- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് നിസാമിനെതിരേ സർക്കാർ കാണിച്ച ശുഷ്‌കാന്തി ജോസ് കരിക്കിനേത്തിന്റെ കാര്യത്തിലില്ല; പരസ്യത്തിൽ മയങ്ങി മാദ്ധ്യമങ്ങളും നിശബ്ദരായി; കാഷ്യറെ മൃഗീയമായി മർദിച്ചു കൊന്ന കേസിൽ ഇനിയും വിചാരണ തുടങ്ങിയില്ല: ജോസ് കരിക്കിനേത്ത് പുറത്തു വിലസുന്നു
പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജാമ്യം പോലും നൽകാതെ വിചാരണ നടത്തി ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ കാണിച്ച ശുഷ്‌കാന്തി പത്തനംതിട്ട കരിക്കിനേത്തുകൊലപാതകക്കേസിൽ കാണിച്ചില്ല. ചന്ദ്രബോസിനെ നിസാം ആക്രമിച്ചതിനേക്കാൾ മൃഗീയമായിട്ടാണ് ബിജു എന്ന കാഷ്
പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജാമ്യം പോലും നൽകാതെ വിചാരണ നടത്തി ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ കാണിച്ച ശുഷ്‌കാന്തി പത്തനംതിട്ട കരിക്കിനേത്തുകൊലപാതകക്കേസിൽ കാണിച്ചില്ല. ചന്ദ്രബോസിനെ നിസാം ആക്രമിച്ചതിനേക്കാൾ മൃഗീയമായിട്ടാണ് ബിജു എന്ന കാഷ്യറെ പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്‌റ്റൈൽസിലിട്ടു മർദിച്ചു കൊന്നത്.
പത്തനംതിട്ട കരിക്കിനേത്ത് ഉടമ ജോർജിന്റെ സഹോദരൻ ജോസ് അടക്കം മൂന്നു പ്രതികളുണ്ടായിരുന്ന കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയില്ല. എന്നു മാത്രമല്ല, കേസ് ഉടൻ പരിഗണിക്കുന്നത് തടയാൻ നീക്കവും ശക്തമാണ്. സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ കേസ് അട്ടിമറിക്കാൻ ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. കരിക്കിനേത്തുകാരുടെ പരസ്യം കൈപ്പറ്റുന്ന മാദ്ധ്യമങ്ങളും കൂടി ചേർന്നതോടെ കേസ് ഒതുക്കാൻ എളുപ്പമായി.
പത്തനംതിട്ട കോളജ് റോഡിലെ കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ(39) പണാപഹരണം ആരോപിച്ച് അടൂർ കരിക്കിനേത്ത് ഉടമ ജോസും സംഘവും നിഷ്ഠൂരമായി മർദിച്ച് കൊലപ്പെടുത്തിയത് 2013 നവംബർ അഞ്ചിന് രാത്രി 11 മണിയോടെയായിരുന്നു. കണക്കിൽ ഒരു ലക്ഷം രൂപയുടെ കുറവ് കണ്ടതിനെപ്പറ്റി ചോദിക്കാൻ സ്ഥാപനം ഉടമ ജോർജ് സഹോദരനായ ജോസിനെ വിളിച്ചു വരുത്തുകയായിരുന്നു. ക്രൂരമായി ഇടിച്ചും ചവിട്ടിയുമായിരുന്നു കൊല നടത്തിയത്.
വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആന്തരികാവയവങ്ങളായ കരൾ, ശ്വാസകോശം എന്നിവ ഇടിയേറ്റു ചതഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവിടെയാണ് ചന്ദ്രബോസ് വധക്കേസുമായുള്ള സാമ്യം വരുന്നത്. ചന്ദ്രബോസിനെ നിസാം ക്രൂരമായി മർദിച്ചെങ്കിലും മരണം സംഭവിച്ചത് ദിവസങ്ങൾ കഴിഞ്ഞായിരുന്നു. ഇവിടെയാകട്ടെ ജോസ് ബിജുവിനെ മണിക്കൂറുകൾ കൊണ്ട് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
നിസാമിനെ കസ്റ്റഡി ട്രയൽ നടത്തി ശിക്ഷ വിധിച്ചപ്പോൾ ജോസിനെ കസ്റ്റഡിയിൽ എടുത്തതു പോലും മറുനാടൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. നിസാമിനെ പുറംലോകം കാണിക്കാതെ ശിക്ഷ വിധിച്ചതിനു പിന്നിൽ ഡി.ജി.പിയുടെ (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്) ഇടപെടലായിരുന്നു. ഡി.ജി.പി ശ്രമിച്ചിരുന്നെങ്കിൽ കരിക്കിനേത്ത് കേസിലും കസ്റ്റഡിവിചാരണ നടക്കുമായിരുന്നു. അതിന് സർക്കാർ ശ്രമിച്ചില്ല. നിസാമിനെതിരേ കൊലവിളി നടത്തിയ മാദ്ധ്യമങ്ങൾ കരിക്കിനേത്ത് കേസിൽ വായപൂട്ടി മിണ്ടാതെ ഇരുന്നു.
