- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷ്യർ കൊലക്കേസിൽ അകത്തു പോയ ജോസ് കരിക്കിനേത്തിന്റെ 'പുതിയ മുഖം'; നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാൻ ദിലീപിനും അമലാ പോളിനുമൊപ്പം പരസ്യചിത്രത്തിൽ: പുതിയ കടയുടെ പേരു പറഞ്ഞ് പത്രക്കാർക്ക് മദ്യസൽക്കാരം
പത്തനംതിട്ട: ഒരു യുവാവിനെ മൃഗീയമായി തല്ലിക്കൊന്ന കേസിൽ പ്രതിയായ അടൂർ കരിക്കിനേത്ത് സിൽക്‌സിന്റെ ഉടമ ജോസ് നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു. അടൂരിൽ 10ന് ഉദ്ഘാടനം ചെയ്യുന്ന കരിക്കിനേത്ത് സിൽക് ഗലേറിയോയുടെ മറവിലാണ് ജോസ് മാദ്ധ്യമങ്ങളിൽ മിന്നിത്തിളങ്ങുന്നത്. ദിലീപിനെയും അമലാപോളിനെയും ബ്രാൻഡ് അംബാസഡറാക്കി തുടങ്ങുന്ന
പത്തനംതിട്ട: ഒരു യുവാവിനെ മൃഗീയമായി തല്ലിക്കൊന്ന കേസിൽ പ്രതിയായ അടൂർ കരിക്കിനേത്ത് സിൽക്‌സിന്റെ ഉടമ ജോസ് നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു. അടൂരിൽ 10ന് ഉദ്ഘാടനം ചെയ്യുന്ന കരിക്കിനേത്ത് സിൽക് ഗലേറിയോയുടെ മറവിലാണ് ജോസ് മാദ്ധ്യമങ്ങളിൽ മിന്നിത്തിളങ്ങുന്നത്.
ദിലീപിനെയും അമലാപോളിനെയും ബ്രാൻഡ് അംബാസഡറാക്കി തുടങ്ങുന്ന തുണിക്കടയുടെ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ടാണ് നഷ്മായ ഇമേജ് തിരികെ പിടിക്കാൻ ജോസ് ഒരുങ്ങുന്നത്. ഇരുവർക്കും മധ്യത്തിലായി ജോസ് സ്ലോ മോഷനിൽ നടന്നു വരുന്നതാണ് പരസ്യചിത്രം.
പത്തനംതിട്ട കരിക്കിനേത്ത് സിൽക്‌സിൽ നടന്ന കൊലപാതകത്തിന്റെ കഥ മുക്കിയതിന് പ്രത്യുപകാരമായി നാളെ രാത്രി ഏഴിന് അടൂരിലെ നക്ഷത്ര ഹോട്ടലിൽ ജോസ് പത്രക്കാർക്കായി മദ്യസൽക്കാരവും ഒരുക്കിയിട്ടുണ്ട്. മനഃസാക്ഷിയുള്ള പത്തനംതിട്ട ജില്ലയിലെ ചില പത്രപ്രവർത്തകർ സൽക്കാരം ബഹിഷ്‌കരിച്ചിരിക്കുകയാണ്.
2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നതായി കേസുണ്ടായത്.
സംസ്ഥാനത്തെ അന്നത്തെ ആഭ്യന്തരമന്ത്രിയടക്കം ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച ആ കൊലപാതകക്കേസിൽ കൈ നിറയെ കാശു കിട്ടിയ പൊലീസുകാർ ഇപ്പോഴും ഇഷ്ടപ്പെട്ട പോസ്റ്റിൽ ഇരിക്കുമ്പോൾ യഥാർഥ പ്രതികളെ കുരുക്കാൻ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥൻ വയനാടൻ കാടുകളിൽ മാവോയിസ്റ്റുകളെ തിരഞ്ഞു നടക്കുന്നു.
ഇടതും വലതും ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാദ്ധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ പോരാട്ടമായിരുന്നു. പണവും സ്വാധീനവും ഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം.
കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട എസ്.ഐയ്ക്ക് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്നു പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈ.എസ്‌പിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്‌പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്നു കൂടി ഡിവൈ.എസ്‌പി പറഞ്ഞെങ്കിലും മാന്യനായ എസ്.ഐ നേരായ വഴിയിലൂടെയാണ് അനേ്വഷണം നടത്തിയത്.
