കോഴിക്കോട്: വിമാനത്തവാളങ്ങളിൽ പ്രവാസികളെ കൊള്ളയടിക്കാൻ പ്രത്യേക സംഘങ്ങൾ. പ്രവാസികൾ കൊണ്ടുവരുന്ന ലഗേജുകൾ നഷ്ടമാകുന്നതും ലഗേജുകളിലെ വിലപിടിപ്പുള്ള സാധനങ്ങൾ കാണാതാകുന്നതും നിത്യസംഭവമായ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. എയർപോർട്ടിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗ്നമായ പിടിച്ചുപറി തന്നെയാണ് നടക്കുന്നതെന്നാണ് മറുനാടൻ മലയാളിക്ക് ബോധ്യമായത്. വിമാന കമ്പനികളുടെ സുരക്ഷാ ഏജൻസികൾ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെയുള്ളവരാണ് ഈ പകൽകൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നവർ.

കാസർകോട് സ്വദേശി ഹക്കീം റുബയുടെ ദുരനുഭവത്തിനു പിന്നാലെ സമാനമായ സംഭവവങ്ങൾക്ക് ഇരയാകേണ്ടി വന്ന നിരവധി പ്രവാസിമലയാളികൾ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി. കസ്റ്റംസ് പരിശോധനയുടെ മറവിൽ കൈകൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് പണം നൽകാതിരുന്നതിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്ന കാസർകോട് സ്വദേശി ഹക്കീം റുബയുടേതായിരുന്നു ഏറ്റവും ഒടുവിലത്തെ അനുഭവം. ഹക്കീമിന്റെ അനുഭവം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ഓരോ പ്രവാസിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃത്തങ്ങളും വെളിപ്പെടുത്തിയത്.

ഉദ്യോഗസ്ഥരുടെ പിടിച്ചുപറിക്കു പുറമെ വിമാനത്തിൽ കയറ്റുന്ന ലഗേജുകൾ കാണാതാകുന്നതും എയർപോർട്ടുകളിൽ തുടർക്കഥയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജുകൾ നഷ്ടമായതിന്റെ പേരിൽ കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം ഇരുപതോളം പരാതികളായിരുന്നു പൊലീസിൽ ലഭിച്ചത്. ഇതിൽ പരാതി എഴുതി നൽകിയ 13 കേസുകളായിരുന്നു എഫ്.ഐ.ആർ ഇട്ടത്. കേസുമായി മുന്നോട്ടു പോകുന്നതിലുള്ള പ്രയാസം തിരിച്ചറിഞ്ഞ് ബാക്കിയുള്ളവർ കേസിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ പൊലീസിലും എയർപോർട്ട് അഥോറിറ്റിയിലും പരാതിലഭിക്കാത്ത സംഭവങ്ങളാണ് അധികവും. ശരാശരി ദിവസവും മൂന്ന് പേരുടെ ലഗേജുകളോ ലഗേജിൽ നിന്നുള്ള വസ്തുക്കളോ എങ്കിലും കാണാതാകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരാരും പരാതിപ്പെടാനോ കേസിനു പിന്നാലെ പോകാനോ തയ്യാറായിട്ടില്ല. പ്രവാസികളുടെ ഈ മനോഭാവം മോഷ്ടാക്കൾക്ക് കൂടുതൽ വളമാകുന്ന സ്ഥിതിയാണ്. വർഷങ്ങളുടെ അധ്വാനമാകും പല പ്രവാസികൾക്കും എയർപോർട്ടിലും വിമാനത്തിലും നഷ്ടമാകുന്നത്.

എയർപോർട്ടിനുള്ളിൽ നിന്നും നഷ്ടമാകുന്ന ചെറിയ വസ്തുക്കൾ മാത്രമാണ് പൊലീസ് അന്വേഷണത്തിൽ പ്രവാസികൾക്ക് ഇതുവരെയും തിരിച്ചു കിട്ടിയത്. മൊബൈൽ, പേഴ്‌സ്, മറ്റു രേഖകൾ, സ്വർണാഭരണങ്ങൾ എന്നിവ വീണു പോകുകയോ തിരിച്ചെടുക്കാൻ മറക്കുന്നതോ ആണ് ഇവയെല്ലാം. ഇത്തരത്തിൽ നഷ്ടമാകുന്ന സാധനങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞതു പ്രകാരം മോഷ്ടാക്കളെ കണ്ടെത്താൻ സാധിക്കാറുണ്ട്. എന്നാൽ ലഗേജുകൾ നഷ്ടമാകുന്നതും വിലപിടിപ്പുള്ള സാധനങ്ങൾ ലഗേജിൽ നിന്നും കാണാതാകുന്നതും ഇതുവരെയും പൊലീസിനു തെളിയിക്കാൻ സാധിച്ചിട്ടില്ല.

എയർപോർട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട കേസായതിനാലും ഉന്നത കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അന്വേഷണത്തിന്റെ പരിമിതികളുമാണ് ഇത്തരം കേസുകൾ ഇതുവരെ വെളിച്ചം കാണാതെ കിടക്കുന്നത്. കരിപ്പൂർ എയർപോർട്ടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ സിസി ക്യാമറയിൽ പതിയാത്ത സ്ഥലത്തു വച്ചായിരിക്കും നടക്കുക. മാത്രമല്ല, ക്യാമറ പതിയുന്നിടങ്ങളിൽ ആളുകളെ തിരിച്ചറിയുന്നതിലെ വ്യക്തതക്കുറവും ഉണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ മാസങ്ങൾക്കു മുമ്പ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ കൂട്ട സംഘട്ടനത്തിനു പിന്നാലെ സിസി ടിവി ക്യാമറകൾ മാറ്റിസ്ഥാപിക്കുന്നതിനും ഇല്ലാത്തിടത്ത് പുതിയത് സ്ഥാപിക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ഇതുവരെയും ഈ തീരുമാനവും നടപ്പായിട്ടില്ല.

