൽ മന്ത്രി രാജുവുമായി നടത്തിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ വനഭൂമിയിൽ ഒരു മരക്കുരിശു സ്ഥാപിച്ചിരുന്നു. എന്നാൽ കനത്ത ഇടി മിന്നലിൽ ആ കുരിശും തകർന്നു. എന്നാലിത് ആസൂത്രിതമായി തകർത്തതാണെന്ന് വിശ്വാസികളും ലത്തീൻ അതിരൂപതയും ആരോപിച്ചു.

ഇതേത്തുടർന്ന് ഫോറൻസിക് വിഭാഗത്തിന്റെ വിദഗ്ധസംഘം നടത്തിയ പരിശോധനയിലും ഇടിമിന്നലേറ്റാണ് മരക്കുരിശിന്റെ മുകൾഭാഗം തകർന്നതെന്ന ് കണ്ടെത്തിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടും പൊലീസും വനം വകുപ്പും സർക്കാരിനു കൈമാറി. എന്നിട്ടും വിശ്വാസികൾക്ക് ഈ റിപ്പോർട്ടുകളിൽ ഒന്നും തൃപ്തി പോര.

മരക്കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥരും വർഗ്ഗീയ വാദികളും ചേർന്ന് തകർത്തതെന്ന വാദമുയർത്തിയ സഭ വിശ്വാസികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വനം മന്ത്രി രാജുവിന്റെ വസതിയിലേക്ക് ലത്തീൻ വുമൺ അസോസിയേഷൻ നടത്തിയ മാർച്ചും സംഘർഷഭരിതമായിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.

ഇതിൽ മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മൂന്നുപേർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. മുൻപ് നെടുമങ്ങാട് കാട്ടാക്കട, നെയ്യാറ്റിൻക്കര താലൂക്ക് ആസ്ഥാനങ്ങളിലേക്ക് നടന്ന സമരവും സംഘർഷത്തിൽ കലാശിച്ചിരുന്നു.
വരുന്ന വെള്ളിയാഴ്‌ച്ച നെയ്യാറ്റിൻകര അതിരൂപതയിലെ വിശ്വാസികൾ ഒന്നടങ്കം ബോണക്കാട് കറിച്ചട്ടിപ്പാറയിലേക്ക് പ്രാർത്ഥനയ്ക്കു പോകാൻ തീരുമാനിച്ചതായാണ് വിവരം. വിശ്വാസികളുടെ നേതൃത്വത്തിൽ വൻ ജനക്കൂട്ടത്തെ അണിനിരത്തി മലകയറി കുരിശു നീട്ടാനാണ് നീക്കം.