വ്യത്യസ്തതക്കായി എന്നും കാത്തിരിക്കുന്നവർ ആണെല്ലോ മലയാളി പ്രേക്ഷകർ. ചാനൽ ചർച്ചകളിൽ എല്ലാവരും വ്യത്യസ്തത എന്നു പറയുമെങ്കിലും ഒരേ അച്ചിലുള്ള പ്രേമവും, കടുംബവും, സൗഹൃദവുമൊക്കെയായുള്ള ക്ഷീരബലകൾക്കിടയിൽ വല്ലപ്പോഴുമാണ് പ്രമേയപരമായ സമ്പൂർണ വ്യത്യസ്തത മലയാളത്തിൽ ഉണ്ടാവാറുള്ളത്. അത്തരത്തിലൊന്നാണ് ദീപുകരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത കരിങ്കുന്നം സിക്‌സസ്.

മലയാളത്തിൽ ആദ്യമായിട്ടാണ് സമ്പൂർന്നമായി ഒരു സ്പോർട്സ് ത്രില്ലർ സൃഷ്ടിക്കപ്പെടുന്നത് എന്ന ചരിത്രപരമായ പ്രാധാന്യവും ഈ ചിത്രത്തിലുണ്ട്. എബ്രിഡ് ഷൈനിന്റെ '1983' അടക്കമുള്ള നിരവധി ചിത്രങ്ങളിൽ കായിക രംഗം പ്രമേയമായി വരുന്നുണ്ടെങ്കിലും ഈ രീതിയിൽ സമ്പൂർണമായൊരു സ്പോർട്സ് സിനിമ ഇവിടെ ഉണ്ടായിട്ടില്ല. ഈ ചിത്രത്തിന്റെ രണ്ടാം പകുതിയുടെ പകുതിയോളം പൂർണമായും വോളിബോൾ മൽസരമാണ്.

എന്നിട്ടും അൽപ്പംപോലും വിരസതയില്ലാതെ, ഒരു വാണിജ്യസിനിമയുടെ എല്ലാവിധ ചേരുവകളും ട്വിസ്റ്റും സസ്‌പെൻസും കളിക്കുള്ളിലെ കളിയുമായി ചടുലമായി മുന്നേറുകയാണ് കരിങ്കുന്നം. കാശുമുടക്കി ടിക്കറ്റെടുത്ത് കയറുന്ന പ്രേക്ഷകർക്ക് പൈസ വസൂലാവുന്ന പടമാണിതെന്ന് നിസ്സംശയം ശിപാർശ ചെയ്യാം.( നമ്മുടെ ചില ഫേസ്‌ബുക്ക് ഓൺലൈൻ നിരൂപകരെ സമ്മതിക്കണം. ഇവർ എഴുതിയത്‌കേട്ട് ഇത് അറുബോറൻ പടമാണെന്നാണ് ഈ ലേഖകനും കരുതിയത്. ഇങ്ങനെയൊക്കെ അപവാദം പ്രചരിപ്പിക്കുന്നവനെയും സമ്മതിക്കണം).

പക്ഷേ അതുമതിയോ. സാമാന്യബുദ്ധിക്ക് നിരക്കാത്തതും, ഏച്ചുകെട്ടിയതുമായ കുറെ രംഗങ്ങൾ ഒഴിവാക്കി അൽപ്പംകൂടി ബുദ്ധിപൂർവം തിരക്കഥ വികസിപ്പിക്കുയായിരുന്നെങ്കിൽ, മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമാവുമായിരുന്നു ഈ പടം. അതുകൊണ്ടുതന്നെ ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയത്.ഒരു നല്ല പ്രമേയത്തെ വിശ്വസനീയമാം വിധത്തിൽ വികസിപ്പിക്കാൻ എന്തുകൊണ്ടാണ് മലയാളി സംവിധായകർക്ക് കഴിയാതെ പോവുന്നത്. അങ്ങനെയായിരുന്നെങ്കിൽ തമിഴിലെ വെണ്ണിലാ കബഡിക്കൂട്ടത്തോടും, ഹിന്ദിയിലെ ലഗാനും, ചക്തേ ഇന്ത്യക്കും കിടപിടിക്കുന്ന ചിത്രമാക്കി ഇതിനെ മാറ്റാമായിരുന്നു.