ഏറ്റവും കൂടുതൽ ലഗേജുകൊള്ളകൾ നടക്കുന്നത് വിമാനത്തിൽ നിന്നും പുറത്തിറക്കുന്ന സമയത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ഓരോ വിമാന കമ്പനികളും വിവിധ ഏജൻസികൾക്കാണ് ലഗേജിന്റെ സുരക്ഷ ഏൽപ്പിച്ചിട്ടുള്ളത്. വൻകിട ഏജൻസികളുടെയും കമ്പനികളുടെയും നിയന്ത്രണത്തിലാണ് ലഗേജ് കയറ്റാനും ഇറക്കാനും ജീവനക്കാരെ നിയമിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്തിൽ കയറ്റുന്നതും ഇറക്കുന്നതും ഈ ജീവനക്കാരാണ്. ലഗേജുകൾ മോഷണം നടത്തുന്നതിനു പിന്നിൽ വൻശൃംഖല പ്രവർത്തിക്കുന്നതായാണ് വിവിധ അന്വേഷണ ഏജൻസികൾക്കും ലഭിക്കുന്ന വിവരം. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ലഗേജുകളിൽ പ്രത്യേക കോഡ് ഭാഷകളിൽ മാർക്ക് ചെയ്യപ്പെട്ടാണ് വിദേശത്ത് നിന്നും വരുന്നത്.

ലഗേജ് നമ്പറും മറ്റുവിവരങ്ങളും അടങ്ങിയ സന്ദേശങ്ങൾ വാട്‌സ് ആപ്പിലൂടെയും ഇവർ പരസ്പരം കൈമാറുന്നു. ഇതനുസരിച്ച് വിമാനത്തിൽ നിന്നും ഇറക്കുന്ന ലഗേജുകളിൽ നിന്നും കൃത്യമായി മോഷണം ചെയ്യപ്പെടുകയാണ് പതിവ്. പെട്ടിയിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് മോഷണം നടന്നിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. ഇത്തരത്തിൽ മോഷണം നടത്തുന്നത് തടയാനോ ഇവരെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ലെന്നതുമാണ് യാഥാർത്ഥ്യം. കേരളാ പൊലീസിന്റെ അന്വേഷണത്തിന് ഏറെ പരിമിതികളുണ്ടെന്നും ഉന്നത ഏജൻസികളുടെ അന്വേഷത്തിൽ നിന്നും മാത്രമെ അന്തർദേശീയ ബന്ധമുള്ള ഈ മോഷണ സംഘത്തെ കണ്ടു പിടിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം.

ഇത്തരത്തിൽ മോഷണം നടത്തുന്നതിന്റെ വീതം വെയ്‌പ്പും ഓഹരിയും മറ്റു കണ്ണികൾക്കു കൂടി ലഭിക്കുന്നുണ്ട്. ലഗേജിൽ നിന്നും നഷ്ടമായ വസ്തുക്കളുടെ വിവരം വീട്ടിലെത്തിയാൽ മാത്രമാണ് യാത്രക്കാർ അറിയുന്നത്. ലഗേജ് നഷ്ടമായാൽ കുറച്ചു ദിവസം കാത്തിരിക്കും പിന്നെ അതിനു പിന്നാലെ നടക്കുക കീറാമുട്ടിയാണെന്നതിനാൽ പരാതിയില്ലാതെ പിന്മാറുകയും ചെയ്യും.ഇനി ആരെങ്കിലും പരാതി നൽകിയാൽ ഇവരെ ഉദ്യോഗസ്ഥർ കൂട്ടമായെത്തി ഇതിൽ നിന്നും പിൻതിരിപ്പിക്കുകയോ അല്ലെങ്കിൽ തൃപ്തകരമായ മറുപടി നൽകാതെ കാത്തിരുത്തുകയും ചെയ്യും.

കൈകൂലി നൽകാത്തതിന് മർദിച്ച കാസർകോട്ടുകാരൻ ഹക്കീം റുബയ്‌ക്കെതിരെയും ആരോപണ വിധേയനായ ഫ്രാൻസിസ് കോടങ്കണ്ടത്ത് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഔദ്യാഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ചാണ് ഈ ഉദ്യോഗസ്ഥന്റെ പരാതിന്മേൽ 356, 294 (ബി) വകുപ്പുകൾ ചുമത്തി കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നിന്നും പിന്മാറാനായി ഹക്കീമിനു മേൽ അതീവ സമ്മർദം ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നുണ്ട്. എയർപോർട്ട് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി രംഗത്തെത്തിയാൽ ഇവർക്കെതിരെ കള്ളകേസ് ചമക്കുന്നതും യാത്രകൾ ദുരിതത്തിലാക്കുന്നതും പതിവുരീതിയാണ്. അതേസമയം, കേസിൽ നിന്നും പിന്മാറാതെ മുന്നോട്ടു പോകാനാണ് ഹക്കീമിന്റെ തീരുമാനം. ഇത്തരം കൊള്ളകൾ പ്രോത്സാഹിപ്പിക്കില്ലെന്നും കേസ് അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും കരിപ്പൂർ എസ്.ഐ പറഞ്ഞു.