പത്തനംതിട്ട: കേരളത്തെ നടുക്കിയ കരിക്കിനേത്തു കൊലപാതക കേസിൽ പ്രതികളായ തുണിക്കട മുതലാളിമാരെ രക്ഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിശ്വസ്തർ പോലും ജീവനക്കാരനെ തല്ലിക്കൊന്നവർക്ക് വേണ്ടി ഇടപെട്ടു. എല്ലാം കോംപ്രമൈസ് ചെയ്യാൻ വേണ്ടി സിപിഎം-കോൺഗ്രസ് സഹകരണം തന്നെയാണ് കേസിലുണ്ടായത്. ഭരിക്കുന്നവരാണ് പലപ്പോഴും ഇത്തരം കേസുകൾ ഒതുക്കാൻ മുന്നിലുള്ളത് എന്നതിനാൽ കോൺഗ്രസിൽ നിന്നും ബാറ്റൺ ഇപ്പോൾ കൈയിലേന്തിയിരിക്കുന്നത് സിപിഎം നേതാക്കൾ തന്നെയാണ്.

പരസ്യദാതാവ് എന്ന നിലയിൽ മാധ്യമങ്ങളും രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവൻ എന്ന നിലയിൽ അവരും മുതലാളിമാരെ രക്ഷിക്കാൻ നീക്കം നടത്തുമ്പോൾ ദാരുണമായി കൊലചയ്യപ്പെട്ട കരിക്കിനേത്ത് ടെക്സ്‌റ്റൈൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി ജോസഫിന് നീതിക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ കുടുംബം രംഗത്തുള്ളത്. വിചാരണ തുടങ്ങാതെ കേസ് നീളുമ്പോഴും പൊതുതാൽപര്യം ഇല്ലെന്ന് പറഞ്ഞ് സ്പെഷ്യൽ പ്രൊസിക്യൂട്ടറെ വയ്ക്കുന്നതും തടയുന്നത് സിപിഎം നേതാക്കൾ തന്നെയാണെന്നാണ് ഉയരുന്ന ആക്ഷേപം.

സിപിഎം അധികാരത്തിൽ എത്തിയതിന് പിന്നാലെ ജോസ് കരിക്കിനേത്തിന്റെ അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറാക്കി തിരുകിക്കയറ്റാൻ ശ്രമം നടന്നതും ഇതിനായി സിപിഎം നേതാക്കൾ മുൻകൈയെടുത്ത് നീക്കം നടത്തിയതും വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇടയ്ക്ക് ഈ നീക്കം പൊളിയുകയായിരുന്നു. 2013 നവംബർ ഏഴിന് അർദ്ധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്‌റ്റൈൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി ജോസഫിനെ മർദ്ദിച്ചു കൊലപ്പെടുത്തുന്നത്. വർഷം അഞ്ചു കഴിഞ്ഞിട്ടും കേസിന് യാതൊരു അനക്കവുമില്ലാതെ മുന്നോട്ടു പോകുന്നതിന് കാരണം ഉന്ന ഇടപെടൽ തന്നെയാണ്.

ഇതിനിടെ കേസിൽ വിചാരണ തുടങ്ങാനിരിക്കേ പ്രതിഭാഗം അഭിഭാഷകനെ ഗവ. പ്ലീഡറാക്കി മാറ്റാൻ ശ്രമമുണ്ടായത് ഈ സർക്കാരിന്റെ കാലത്താണ്. രാഷ്ട്രീയക്കാരുടെ നോമിനികളായി സർക്കാർ അഭിഭാഷകരെ നിയമിക്കുന്ന സമയത്താണ് ഈ നീക്കം നടന്നത്. ഇപ്പോൾ കേസിന്റെ ചുമതല ഏർപ്പിച്ചിരിക്കുന്നത് സിപിഐ നോമിനിയായ അഭിഭാഷികയെ ആണ്. പ്രഗത്ഭ അല്ലാത്ത അഭിഭാഷകയെ നിയമിച്ചെങ്കിലും അവരെയും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്നു.

ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇത്തരം ഇടപെടൽ തുടങ്ങിയത് പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തെ തുടർന്നായിരുന്നു. കരിക്കിനേത്ത് കേസിൽ പ്രതിയായ ജോസിന്റെ അഭിഭാഷകൻ അജിത് പ്രഭാവിന്റെ പേര് കൂടി സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ ശിപാർശ പ്രകാരം ജില്ലാ കലക്ടർ ചേർത്തിരുന്നു. ഇത് വലിയ ചർച്ചയായി. മറുനാടൻ ഇക്കാര്യം റിപ്പോർട്ടുചെയ്തതോടെ വിഷയം പുറത്തറിയുകയും ചെയ്തു. പ്ലീഡർ സ്ഥാനങ്ങളിലേക്ക് 65 പേരാണ് ജില്ലാ ജഡ്ജിക്ക് അപേക്ഷ നൽകിയിരുന്നത്. ഇക്കൂട്ടത്തിൽ അജിത് പ്രഭാവ് അപേക്ഷിച്ചിരുന്നില്ല. ജുഡീഷ്യൽ ഓഫീസർമാരും ജില്ലാ ജഡ്ജിയും അടങ്ങുന്ന സമിതി അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തി 21 പേരുടെ പട്ടിക ഉണ്ടാക്കി ജില്ലാ കലക്ടർക്ക് കൈമാറിയിരുന്നു.

ഈ പട്ടികയിലേക്കാണ് അജിത് പ്രഭാവ് അടക്കം 11 പേരെക്കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നത്. നേരത്തേ അപേക്ഷിക്കാത്ത അജിത് പ്രഭാവിന്റെ പേര് പട്ടികയിൽ തിരുകിയത് പിന്നിൽ സിപിഎം സ്വാധീനമായിരുന്നു വ്യക്തമായിരുന്നു. കരിക്കിനേത്ത് മുതലാളിയുടേത് അടക്കമുള്ള കേസുകളിൽ ഇടപെടുന്നതു കൂടി ലക്ഷ്യമിട്ടായിരുന്നു ഈ ശ്രമം. സിപിഐഎം നേതൃത്വം ജോസ് കരിക്കിനേത്തിനോട് വിധേയത്വം കാണിക്കുകയാണെന്നാണ് ആരോപണവും ഇതോടെ ശക്തമായി. ഒടുവിൽ കരിക്കിനേത്ത് കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചപ്പോൾ സിപിഐ നോമിനിയെ നിയമിക്കുകയും ചെയ്തു.

വലതു ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാൻ പോരാട്ടമായിരുന്നു. പണവും സ്വാധീനവും ഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം.

കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട എസ്.ഐയ്ക്ക് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈ.എസ്‌പിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്‌പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്നു കൂടി ഡിവൈ.എസ്‌പി പറഞ്ഞെങ്കിലും മാന്യനായ എസ്.ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്നു രാവിലെ സംഭവം പുറംലോകമറിഞ്ഞു. കൊലപാതകികൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നു.

ബിജുവിനെ തല്ലിക്കൊന്നതാണ്. കടയ്ക്കുള്ളിലാണ് ബിജു മർദനമേറ്റ് മരിച്ചത്. ആ സമയത്ത് കടയിലുണ്ടായിരുന്നവർ പ്രതികളാണ്. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മതി. പക്ഷേ, അങ്ങനെ ഒരു നീക്കം ഒരിക്കലും ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരാഴ്ചയോളം അതങ്ങനെ പോയി. മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയുടെ പേര് പറഞ്ഞ് അറസ്റ്റ്, അന്വേഷണം ഒക്കെ നീട്ടിക്കൊണ്ടു പോയി. കരിക്കിനേത്തുകൊലപാതകം പൊലീസ് അട്ടിമറിച്ചത് എങ്ങനെയെന്ന വിശദമായ വാർത്ത മറുനാടൻ മലയാളി നൽകി. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലോക്കൽ പൊലീസ് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി എ.ഡി.ജി.പി ശാസിച്ചതിന് ശേഷമായിരുന്നു അന്വേഷണസംഘം കേസ് എടുത്തത്.

ലോക്കൽ പൊലീസിന്റെ നടപടി സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്നും ജനങ്ങളുടെ ഇടയിൽ വിശ്വാസത്തിന് കോട്ടം തട്ടുന്നതിന് കാരണമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ക്രമസമാധാന തകർച്ചയ്ക്കും ഇത് വഴിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇത്രയും ഗൗരവതരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥർക്ക് കടയുടമയ്ക്ക് വേണ്ടി ഒരു തോമസുകുട്ടി വൻതുക കൈക്കൂലി നൽകിയെന്നും പരാമർശം ഉണ്ടായിരുന്നു. എസ്‌പിയായിരുന്ന പി. വിമലാദിത്യ, ജില്ലാ ക്രൈം റെക്കോഡ്‌സ്ബ്യൂറോ ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷ്, പത്തനംതിട്ട എസ്.ഐയായിരുന്ന മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.

ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഏക ഉദ്യോഗസ്ഥനാണ് മനുരാജ് എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ കരിക്കിനേത്തുകാർ ഇളകി. പുതിയ കഥ മെനഞ്ഞ് തങ്ങളുടെ ഡ്രൈവറെ മാത്രം കൊലക്കേസിൽ പ്രതിയാക്കാൻ നീക്കം തുടങ്ങി. അതിനായി അയാളുടെ വീട്ടിൽ ലക്ഷങ്ങൾ എത്തിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പറയാൻ ഒരു കഥയും തയാറാക്കി ഡ്രൈവറെ പൊലീസിന് കൈമാറാൻ ധാരണയുമായി. വിവരം മണത്തറിഞ്ഞ മറുനാടൻ സംഗതി പരസ്യമാക്കി. എസ്‌പിയുടെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഡ്രൈവർ മൊഴിമാറ്റി. പിന്നെ അനൗപചാരികതകൾ മാത്രം ബാക്കി. കരിക്കിനേത്ത് ജോസ്, ജോർജ്, കൈപ്പട്ടൂർ കരിക്കിനേത്തിലെ കാഷ്യർ എന്നിവരടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തു.

കരിക്കിനേത്ത് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്തു. പാവങ്ങളെ ആർക്കും തല്ലാം കൊല്ലാം. ഒരു പട്ടിയും ചോദിക്കില്ല എന്ന ആത്മവിശ്വാസമായിരുന്നു കരിക്കിനേത്തിന്റെ ഉടമകൾക്ക്. ശിക്ഷാവിധിയിൽ നിന്ന് ആരു വിചാരിച്ചാലും കരിക്കിനേത്ത് സഹോദരന്മാർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നത്. കരിക്കിനേത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരേ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് കേസ് ഒതുക്കാൻ നീക്കം പലതലത്തിലും നടക്കുന്നത്.

ഇപ്പോൾ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനും മുതലാളിമാരെ രക്ഷിക്കാനും അധികാരത്തിന്റെ ബലത്തിൽ തന്നെ ഇവർ രംഗത്തുണ്ട്. സംഭവം നടന്ന് അഞ്ചു വർഷമാകുമ്പോഴും വിചാരണ തുടങ്ങിയില്ലെന്നതു പോകട്ടെ, കേസിൽ ഗവ. പ്ലീഡറുടെ കൈവശമുള്ള സുപ്രധാന ഫയൽ മറ്റൊരു വക്കീലിന്റെ ഓഫീസിലേക്ക് പോയതും വിവാദമായി. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ കേസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഏൽപ്പിക്കുവാൻ വേണ്ടി ജില്ലാ പൊലീസ് മേധാവി ഫയൽ ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഫയൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത് വക്കീലിന്റെ ഓഫീസിൽ നിന്നാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

രണ്ടമത് രൂപീകരിച്ച അന്വേഷണ സംഘം കേസ് മികച്ച നിലയിൽ തന്നെയാണ് അന്വേഷിച്ചത്. ഈ അന്വേഷണ റിപ്പോർട്ട് കോടതിയുടെ പക്കലുണ്ട്. കേസിൽ നേരാം വിധത്തിൽ വാചാരണ നടത്തിയാൽ ജോസും ജോർജ്ജും അകത്താകാൻ തന്നെയാണ് സാധ്യത കൂടുതൽ. എന്നാൽ, മികച്ച വിധത്തിൽ വാദങ്ങൾ ഇതിനായി പുറത്തെടുക്കേണ്ടി വരും. ഇപ്പോഴത്തെ നിലയിൽ സിപിഐ നോമിനിയായ പബ്ലിക് പ്രോസക്യൂട്ടർ കേസിൽ അപ്പിയർ ചെയ്താൽ വിജയിക്കുമെന്ന ആത്മവിശ്വാസം ബിജുവിന്റെ ബന്ധുക്കൾക്ക് പോലുമില്ല. അതുകൊണ്ട് തന്നെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്ന് വാദിക്കുന്നത്. എന്നാൽ, പൊതുതാൽപ്പര്യമില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയാണ് സർക്കാർ അധികാരികൾ.

ബിജുവിന് നീതി ലഭിക്കാൻ വേണ്ടി ശബ്ദിക്കാൻ മറ്റു മാധ്യമങ്ങളും ഇല്ലാത്തതിനാൽ അധികാരികൾ കൈയും കെട്ടിയിരിക്കുകയും ചെയ്യുന്നു. സമാനരീതിയിലാണ് നിഷാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊന്നത്. നിസാം ജയിലിൽ ആയി. എന്തുകൊണ്ടാണ് കരിക്കിനേത്തുകാർ അകത്താകാതെ നെഞ്ചും വിരിച്ച് നടക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം അവർക്ക് കക്ഷിഭേദമന്യേ പിടിപാടുണ്ട് എന്നതു തന്നെയാണ്.