ദീപു കരുണാകരന്റെ ആദ്യചിത്രമായ മമ്മൂട്ടിയുടെ 'ഫയർമാനിലും' ഇതേ പ്രശ്‌നമുണ്ടായിരുന്നു. ഗംഭീരമായ ഫയർമാന്റെ പ്രമേയത്തിൽ അതിവൈകാരികയും താരാരാധനയുമൊക്കെ കടത്തിവിട്ട് ആവറേജാക്കി.എന്നാൽ ഈ പടത്തിൽ അതിൽനിന്നൊക്കെ എത്രയോ ദീപു മുന്നോട്ട് പോയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

തടവറയിൽനിന്നൊരു തകർപ്പൻ സ്മാഷ്!

മ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സജീവമായ ജനപ്രിയ ഗെയിമാണെല്ലോ വോളിബോൾ. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ആളുകളെവച്ച് കളിക്കാവുന്ന താരതമ്യേന അപകടരഹിതമായ ഈ ഇനം പക്ഷേ, ആഗോളീകരണക്കാലത്ത് പതുക്കെ അലിഞ്ഞില്ലാവുകയാണ്. ആ സമയത്താണ് വോളിബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന, ജിമ്മിജോർജിന്റെ ആരാധകനായ എബി (അനൂപ് മേനാൻ) വോളിബോൾ പ്രീമിയർ ലീഗ് എന്ന ആശയവുമായി രംഗത്തത്തെുന്നത്. പക്ഷേ പതിവ് ക്‌ളീഷെയിൽ തന്നെയാണ് ചിത്രത്തിന്റെ തുടക്കം. സമ്പന്നനായ കരിങ്കുന്നം കുടംബത്തിൽ അംഗമായ എബി, അനാഥയായ ഹിന്ദുയുവതി വന്ദനയെ (മഞ്ജു വാര്യർ) പ്രണയിച്ച് വിവാഹം കഴിച്ചതോടെ കുടുംബത്തിൽനിന്ന് പുറത്താവുന്നു. (ഈ പരിപാടിയൊക്കെ എന്നാണാവോ ഒന്ന് മാറ്റിപ്പിടിക്കുക) അവർ ഇരുവരെയും ഒന്നിപ്പിക്കുന്നത് ഒരേ വികാരമാണ്. വോളിബോൾ!

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുമ്പോഴും കരിങ്കുന്നം സിക്‌സസ് എന്ന തന്റെ ടീമിന്റെ കാര്യത്തിൽ എബി വിട്ടുവീഴ്ചക്കില്ല.വോളിബോൾ പ്രീമിയർ ലീഗിനായുള്ള അയാളുടെ ശ്രമങ്ങൾ ഏതാണ്ട് വിജയത്തിലത്തെവെ അപ്രതീക്ഷിതമായുണ്ടായ ചില സംഭവവികാസങ്ങളിൽ എബി വീണുപോകുന്നു. കിടപ്പിലായെങ്കിലും അയാളുടെ ആഗ്രഹം സാക്ഷാത്കരിക്കാനായി ഭാര്യ വന്ദന രംഗത്തിറങ്ങുകയാണ്.

കളിക്കൊപ്പം കളിക്കുള്ളിലെ കളികളിലേക്കുകൂടി ചിത്രം നീങ്ങുന്നുണ്ട്. എബി വീണുപോയതോടെ അയാളുടെ കരിങ്കുന്നം സിക്‌സസ് ടീമിലെ കളിക്കാരെ മൊത്തമായി ഒരു കോർപ്പറേറ്റ് ടീം റാഞ്ചുന്നു. അതോടെ പുതിയ ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് വന്ദന. അവൾ കണ്ടുവച്ച ടീമിനെയും അവസാന നിമിഷം എതിരാളികൾ കൊണ്ടുപോവുന്നു. അതിനിടെയാണ് വന്ദന ജയിലിലെ വോളിബോൾ ടീമിനെക്കുറിച്ച് അറിയുന്നത്. അതോടെ ആർക്കും തട്ടിയെടുക്കാൻ കഴിയാത്ത ആ ടീമിനെ സ്വന്തമാക്കി പ്രീമിയർ ലീഗിൽ കളിപ്പിക്കാനുള്ള ശ്രമത്തിലാണ് അവൾ.

