കോഴിക്കോട്: രാജ്യത്ത് അന്താരാഷ്ട്ര പദവിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നും ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കിയതിന് പിന്നാലെ നവീകരണത്തിന്റെ പേര് പറഞ്ഞ് വിമാനത്താവളം അടച്ചിടുന്നതിൽ പ്രവാസികൾക്ക് കടുത്ത പ്രതിഷേധം. വിമാനത്താവളത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോൾ വിമാനത്താവളം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നതെന്നാണ് പ്രവാസികളുടെ ആരോപണം.

റൺവേ റീകാർപ്പറ്റിങ് എന്ന പേരിലാണ് കരിപ്പൂരിലെ വിമാനത്താവളം മെയ് ഒന്നുമുതൽ ഒക്ടോബർ 31 വരെ ഭാഗികമായി അടച്ചിടാൻ ഒരുങ്ങുന്നത്. ഇതോടെ വലിയ വിമാനങ്ങൾക്ക് ഇവിടെ ലാൻഡ് ചെയ്യുക കൂടുതൽ ദുഷ്‌ക്കരമാകും. ഇത് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ആഗ്രഹിക്കുന്ന വിമാനത്താവളത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി എട്ടുമണി വരെയാണ് റൺവെ പൂർണമായി അടച്ചിടുന്നത്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾക്ക് ഇന്റർനാഷണൽ ഹബ്ബ് എന്ന പദവി നൽകുമ്പോൾ കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളും കരട് റിപ്പോർട്ടിൽ ഈ ഗണത്തിൽ പെടുത്തിയിരുന്നില്ല. മുംബൈ, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത വിമാനത്താവളങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ വിദേശവിമാനങ്ങൾ കരിപ്പൂരിനെ അവഗണിക്കുമോ എന്ന സംശയം ബലപ്പെട്ടിരിക്കയാണ്. അതാണ് വിമാനത്താവളം അടച്ചിട്ടുള്ള നവീകരണത്തെ പ്രവാസികൾ സംശയത്തോടെ കാണാൻ കാരണം.

അവധിക്കാലം വരാനിരിക്കേ വിമാനത്താവളം നവീകരണം ഇപ്പോൾ നടത്തുന്നത് പ്രവാസികൾക്കെല്ലാം ദുഷ്‌കരമായി മറും. വലിയ വിമാനങ്ങൾക്ക് തീരേ ഇറങ്ങാനാവില്ല എന്നുകൂടി വരുന്നതോടെ ആയിരക്കണക്കിന് ആളുകളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. എമിറേറ്റ്‌സ്, സൗദി എയർ ലൈൻസ്, ഇത്തിഹാദ് തുടങ്ങിയ കമ്പനികളെല്ലാം വലിയ വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നത്. ഇത്തരം വിമാനങ്ങളിലായി ഒരു ദിവസം ഒരു ഭാഗത്തേക്ക് മാത്രം രണ്ടായിരത്തോളം ആളുകൾ ഗൾഫിൽനിന്ന് വന്നും പോയുമിരിക്കുന്നുണ്ട്. ഇതിനുപുറമേയാണ് ഹജ്ജ് സമയത്തെ തിരക്ക്. ഇത്തവണത്തെ കോഴിക്കോട് വഴിയുള്ള ഹജ്ജ് യാത്ര നടക്കാൻ സാധ്യത കുറവാണ്.

എമിറേറ്റ്‌സ് ഇതിനകംതന്നെ കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചുകഴിഞ്ഞു. എയർ ഇന്ത്യയുടെ റിയാദിൽനിന്നുള്ള ചില വിമാനങ്ങൾക്കും ഈ വിലക്ക് തടസ്സമാകും. അല്ലെങ്കിൽ എയർഇന്ത്യ ചെറിയ വിമാനങ്ങൾ ഈ സെക്ടറിലേക്ക് നിയോഗിക്കേണ്ടി വരും. എന്നാൽ, ഗൾഫ് രാജ്യങ്ങളുടെ മിക്ക വിമാനക്കമ്പനികൾക്കും ചെറിയ വിമാനങ്ങളുടെ സർവീസ് ഇല്ല എന്നതാണ് വലിയ പ്രതിസന്ധി.
ഇപ്പോൾ ഇന്റർനാഷണൽ ഹബ്ബുകളുടെ പട്ടികയിൽപ്പെട്ട ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ളതിനേക്കാൾ യാത്രക്കാരാണ് നെടുമ്പാശ്ശേരിവഴി വിദേശനാടുകളിലേക്ക് പോകുന്നത്. അതേസമയം, ആഭ്യന്തരയാത്രക്കാർ അത്ര ഇല്ല എന്ന കാരണം പറഞ്ഞാണ് നെടുമ്പാശ്ശേരിയെ ഇപ്പോൾ തഴഞ്ഞിരിക്കുന്നത്. എന്നാൽ, കഴിഞ്ഞവർഷം 20 ലക്ഷം പേരാണ് ഇതുവഴി ആഭ്യന്തരയാത്ര നടത്തിയത്.

കോഴിക്കോടിന്റെയും നെടുമ്പാശ്ശേരിയുടെയും പുരോഗതി തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചനകളാണ് പല തലങ്ങളിലും നടക്കുന്നതെന്നാണ് പ്രവാസി സംഘടനകൾ ഇപ്പോൾ ആരോപിക്കുന്നത്. ഉത്തരേന്ത്യൻ ലോബിയാണ് ഇതിനുപിന്നിലെന്നും അവർ ആക്ഷേപിക്കുന്നു. വിവിധ ഗൾഫ് നാടുകളിൽ ഇതിനകം ഈ വിഷയത്തിൽ ഒട്ടേറെ സംഘടനകൾ യോഗം ചേർന്ന് പ്രതിഷേധിച്ചിട്ടുണ്ട്.