കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ നേരിടുന്ന ദുരിതം തുടർക്കഥയാകുന്നതിനിടെ രണ്ട് വനിതാ യാത്രക്കാരെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടതായി പരാതി. കിരിപ്പൂർ വിമാനത്താവളം എമിഗ്രേഷൻ വിഭാഗം വ്യാജവിസയെന്ന് ആരോപിച്ച് ഇറക്കിവിട്ട സ്ത്രീകൾക്ക് നെടുമ്പാശേരി വിമാനത്താവളം വഴി അബൂദാബിയിലേക്ക് സുഖയാത്ര. ഇതോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്നവർക്ക് നേരിടേണ്ടി വരുന്ന ദുരവസ്ഥയാണ് വ്യക്തമാകുന്നത്.

യു.എ.ഇയിലേക്ക് കരിപ്പൂർ വഴി പോകേണ്ടിയിരുന്ന പാലക്കാട് അലനല്ലൂർ കാട്ടുകുളം സ്വദേശി കളത്തിൽവീട്ടിൽ മുംതാസ്, ഇത്തിഹാദ് എയർവേയ്‌സിൽന് പുറപ്പെടേണ്ടിയിരുന്ന എടപ്പാൾ സ്വേദേശി തെക്കിനിത്തേതിൽ ഉമ്മുകുൽസു കരിപ്പൂരിലെ എമിഗ്രേഷൻ വിഭാഗം അയിത്തം കൽപിച്ച് ഇറക്കി യാത്ര അനുവദിക്കാതെ ഇറക്കി വിട്ടത്. ഇതേ വിസയിൽ ഇരുവരും അടുത്ത ദിവസം നെടുമ്പാശേരി വഴി അബൂദാബിയിലേക്ക് പോകുകയായിരുന്നു. ഇതോടെ വിസയിൽ കള്ളത്തരമെന്ന കരിപ്പൂർ ഉദ്യോഗസ്ഥരുടെ വാദവും പൊളിഞ്ഞു. കരിപ്പൂരിലെ എമിഗ്രേഷൻ വിഭാഗം കണ്ടെത്തിയ പിഴവൊന്നും നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയില്ല.

യാതൊരു പിഴവുകളും ഇല്ലെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ അധികൃതർ സ്ഥിരീകരിച്ചതോടെ കരിപ്പൂരിലെ കള്ളത്തരമാണ് പൊളിഞ്ഞത്. ഇതോടെ രണ്ടു പേർക്കും നെടുമ്പാശേരി വഴി യാത്ര ചെയ്യാൻ കഴിയുകയും ചെയ്തു. കരിപ്പൂരിലെ ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളികാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. കൈക്കൂലി നൽകാത്തതിന് യാത്രക്കാരെ മർദ്ദിക്കുന്നതും കൊള്ളരുതായ്മകൾ ചോദ്യം ചെയ്യുന്നവരെ അപമാനിക്കലുമെല്ലാം കരിപ്പൂരിൽ തുടർക്കഥയാണ്. അതിനിടെയാണ് പുതിയ സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഓൺലൈൻ വിസയിൽ ദുബായി ഷാർജയിലേക്ക് പോകാനെത്തിയ മുംതാസിന്റേത് കള്ള വിസയാണെന്നും ഈ വിസയിൽ പോകാൻ സാധിക്കില്ലെന്നും പറഞ്ഞ്് കിരിപ്പൂർ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് യാത്രക്കാരിയെ മടക്കിയയച്ചത്. എന്നാൽ യുവതി അതേ വിസയിൽ കൊച്ചി- അബൂദാബി എയർ ഇന്ത്യ എക്സ്‌പ്രസിൽ ശനിയാഴ്ച യാത്ര തിരിക്കുകയായിരുന്നു. തുടർന്ന് യാതൊരു യാത്രാ ക്ലേശവുമില്ലാതെ ഇവർ അബൂദാബിയിൽ ഇറങ്ങി.

ഇന്ന് പുലർച്ചെ 4.45നായിരുന്നു ഉമ്മുകുൽസു ഇത്തിഹാദ് എയർവേയ്‌സിൽ യാത്ര തിരിച്ചത്. ഓൺലൈനിലെ യാഥാർത്ഥ വിസയുണ്ടായിട്ടും ഇതിൽ യാത്ര അനുവദിക്കാതെ വെള്ളിയാഴ്ച രണ്ടുപേരെയും മടക്കി അയക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കാനെത്തിയ രണ്ട് സ്ത്രീകളുടെയും രേഖകൾ വിമാന കമ്പനികൾ പരിശോധിച്ച് ബോഡിംങ് പാസുകൾ നൽകിയിരുന്നു. എന്നാൽ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും എമിഗ്രേഷൻ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർ ഇരുവരെയും തടഞ്ഞു വെക്കുകയായിരുന്നു.

വിസക്കു പുറമെ കൈവശം ഉണ്ടാകേണ്ട എല്ലാ രേഖകളും ഇവരുടെ കൈയിലുണ്ടായിരുന്നു. എന്നാൽ സംഭവത്തെ കുറിച്ച് യൊതൊന്നും അറിഞ്ഞിരിന്നില്ലെന്നാണ് എയർപോർട്ട് അഥോറിറ്റിയുടെ വിശദീകരണം. എന്നാൽ തങ്ങൾക്കുണ്ടായ സമ്പത്തിക നഷ്ടവും സമയ നഷ്ടവും ചൂണ്ടിക്കാട്ടി കരിപ്പൂർ ടെർമിനൽ മാനേജർക്ക് പരാതി നൽകിയിരുന്നെങ്കിലും പരാതി സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് ഇരുവരും ശനിയാഴ്ച രജിസ്‌ട്രേഡ് തപാൽ വഴി എമിഗ്രേഷൻ മേധാവിക്ക് പരാതി അയച്ചിട്ടുണ്ട്. യാത്ര മുടങ്ങിയതിന്റെ പേരിൽ ഇരുവർക്കും ടിക്കറ്റിനു പുറമെ ടാക്‌സി ചാർജടക്കം വലിയ തുക നഷ്ടമായതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.