തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ സിഐഎസ്.എഫ് ജവാന്റെ മരണത്തിനിടയാക്കിയ ആക്രമണത്തിൽദുർബലമായ വകുപ്പുകൾ മാത്രം ചുമത്തുന്നതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തി. വിമാനത്താവളത്തിൽ ആക്രമണം നടത്തുന്നത് വിമാനം ആക്രമിക്കുന്നതിന് തുല്യമാണെന്നും കടുത്തശിക്ഷ ലഭിക്കാവുന്ന ആന്റി ഹൈജാക്കിങ് നിയമപ്രകാരം കേസെടുക്കണമെന്നും വ്യോമയാന മന്ത്രാലയം കേരളാ പൊലീസിനോട് ആവശ്യപ്പെട്ടു.

കരിപ്പൂരിലെ സംഭവങ്ങൾ ഒരു വിമാനത്താവളത്തിനും ഭൂഷണമല്ല. കുറ്റക്കാരെ അതിന് അനുസരിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും. ഇത് വിമാനത്താവള സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാകും. അതുകൊണ്ടാണ് ചെറിയ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നതിനെ എതിർക്കുന്നത്. കേസിൽ പ്രതിയാകുന്ന എല്ലാവരേയും സസ്‌പെന്റ് ചെയ്യുകയും ചെയ്യും. വ്യോമയാന മന്ത്രാലയത്തിന്റെ അഭിപ്രായവും കടുത്ത നടപടി വേണമെന്നാണ്.

വിമാനറാഞ്ചൽ വിരുദ്ധനിയമം ചുമത്തിയാൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ല. പ്രത്യേക കോടതിയിലാവും വിചാരണ. ജാമ്യം നൽകാതെ പ്രതികളെ വർഷങ്ങളോളം തടവിലാക്കാം. ജീവപര്യന്തവും വധശിക്ഷയും ഉൾപ്പെടെ ലഭിക്കാം. ഭുവനേശ്വർ വിമാനത്താവളത്തിൽ ആന്റി ഹൈജാക്കിങ് കൺട്രോൾറൂം സ്ഥാപിക്കുന്നതിനെതിരെ സമരംചെയ്തവരെ വിമാനറാഞ്ചൽ വിരുദ്ധനിയമപ്രകാരം കേസെടുത്തു. എയർപോർട്ട് അഥോറിറ്റി ചെയർമാന് മാപ്പപേക്ഷ നൽകിയശേഷം ഇവർക്ക് മുൻകൂർജാമ്യം നേടേണ്ടി വന്നു. 2012 ഒക്‌ടോബറിൽ അബുദാബി കൊച്ചി എയർഇന്ത്യ വിമാനം തിരുവനന്തപുരത്തിറക്കിയതിൽ പ്രതിഷേധിച്ച് കോക്ക്പിറ്റിൽ കയറിയ യാത്രക്കാർക്കെതിരെ വിമാനറാഞ്ചൽ വിരുദ്ധനിയമപ്രകാരം കേസെടുത്തിരുന്നു.

അന്യായമായി സംഘംചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വിമാന റാഞ്ചൽ തടയാനായി 1982ൽ കൊണ്ടുവന്ന അൺലോഫുൾ ഇന്റർഫിയറൻസ് വിത്ത് സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്ന് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി രേഖാമൂലം ഡി.ജി.പിയോട് ആവശ്യപ്പെടും.വിമാനറാഞ്ചൽ വിരുദ്ധനിയമ പ്രകാരം കേസെടുക്കണമെന്ന് ശുപാർശ ചെയ്യാത്ത വിമാനത്താവള ഡയറക്ടർ ജനാർദ്ദനൻ വീഴ്ചവരുത്തിയെന്നാണ് വ്യോമയാനമന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ചീഫ് വിജിലൻസ് ഓഫീസറുമായ അശോക്കുമാറിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഡയറക്ടറെക്കെതിരെ നടപടി വരും.

കരിപ്പൂരിൽ ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടാക്കിയത്. വിമാനറാഞ്ചൽ വിരുദ്ധനിയമത്തിലെ സെക്ഷൻഎ പ്രകാരം വ്യോമഗതാഗത നിയന്ത്രണ സംവിധാനം ആക്രമിച്ചതിനെതിരെയും സിപ്രകാരം റൺവേ അതിക്രമിച്ചു കടന്നതിനെതിരെയും കേസെടുക്കാം.
മണിക്കൂറുകളോളം വ്യോമഗതാഗത നിയന്ത്രണ സംവിധാനം തടസപ്പെട്ടു. റൺവേയിൽ വാഹനങ്ങൾ നിരത്തിയിട്ട് ഗതാഗതം തടഞ്ഞു. എയർഇന്ത്യയുടെയും ഇൻഡിഗോയുടെയും ദുബായ്കോഴിക്കോട് വിമാനങ്ങൾക്ക് ഇറങ്ങാനായില്ല. വിമാനത്തിന്റെ ലാൻഡിങ് സമയത്ത് റൺവേയിൽ അന്യവസ്തുക്കൾ കാണുന്നത് അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളനുസരിച്ച് ഗുരുതരമായ വീഴ്ചയാണ്. വിമാനത്താവളത്തിന്റെ രാജ്യാന്തര അംഗീകാരം നഷ്ടപ്പെടാൻ വരെ ഇതിടയാക്കുമെന്നും വ്യോമയാനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നായിരുന്നു മൊഴിയെടുത്തപ്പോൾ ഡയറക്ടറുടെ മറുപടി. പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാനുമായില്ല. ഈ സാഹചര്യത്തിൽ ഡയറക്ടറെയും സിഐഎസ്.എഫ്, ഫയർ ആൻഡ് സേഫ്ടി എന്നിവയിലെ മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റാനും അശോക്കുമാർ ശുപാർശ ചെയ്തു. ദക്ഷിണമേഖലയിലെ 25 വിമാനത്താവളങ്ങളിലേക്കായി ജീവനക്കാരെ മാറ്റണം. കുറ്റക്കാരായവരെ മേഖലയ്ക്ക് പുറത്തേക്ക് മാറ്റണം.