ചുരുക്കത്തിൽ ജോസ് ഇപ്പോഴും മാന്യനായി പുറത്തു വിലസുന്നു. പത്തനംതിട്ട സെഷൻസ് കോടതിയിൽ നിലവിലുള്ള കേസ് മൂന്നുവർഷമായിട്ടും പരിഗണിച്ചിട്ടില്ല. പ്രതികൾ റിമാൻഡിൽ കഴിയുമ്പോൾ തന്നെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ജാമ്യം ലഭിക്കുന്നതിന് അതൊന്നും തടസമായില്ല. കൃത്യം നടത്തിയതിന് ശേഷം അതിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള വഴിയാണ് ജോസ് നോക്കിയത്. കടയിൽനിന്ന് കാണാതായ ഒന്നരലക്ഷം രൂപ എവിടെ ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കാൻ വേണ്ടി മർദിക്കുന്നതിനിടയിലാണ് ബിജു മരിച്ചത്. മരിച്ച് രണ്ടു മണിക്കൂറിന് ശേഷമാണ് പൊലീസിൽ വിവരം അറിയിച്ചത്. ഈ സമയം കൊണ്ട് കൊലപാതകം നടന്ന സ്ഥലം കടയുടമയും ജീവനക്കാരും ചേർന്ന് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. ആദ്യം വിളി പോയത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചുരിന് ആയിരുന്നു. തിരുവഞ്ചൂരിന്റെ വിശ്വസ്തനായ അന്നത്തെ കോട്ടയം ഡിവൈ.എസ്‌പി വി. അജിത്ത് പത്തനംതിട്ട എസ്.ഐ ആയിരുന്ന മനുരാജിനോട് കൊല്ലപ്പെട്ട ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കാനാണ് ആവശ്യപ്പെട്ടത്. എസ്.ഐ. ഇതു നിരാകരിച്ചു.
പിന്നെയാണ് ഉന്നതങ്ങളിൽ നിന്ന് കളി നടന്നത്. അന്നത്തെ ഡിവൈ.എസ്‌പി ചന്ദ്രശേഖരപിള്ള, സി.ഐ മധുബാബു എന്നിവർ മുകളിൽ നിന്ന് രചിച്ച തിരക്കഥയ്ക്ക് അനുസരിച്ച് നാടകമാടി. ജോസിന്റെ ഡ്രൈവറെയും മറ്റു രണ്ടുപേരെയും പ്രതിയാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം നടന്നു. ഈ സമയത്തായിരുന്നു മറുനാടന്റെ ഇടപെടൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും യഥാർഥ പ്രതി ജോസ് ആണെന്നും മറുനാടൻ നിരന്തരം വാർത്ത നൽകിയതോടെ മറ്റു ചെറുകിട പത്രങ്ങളും ഏറ്റുപിടിച്ചു. പിന്നിട് എ.ഡി.ജി.പി ഹേമചന്ദ്രന്റെ നിർദേശപ്രകാരം അന്വേഷണസംഘത്തെ മാറ്റി. എസ്‌പിയായിരുന്ന പി. വിമലാദിത്യ, ഡി.സി.ആർ.ബി ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
ജോസിന്റെ അറസ്റ്റ് ഒഴിവാക്കാനും അവർ നൽകുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കാനുമായിരുന്നു മുകളിൽനിന്നുള്ള നിർദ്ദേശം. എന്നാൽ എസ്‌പിയും ഡിവൈ.എസ്‌പിയും ഇതിന് ചെവികൊടുത്തില്ല. ജോസ് നൽകിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവർക്ക് സംഭവവുമായി പുലബന്ധം പോലുമില്ലെന്നും തെളിഞ്ഞു. അവരിൽനിന്നു തന്നെയാണ് ജോസ് പ്രതിയാണെന്ന വിവരം ലഭിച്ചത്. അങ്ങനെ ജോസിനെയും രണ്ടു മാനേജർമാരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം അവഗണിച്ച അന്വേഷണ ഉദ്യോഗസ്ഥരായ പി. വിമലാദിത്യയ്ക്കും എൻ. രാജേഷിനും എട്ടിന്റെ പണിയും കിട്ടി. പി. വിമലാദിത്യ ഇപ്പോൾ മാവോയിസ്റ്റ് വേട്ടയുടെ തലവനാണ്. രാജേഷ് എറണാകുളത്ത് റെയിൽവേ പൊലീസ് ഡിവൈ.എസ്‌പിയും. നിസാമിന്റെ കഥകൾ മാദ്ധ്യമങ്ങളിൽ നിറയുമ്പോഴും കരിക്കിനേത്ത് സംഭവം മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. കരിക്കിനേത്ത് കേസ് ഉടനെയൊന്നും കോടതിയുടെ പരിഗണനയ്ക്ക് വരില്ലെന്നാണ് അറിയുന്നത്. ആദ്യമൊക്കെ പ്രതിഷേധവുമായി വന്ന ബിജുവിന്റെ വീട്ടകാരും പിന്നീട് ഒതുങ്ങി. ഇവരെ പണം നൽകി ജോസ് വശത്താക്കുകയായിരുന്നുവെന്നും പറയുന്നു.