ജയിൽ ഐ.ജിയുടെ പ്രത്യേക താൽപ്പര്യത്തിൽ അവൾ ജയിലിൽ കോച്ചായി എത്തുകയാണ്. അതോടെ സിനിമ ഉറക്കച്ചടവ് വിട്ട് ചൂടുപിടക്കയാണ്. കടുത്ത ലൈംഗിക ദാരിദ്രത്തിൽ ജീവിക്കുന്ന പുരുഷ സാമ്രാജ്യത്തിലേക്ക് ഒരു സുന്ദരിയായ വനിതാ കോച്ച് കടന്നുവന്നാലുണ്ടാവുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്. അൽപ്പം നർമ്മം പൊതിഞ്ഞ് അതൊക്കെ ദീപു കരുണാകരൻ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നുണ്ട്.

വോളിബോളിന്റെ കഥമാത്രമല്ല ഒരു ഘട്ടത്തിൽ സിനിമ ജയിൽ അന്തേവാസികളുടെ കഥതന്നെയാവുകയാണ്. മൽസരവും കുരുക്കുകളും മൊക്കെയായി അതിവേഗത്തിൽ പടം മുന്നേറുമ്പോൾ തീയേറ്ററിൽ കൈയടികളും ഉയരുന്നു. രണ്ടാംപകുതിയിലെ വോളിബോൾ മൽസമൊക്കെ കൈയടക്കത്തോടെ എടുക്കാൻ സംവിധായകനായിട്ടുണ്ട്.തകർപ്പൻ സ്മാഷിനായി കരിങ്കുന്നം അംഗങ്ങൾ ചാടുമ്പോൾ പ്രേക്ഷകരും കൂടെപ്പോവുന്നു. ഒരു മൽസരത്തിന്റെ സംത്രാസം ശരിക്കും പകരാൻ സിനിമക്കായിട്ടുണ്ട്. കരിങ്കുന്നത്തിന്റെ വിപണി വിജയം സാധ്യമാവുന്നതും ഇതുകൊണ്ടാണ്. പക്ഷേ അതേസമയം ഈ പടത്തിലെ തിരക്കഥയുടെ ദുർബലതകളും കാണാതെ പോയിക്കൂടാ.

തിരക്കഥയിലെ പാളിച്ച പ്രകടം 

ക്ഷൻ ഹീറോ ബിജുവിലെ 15 തെറ്റുകൾ എന്നൊക്കെപ്പറഞ്ഞ് യുട്യൂബിൽ പ്രചിക്കുന്ന വീഡിയോപോലെ ഈ പടത്തിലെ തിരക്കഥയിലെ പാളിച്ചകൾ എന്നുപറഞ്ഞ് മറ്റൊരു വീഡിയോക്കുകൂടിയും സ്‌കോപ്പുണ്ട്. മഞ്ജുവിന്റെ വോളിബോൾ കോച്ചിന്റെ കാര്യംതന്നെയെടുക്കുക. എങ്ങനെയാണ് മഞ്ജുവിന് ഈ കഴിവ് കിട്ടിയതെന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. കഥ തുടങ്ങുമ്പോൾ ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി വോളിബോൾ തട്ടുന്ന ഭാര്യയെയാണ് കാണിക്കുന്നത്. അവൾ ഒരു വോളിബോൾ വിദഗ്ധയാണെന്ന് കഥയിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ ഭർത്താവ് വീണുപോകുന്നതോടെ പൊടുന്നനെ അവർ കളി ശാസ്ത്രീയമായി അറിയാവുന്ന കോച്ചാവുന്നു. ഒരു നല്ല കോച്ചാവുകയാണെന്നത് വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു സാധനയാണെന്ന് സ്പോർട്സ് പ്രേമിയായ ദീപു മറന്നുപോയോ?