പിറ്റേന്ന് രാവിലെ സംഭവം പുറംലോകമറിഞ്ഞു. കൊലപാതകികൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നു. ബിജുവിനെ തല്ലിക്കൊന്നതാണ്. കടയ്ക്കുള്ളിലാണ് ബിജു മർദനമേറ്റ് മരിച്ചത്. ആ സമയത്ത് കടയിലുണ്ടായിരുന്നവർ പ്രതികളാണ്. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മതി. പക്ഷേ, അങ്ങനെ ഒരു നീക്കം ഒരിക്കലും ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒരാഴ്ചയോളം അതങ്ങനെ പോയി. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ പേര് പറഞ്ഞ് അറസ്റ്റ്, അനേ്വഷണം ഒക്കെ നീട്ടിക്കൊണ്ടു പോയി. ജനസമ്പർക്ക പരിപാടിയുടെ ദിവസം ചില മാദ്ധ്യമങ്ങളുടെ ഒന്നാം പേജിൽ കരിക്കിനേത്തുകൊലപാതകം പൊലീസ് അട്ടിമറിച്ചത് എങ്ങനെയെന്ന വിശദമായ വാർത്ത വന്നു. അതിലൊരു കോപ്പി മുഖ്യനും കിട്ടി. പിന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു.
ലോക്കൽ പൊലീസ് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ പ്രത്യേകസംഘത്തെ അനേ്വഷണത്തിന് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി എ.ഡി.ജി.പി ശാസിച്ചതിനു ശേഷമായിരുന്നു അനേ്വഷണസംഘം കേസ് ഏറ്റെടുത്തത്. ലോക്കൽ പൊലീസിന്റെ നടപടി സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്നും ജനങ്ങളുടെ ഇടയിൽ വിശ്വാസത്തിന് കോട്ടം തട്ടുന്നതിന് കാരണമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
ക്രമസമാധാന തകർച്ചയ്ക്കും ഇത് വഴിവയ്ക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇത്രയും ഗൗരവകരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥർ കടയുടമയ്ക്ക് വേണ്ടി ഒരു തോമസുകുട്ടി വൻതുക കൈക്കൂലി നൽകിയെന്നും പരാമർശം ഉണ്ടായിരുന്നു. എസ്‌പിയായിരുന്ന പി. വിമലാദിത്യ, ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷ്, പത്തനംതിട്ട എസ്.ഐയായിരുന്ന മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അനേ്വഷണസംഘം രൂപീകരിച്ചു. ലോക്കൽ പൊലീസിന്റെ അനേ്വഷണത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഏക ഉദ്യോഗസ്ഥനാണ് മനുരാജ് എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.
ഇതോടെ കരിക്കിനേത്തുകാർ ഇളകി. പുതിയ കഥ മെനഞ്ഞ് തങ്ങളുടെ ഡ്രൈവറെ മാത്രം കൊലക്കേസിൽ പ്രതിയാക്കാൻ നീക്കം തുടങ്ങി. അതിനായി അയാളുടെ വീട്ടിൽ ലക്ഷങ്ങൾ എത്തിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പറയാൻ ഒരു കഥയും തയാറാക്കി ഡ്രൈവറെ പൊലീസിന് കൈമാറാൻ ധാരണയുമായി. വിവരം മണത്തറിഞ്ഞ മറുനാടൻ സംഗതി പരസ്യമാക്കി. എസ്‌പിയുടെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഡ്രൈവർ മൊഴിമാറ്റി. പിന്നെ അനൗപചാരികതകൾ മാത്രം ബാക്കി. കരിക്കിനേത്ത് ജോസ്, ജോർജ്, കൈപ്പട്ടൂർ കരിക്കിനേത്തിലെ കാഷ്യർ എന്നിവരടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് ഒരു കോൺഗ്രസ് മന്ത്രി അനേ്വഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു: ...എന്തായാലും അവൻ (ബിജു) പട്ടിയെപ്പോലെ ചത്തു. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തൻ ഇറങ്ങിക്കോളും.
Maskara Events coordinating the grand inauguration of Karikkineth Silks by Dileep and Amala Paul on 10th April.
Posted by Maskara Events on Saturday, 4 April 2015
കരിക്കിനേത്ത് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്തു. കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. ശിക്ഷാവിധിയിൽ നിന്ന് ആരു വിചാരിച്ചാലും കരിക്കിനേത്ത് സഹോദരന്മാർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നത്. ഉടൻ തന്നെ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കേസ് സെഷൻസിൽ എത്തും.
ഈ സംഭവത്തിനുശേഷം മങ്ങിപ്പോയ ബിസിനസ് സാമ്രാജ്യം പച്ച പിടിപ്പിക്കാനാണ് ജോസിന്റെ ശ്രമം. അതിനായിട്ടു കൂടിയാണ് സ്വന്തം മുഖം പരസ്യചിത്രത്തിലും മറ്റും ഉൾക്കൊള്ളിച്ച് വീണ്ടും രംഗത്തു വന്നിരിക്കുന്നത്.