കോഴിക്കോട്: കാലിക്കറ്റ് എയർപ്പോർട്ടിൽ യാത്രക്കാരനുണ്ടായ ദുരനുഭവം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. വിസിറ്റിങ് വിസയുമായി ആരേയും വിദേശത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന നിലപാടാണ് ചർച്ചയാകുന്നത്. പെരിങ്ങത്തൂർ സ്വദേശി മുസ്തഫ എന്ന യുവാവാണ് ദുബായിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ ദുരിതത്തിൽ ആയത്. ജനുവരി 28നായിരുന്നു സംഭവം. ഹക്കീം റൂബ എന്ന യാത്രക്കാരന് മർദ്ദനം ഏറ്റ സംഭവം ഏറെ വിവാദമായിരുന്നു. അതിനെ തൊട്ടു പിറകേയാണ് പുതിയ വിവാദം. യാത്ര മുടക്കാനുള്ള കാരണം എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ അത് നൽകാതിരുന്നു എന്നതും വിമർശനത്തിന് കാരണമാണ്.

ഇന്ത്യൻ പാസ്‌പ്പോർട്ട് ഉള്ള യാത്രക്കാരന് ഏതൊക്കെ രാജ്യങ്ങളിലേക്ക് പോകണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഇല്ലേ എന്നതാണ് ഉയരുന്ന ചോദ്യം. ദുബായിലേക്ക് വിസിറ്റ് വിസയിൽ പോവുകയായിരുന്ന യുവാവിനെ യാത്ര ചെയ്യാൻ അനുവദിക്കില്ല എന്നാണു എമിഗ്രേഷൻ ഓഫീസർ പറഞ്ഞത്. അതിനു കാരണമായി ഇയാൾക്ക് ഖത്തറിൽ വിസയുണ്ട് എന്നാണ് എമിഗ്രേഷൻ ഓഫീസർ പറഞ്ഞത്. ഖത്തറിലെ വിസ പാസ് പോർട്ടിൽ സ്റ്റാമ്പ് ചെയ്തിട്ടില്ല. ദുബായ് വഴി ഖത്തറിൽ പോകാനാണ് ശ്രമം എന്ന് ഊഹിച്ച് ആണത്രേ എമിഗ്രേഷൻ ഓഫീസർ തിരിച്ചയച്ചത്.

എയർ ഇന്ത്യ എക്സ്‌പ്രസിന് ടിക്കറ്റ് എടുത്ത യുവാവ് സന്ദർശക വിസ ആയതിനാൽ തന്നെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും എടുത്തിരുന്നു. ഇതൊക്കെ കാണിച്ചെങ്കിലും എമിഗ്രേഷൻ ഓഫീസർ യാത്ര മുടക്കുകയായിരുന്നു. മുസ്തഫയ്ക്ക് ഉണ്ടായിരുന്ന ബിസിനസ് വിസിറ്റിങ് വിസയുടെ കാലാവധി വെറും ഒരു മാസം മാത്രമാണ്. ആ വിസിറ്റ് വിസ കാണിച്ചു കൊണ്ട് ദുബായിലേക്കുള്ള യാത്ര മുടയ്ക്കാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥന് ഒരു അധികാരവും ഇല്ല. യാത്ര മുടങ്ങിയപ്പോൾ മുസ്തഫയുടെ നഷ്ടപ്പെട്ട ടിക്കറ്റ് തുക ആര് തിരികെ നൽകുമെന്നതാണ് ചോദ്യം.

ഒരു തൊഴിൽ വിസ ആണെങ്കിൽ പോലും ദുബായ് യാത്രയ്ക്ക് തടസ്സം ഇല്ലെന്നിരിക്കെ ഒരു വിസിറ്റ് വിസ കാണിച്ചു കൊണ്ട് ഒരാളുടെ യാത്ര മുടക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആർക്കും ഇത്തരം വിസയുമായി യാത്ര ചെയ്യാം. എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽ മാത്രമാണ് യാത്രക്കാർക്ക് ദുരിതമായി ഇത്തരം അവിശ്വസനീയ തീരുമാനം എടുക്കുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയെന്നത് മാത്രമാണ് ഇതിന് പിന്നിലെ ചേതോവികാരം.

ഒരാൾക്ക് ഖത്തറിലെ വിസ ഉണ്ടെങ്കിൽ അയാൾക്ക് മറ്റു രാജ്യങ്ങളിലേക്ക് സന്ദർശക വിസയിൽ പോവുന്നതിനു എന്താണ് തടസ്സമെന്നതാണ് ഉയരുന്ന ചോദ്യം. ദുബായിലേക്ക് സന്ദർശക വിസയിൽ പോകുന്ന ഒരാൾക്ക് മറ്റൊരു രാജ്യത്തെ വിസ ആ രാജ്യത്തിന്റെ വെബ്ബിൽ കയറി ഉണ്ടോ എന്ന് പരിശോധിച്ച് , ഉണ്ടെങ്കിൽ യാത്ര തടയാൻ സർക്കുലർ ഒന്നും നിലവിൽ ഇല്ല. എന്നിട്ടും ഇതു ചെയ്തു. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് വിമർശനം. ദുബായിലേക്ക് സന്ദർശക വിസയിൽ പോവുന്ന ഒരാൾ അവിടെ നിന്ന് ഖത്തറിൽ പോവുമെന്ന് ഊഹിക്കാൻ ഉദ്യോഗസ്ഥന് എന്താണ് അധികാരം എന്ന ചോദ്യവും പ്രസക്തമാണ്.

സുരക്ഷാ കാരണങ്ങളാൽ ചൂണ്ടിയാണ് യാത്രക്കാരെ നിയന്ത്രിക്കുകയും മറ്റും ചെയ്യുന്നത്. എന്നാൽ കള്ളക്കടത്തുകാർക്ക് എല്ലാം മറികടക്കാൻ സൗകര്യം ഏറെയുമുണ്ട്. ഇതാണ് സാധാരണക്കാരുടെ പ്രതിഷേധം ശക്തമാകാൻ കാരണം. കൈക്കൂലി മോഹിച്ചാണ് എയർപോർട്ട് ജീവനക്കാർ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കൈക്കൂലി നൽകാതെ തീരുമാനങ്ങളെ ചോദ്യം ചെയ്താൽ യാത്ര മുടങ്ങുകയും ചെയ്യും. ഇതിനെതിരെ ആരു പരാതി നൽകിയാലും ഫലം ഉണ്ടാവുകയുമില്ല. ഹക്കിം റൂബയുടെ മർദ്ദനവുമായി ബന്ധപ്പെട്ട പരാതിയിൽ വാദി പ്രതിയാകുന്ന അവസ്ഥയുമുണ്ടായി.

പ്രവാസികാര്യമന്ത്രി കെസി ജോസഫ്, ചില പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അതൊന്നും വേണ്ട രീതിയിൽ ലക്ഷ്യം കണ്ടിട്ടില്ല. റൂബയെ പീഡിപ്പിച്ചവർ ഇപ്പോഴും സുരക്ഷിതരാണ്. അതുകൊണ്ട് തന്നെ ആരേയും കൂസാക്കാതെ യാത്രക്കാരെ പീഡിപ്പിക്കാനുള്ള ലൈസൻസ് ജീവനക്കാർക്ക് കിട്ടുകയും ചെയ്യുന്നു. അതിനിടെ കോഴിക്കോട് വിമാനത്താവളം അടച്ചു പൂട്ടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന വാദവും സജീവമാണ്.