ഇനി വോളിബോൾ പ്രീമിയർ ലീഗ്‌പോലുള്ള സുപ്രധാനമായ ഒരു കളിയിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്ന ലാഘവത്വം നമ്മെ ഞെട്ടിച്ചുകളയും. ആദ്യം ഒരു നാട്ടിൻപുറത്തെ ടീമിനെ അതേപടി പൊക്കിയെടുത്ത് ദിവസങ്ങൾകൊണ്ട് പരിശീലിപ്പിച്ച് കളത്തിലിറക്കയാണ് വന്ദന.അതുപോലെ തന്നെ ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട്, ഒരു പ്രാഫഷണൽ കളിപോലും കണ്ടിട്ടില്ലാത്ത ജയിലിലെ അന്തേവാസികളെവച്ച് ഇത്രയും വലിയ ടൂർണമെന്റിൽ ജയിക്കുകയെന്നതും സിനിമയിൽ മാത്രമേ കഴിയൂ. തടവുകാരിൽ ചിലർക്കൊക്കെയുള്ള മുൻകാല വോളിബോൾ ബന്ധം ഒന്നുകൂടി ശക്തമായി സിനിമയിൽ വന്നിരുന്നെങ്കിൽ പ്രേക്ഷകർക്ക് വിശ്വസനീയത വർധിക്കുമായിരുന്നു.

കള്ളക്കളിയിൽ തങ്ങളെ തോൽപ്പിച്ച ടീമിലെ അംഗങ്ങളെ, തടവുകാർ ഡ്രസ്സിങ്ങ് റൂമിൽവച്ച് അടിച്ച് പഞ്ചറാക്കുന്നത് കാണുമ്പോൾ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്ന് ചോദിച്ചുപോവും. അതുപോലെതന്നെ കരിങ്കുന്നം ടീമിന്റെ നെടുന്തൂണായ ബാബുആന്റണി അവതരിപ്പിച്ച ഡഗ്‌ളസ് എന്ന കഥാപാത്രം ജയിൽമോചിതനാവുമ്പോൾ ടീമിൽനിന്ന് പുറത്താവുകയാണ്. ഇത് എങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല. ജയിൽ അംഗങ്ങൾക്ക് മാത്രമേ കളിക്കാവൂ എന്ന് പറഞ്ഞ് ഒരു ടീമിന് രജിസ്റ്റർ ചെയ്യാൻ കഴിയുമോ. റെയിൽവേയും ഇന്ത്യൻആർമിയുംവരെ പിന്നെങ്ങനെയാണ് ഗസ്റ്റ് താരങ്ങളെ ഇറക്കുക.ജയിൽ ചാടിയ രണ്ടുകഥാപാത്രങ്ങൾ യാതൊരു കുഴപ്പവുമില്ലാതെ സെല്ലിലേക്ക് തിരച്ചുവരുന്ന രംഗങ്ങൾക്കും സ്വാഭാവികത പോര. ഈ രംഗങ്ങളിലൊക്കെ അമിത നാടകീയത ഒഴിവാക്കി പ്രേക്ഷകനെ വിശ്വസിപ്പിക്കുന്ന രീതിയിൽ കഥ ബലപ്പെടുത്തിയിരുന്നെങ്കിൽ എത്രയോ മികച്ച ദൃശ്യാനുഭവമാകുമായിരുന്നു ഈ പടം.

സന്തോഷ് പണ്ഡിറ്റുതൊട്ടുള്ള നമ്മുടെ പുതിയ സംവിധായകരിലൊക്കെ ഫാഷനാണെന്ന് തോനുന്നു കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവുമൊക്കെ ഒറ്റക്ക് ചെയ്യുകയെന്നത്.കഥയും സംവിധാനംവുംമാത്രം ദീപു ഏറ്റെടുത്ത് തിരക്കഥയും സംഭാഷണവും പണിയാറിയാവുന്ന രണ്ട് വിദഗ്ധരെ എൽപ്പിച്ചിരുന്നെങ്കിൽ, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കാവുന്ന പടമാകുമായിരുന്ന ഇത്.കബഡികളി പ്രേമേയമായി തമിഴിലെടുത്ത 'വെണ്ണിലാ കബഡിക്കൂട്ടത്തിൽ' എത്ര സ്വാഭാവികമായാണ് കഥ ചലിക്കുന്നതെന്ന് നോക്കുക.

