കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിയുടെ പങ്കാളിത്തം സംബന്ധിച്ച് പൊലീസും കസ്റ്റംസും പറയുന്നത് രണ്ട് തിയറികൾ. അർജുൻ ആയങ്കിയെ കവർച്ചക്കാരനാക്കുകയാണ് പൊലീസ്. എന്നാൽ കരിപ്പൂരിൽ കാരിയർ സ്വർണ്ണവുമായി എത്തിയത് ആയങ്കിക്ക് വേണ്ടിയാണെന്ന് കസ്റ്റംസും. ആയങ്കിയെ സ്വർണം പിടിച്ചെടുത്ത കേസിൽ പ്രതിയാക്കാനാണ് കസ്റ്റംസിന്റെ നീക്കം. ഇതിന് എതിരാണ് പൊലീസ് ചാർജ്. ഇന്ത്യൻ വിപണിയിൽ 1.11 കോടി രൂപ വിലമതിക്കുന്ന സ്വർണമാണു ജൂൺ 21 നു കസ്റ്റംസ് പിടികൂടിയത്.

കരിപ്പൂരിൽ പിടികൂടിയ 2.33 കിലോഗ്രാം സ്വർണം എത്തിയത് അർജുനു വേണ്ടിയാണെന്ന തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്. കാരിയറായി എത്തിയ ഷെഫീഖിന്റെ വാട്‌സാപ്പിൽ എല്ലാം വ്യക്തമാണ്. ഷെഫീഖ് സ്വർണം കൊടുക്കാൻ ഉദ്ദേശിച്ചിരുന്നത് ആയങ്കിക്ക് മാത്രമാണ്. പിടിയിലായ വിവരം ഷെഫീഖ് ആദ്യം അറിയിച്ചതും ആയങ്കിയെ തന്നെ. എന്നാൽ സ്വർണം എത്തിയതുകൊടുവള്ളി സംഘത്തിന് വേണ്ടിയാണെന്ന് പൊലീസും പറയുന്നു. രാമനാട്ടുകര അപകടത്തിന് പിന്നാലെ അറസ്റ്റിലായവരുടെ മൊഴിയാണ് പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നത്.

അർജുൻ സംഭവസ്ഥലത്ത് എത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനാണ്. കൊടുവള്ളി സംഘം സ്വർണം കടത്തുമ്പോൾ അതു കവരാനെത്തിയ അർജുനെ തടയാനെത്തിയ ഗുണ്ടാസംഘമാണ് അപകടത്തിൽ അകപ്പെട്ടതെന്നാണു പൊലീസ് കേസ്. സ്വർണം കസ്റ്റംസ് പിടികൂടിയ വിവരം അറിഞ്ഞു വിമാനത്താവളത്തിൽ നിന്നു മടങ്ങിയ അർജുൻ സ്വർണം കവർച്ച നടത്തിയെന്ന സംശയത്തിൽ ഗുണ്ടാ സംഘം പിൻതുടർന്നതായും പൊലീസ് പറയുന്നു. ഇത് തെറ്റാണെന്ന് സൂഫിയാനും മൊഴി നൽകിയിട്ടുണ്ട്. അർജുന് സ്വർണം കിട്ടിയെന്ന് അറിയില്ലെന്ന് സൂഫിയാൻ പോലും സമ്മതിച്ചു കഴിഞ്ഞു.

എന്നാൽ, സ്വർണം കൊണ്ടുവരുന്ന മുഹമ്മദ് ഷഫീഖിന്റെ മൊഴിയനുസരിച്ചു സ്വർണം കടത്തിയത് അർജുനു വേണ്ടിത്തന്നെയാണ്. ദുബായിയിൽ സ്വർണം ഏൽപിച്ചവർ പറഞ്ഞതും അത് അർജുനു കൈമാറാനാണ്. രണ്ട് ഏജൻസികളുടെ പരസ്പരം വിരുദ്ധമായ നിലപാടു കേസിന്റെ വിചാരണഘട്ടത്തിൽ പ്രതിഭാഗത്തിനു ഗുണമാകാനാണിട. എന്നാൽ അർജുന് എതിരായ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.

സ്വർണത്തിന്റെ വില ദുബായിലെ ഇടപാടുകാർക്ക് ഏർപ്പാടാക്കിയത് അർജുൻ ആയങ്കിയാണെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. ഇന്ത്യൻ വിപണിയിൽ 1.11 കോടി രൂപ വിലമതിക്കുന്ന സ്വർണമാണു ജൂൺ 21 നു കസ്റ്റംസ് പിടികൂടിയത്. സ്വർണം വാങ്ങാനുള്ള തുക കുഴൽപ്പണമായി ദുബായിയിൽ എത്തിച്ചത് അർജുനാണെന്നു മുഹമ്മദ് ഷഫീഖ് പറഞ്ഞുവെങ്കിലും പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ അറിയാവുന്നത് അർജുനു മാത്രമാണ്.

അന്ന് അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമയും ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയുമായിരുന്ന സി.സജേഷിനെ 7 മണിക്കൂർ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. അർജുൻ ആയങ്കിയെ തള്ളിപ്പറയുന്ന മൊഴികളാണു സജേഷ് നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട അർജുനുമായി പിന്നീട് അടുത്ത സൗഹൃദമുണ്ടായി. എന്നാൽ അർജുന്റെ ക്രിമിനൽ പശ്ചാത്തലം അറിയില്ലായിരുന്നു. സ്വർണക്കടത്തിനു സഹായം നൽകിയിട്ടില്ലെന്നും സജേഷ് മൊഴി നൽകി.

സഹകരണ ബാങ്ക് ജീവനക്കാരനായ സജേഷിന്റെ പിന്തുണ ബെനാമി നിക്ഷേപങ്ങൾക്ക് അർജുനു ലഭിച്ചതായാണ് നിഗമനം. 6 കോടി രൂപയുടെ സ്വർണം അർജുന്റെ സംഘം കവർന്നിട്ടുണ്ടെന്നാണു സൂചന. കവർച്ച നടത്തിയ സ്വർണം മുഴുവൻ വിൽപന നടത്താൻ അർജുനു കഴിഞ്ഞിട്ടില്ലെന്നാണു നിഗമനം. സഹകരണ ബാങ്കുകളിൽ ഇടപാടുകാർ വായ്പയ്ക്ക് ഈടുവയ്ക്കുന്ന സ്വർണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന അപ്രൈസർ ആണു സജേഷ്.

സ്വർണവുമായി അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അർജുൻ, സജേഷ് എന്നിവരെ ഒരേസമയം ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകുന്നത്.

സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സ്വർണം വാങ്ങാൻ ദുബായിൽ എത്തിയ കുഴൽ പണത്തിന്റെ ഉറവിടം കണ്ടെത്താനാണ്. ഷഫീഖ്, അർജുൻ എന്നിവരെ ഈ മാസം 5 വരെ ഒരുമിച്ചു ചോദ്യം ചെയ്യും. കള്ളക്കടത്തിൽ വിദേശബന്ധമുള്ള കുഴൽപണ ഇടപാടിന്റെ സൂചനകൾ പുറത്തുവന്നെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം നേരിട്ട് ഏറ്റെടുക്കാനുള്ള സാധ്യത ഇപ്പോഴില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിലപാട്.

അർജുൻ ആയങ്കിക്കും കൂട്ടാളികൾക്കും എതിരെ പിഎംഎൽഎ ചുമത്താനുള്ള തെളിവുകൾ ലഭിച്ചാൽ കസ്റ്റംസ് റിപ്പോർട്ട് ചെയ്യും.