തിളങ്ങിയത് മഞ്ജുവും സുധീർ കരമനയും; മേക്കോവർ പാളി സുരാജ് 

ല്ലറ ചില്ലറ കുഴപ്പങ്ങൾ ഒക്കെയുണ്ടെിലും രണ്ടാംവരവിൽ മഞ്ജുവാര്യരുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കരിങ്കുന്നം സിക്‌സിലെ വന്ദനയെന്ന് പറയാതെ വയ്യ.നേരത്തെ ഇറങ്ങിയ വേട്ട, ജോ എന്റ് ദ ബോയ് എന്നീ ചിത്രങ്ങളിലൊക്കെ മഞ്ജുവിന്റെ പ്രകടനവും നിരാശാജനകമായിരുന്നു.രണ്ടാം വരവിലെ ചിത്രങ്ങളിൽ സാധാരണമായിരുന്ന മേക്കപ്പിലെ അതിപ്രസരം ഇവിടെയും ചിലയിടത്ത് മഞ്ജുവിൽ ഫീൽചെയ്യുന്നുണ്ട്. എന്നാലും സർവമേഖലയിലുമെന്നപോലെ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന മലയാള സിനിമയിലും, നായികാപ്രധാന്യമായ സിനിമകൾ ഇറങ്ങുന്നതിന് നാം മഞ്ജുവിന് നന്ദിപറയണം.ലേഡി സൂപ്പർ സ്റ്റാർ എന്ന അവരുടെ വിപണിമൂല്യം തന്നെയാണ് ഈ 'സെല്ലുലോയ്ഡ് ഫെമിനിസത്തിനും' തുണയാവുന്നത്.

ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഏതെങ്കിലും ഒരു കഥാപാത്രത്തെ പർവതീകരിക്കുന്നില്ല എന്നതാണ്. തുല്യപ്രാധാന്യമുള്ള കുറെ ജീവിതങ്ങളിലൂടെയാണ് ചിത്രം കടന്നുപോവുന്നത്.അതുകൊണ്ടുതന്നെ ഇതിലൊരു ടിപ്പിക്കൽ നായകനില്ല.മഞ്ജുാര്യരുടെ ഭർത്താവായി വരുന്ന അനൂപ് മേനാൻ തുടക്കത്തിലും കൈ്‌ളമാക്‌സിലുമുള്ള ഏതാനും സീനുകളിലെ സജീവമാവുന്നുള്ളൂ.പതിവുപോലെ ഫിലോസഫി പറഞ്ഞ് വെറുപ്പിക്കാനുള്ള ശ്രമം അനൂപിന്റെ കഥാപാത്രം ഇത്തവണ ചെയ്യുന്നില്ല. പകരം വോളിബോളിന്റെ വിശുദ്ധിയെകുറിച്ചും സ്‌പോർട്മാൻ സ്പിരിറ്റിനെകുറിച്ചുമുള്ള ലഘു വാചകമടികൾ മാത്രമേയുള്ളൂ.അത് കഥാഘടനക്ക് ചേരുന്നതിനാൽ സഹിക്കാവുന്നതുമാണ്.

ഭൂരിഭാഗം സമയവും ജയിലിലും വോളിബോൾ കോർട്ടിലമായി ചിത്രീകരിച്ചിരിക്കുന്ന ഈ പടത്തിൽ തടവുകാരായി വേഷമിട്ടവർ തന്നെയാണ് തിളങ്ങിയത്. കൂട്ടത്തിൽ സുധീർ കരമനയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്.മലയാളം കണ്ട കരുത്തുറ്റ സ്വഭാവ നടന്മാരുടെ പട്ടികയിലേക്ക് തന്റെ പിതാവ് കരമന ജനാർദ്ദനൻ നായർക്കൊപ്പം ചേർത്തുവായിക്കാവുന്ന പേരാണ് സുധീറിന്റെതും.

ബൈജു, ബാബുആന്റണി,നന്ദു, പത്മരാജ് രതീഷ്,ഗ്രിഗറി, സുദേവ് നായർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ സഹ ജയിൽനടന്മാരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.പക്ഷേ അർധ വില്ലൻ സ്വഭാവത്തിലുള്ള സുരാജ് വെഞ്ഞാറമൂടിന്റെ ജയിൽ ജീവനക്കാരൻ നെൽസൺ അൽപ്പം പാളിപ്പോയെന്ന് പറയാതെ വയ്യ. നേരത്തെ 'ആക്ഷൻ ഹീറോ ബിജുവിൽ' വെറും രണ്ട് സീനിൽ വേഷമിട്ട്, പ്രേക്ഷകരുടെ കണ്ണുനിറയിപ്പിച്ച തകർപ്പൻ പ്രകടം സുരാജിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പക്ഷേ ഇവിടുത്തെ ജയിൽ ജീവനക്കാരന്റെ വേഷത്തിൽ എവിടെയോ പഴയ കോമേഡിയന്റെ ഭാഗങ്ങൾ കയറിവരുന്നു. അവസാനം സുരാജ് വിങ്ങിപ്പൊട്ടുന്ന സമയത്തുമുണ്ട് ഈ മികിക്രിയുടെ അധിനിവേശം.

ദേശീയ പുരസ്‌ക്കാര ജേതാവായ ജയകൃഷ്ണ ഗമ്മുഡിയുടെ കാമറാ മാജിക്കാണ് ഈ പടത്തെ ഏറ്റവും ആസ്വാദ്യമാക്കുന്നത്.രണ്ടാം പകുതിയുടെ ഏറെനേരവും കാ്യമറ ഒരു വോളിബോൾ കോർട്ടിലായിരുന്നിട്ടും പ്രേക്ഷകന് ഒരിക്കലും മുഷിപ്പുതോനുന്നില്ല. ഒരു യഥാർഥ വോളിബോൾ നേരിട്ട കാണുന്ന അതേ പ്രതീതി.ജയിൽ രംഗങ്ങളുടെ ചിത്രീകരണത്തിലും ഗുമ്മഡിയുടെ കാമറ, ദീപു കരുണാകരന് കൊടുക്കുന്ന പിന്തുണ ഏറെയാണ്.രാഹുൽ രാജിന്റെ സംഗീതം ഒരു സ്‌പോർടസ് സിനിമയുടെ ശൈലിക്ക് ഒത്തുതന്നെയാണ്.

വാൽക്കഷ്ണം: നമ്മുടെ മറവിയുടെ ആഴം വ്യക്തമാക്കിക്കൊണ്ടാണ് ഈ പടം അവസാനിക്കുന്നത്. ചലച്ചിത്രം സമ്മർപ്പിച്ചിരിക്കുന്നത് കേരളത്തിന്റെ അഭിമാനമായ വോളിബോൾ താരം ജിമ്മി ജോർജിനാണ്. എത്രപെട്ടന്നാണ് കേരളം ജിമ്മിയെ മറന്നതെന്ന് ഓർക്കണം. ജിമ്മിയെപ്പോലൊരു താരത്തിന്റെ പേര്, മുമ്പ് കെ.സുധാകരൻ അഞ്ജുബോബി ജോർജിന്റെ ഭർത്താവാണെന്ന് തെറ്റായി പറഞ്ഞപ്പോഴാണ് അടുത്തകാലത്ത് കേട്ടത്. ജിമ്മി കാറപകടത്തിൽ മരിച്ച ഇറ്റലിയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു വലിയസ്റ്റേഡിയം തന്നെയുണ്ടെങ്കിലും അർഹിക്കുന്ന ഒരു സ്മാരകംപോലും കേരളത്തിലില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ വോളിബോൾ പ്രേമികൾ നിർബന്ധമായും നെഞ്ചിലേറ്റേണ്ട പടം കൂടിയാവുകയാണിത്.