മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ വെടിവയ്‌പ്പിലും അക്രങ്ങളിലും നേരിട്ട് പങ്കുള്ള 50 സിഐഎസ്.എഫ് ജവാന്മാരെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റി. എയർപോർട്ട് അഥോറിറ്റി ജീവനക്കാരുമായി കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലായാണ് സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പങ്കുള്ള 25 സിഐഎസ്.എഫ് ജവാന്മാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. സുരക്ഷാചുമതലയിലും ബാരക്കിലും ഉണ്ടായിരുന്നവരാണ ഇവർ. വെടിവെപ്പിൽ ജവാൻ മരിക്കാനിടയായതിനെത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്.എഫിന്റെ നിയന്ത്രണം താത്കാലികമായി ഉന്നത ഉദ്യോഗസ്ഥർ ഏറ്റെടുത്തു.

വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനാംഗങ്ങൾ സിഐഎസ്.എഫ് സബ്ഇൻസ്‌പെക്ടർ സീതാറാം ചൗധരിയുടെ പിസ്റ്റളുള്ള കൈയിൽ കയറിപ്പിടിച്ചപ്പോഴാണ് വെടിപൊട്ടി സിഐഎസ്.എഫ് ജവാൻ എസ്.എസ്. യാദവ് മരിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. ചൗധരിയുടെ ഇടതുകൈ തുളച്ചുകയറിയ വെടിയുണ്ട എസ്.എസ്. യാദവിന്റെ ഇടതുകവിളിലൂടെ തലയിൽ കയറിയാണ് അദ്ദേഹം മരിച്ചതെന്നാണ് അന്വേഷണസംഘം മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സംഘർഷസ്ഥലത്തുനിന്ന് പോവാൻ ശ്രമിച്ചിട്ടും പിൻതുടർന്ന് അഗ്‌നിരക്ഷാസേന മർദിച്ചതോടെയാണ് ചൗധരി അരയിൽ തിരുകിയ പിസ്റ്റൾ എടുത്ത് ലോഡ് ചെയ്തത്. പ്രശ്‌നത്തിന് തുടക്കമിട്ടതും മറ്റു സഹപ്രവർത്തകരെ വിളിച്ചുവരുത്തിയതും അഗ്‌നിരക്ഷാസേനയിലെ സൂപ്പർവൈസർ അജികുമാറാണ്.

തുടർന്ന് ആംബുലൻസിലും ജീപ്പിലുമായെത്തി അജികുമാറും സഹപ്രവർത്തകരും ചൗധരിയെ മർദിക്കുകയായിരുന്നു. പ്രശ്‌നത്തിൽ ഇടപെട്ട യാദവിനെയും അഗ്‌നിരക്ഷാസേന മർദിച്ചു. ജോലി തടസ്സപ്പെടുത്തണമെന്നും കൈയേറ്റം ചെയ്യണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് അഗ്‌നിരക്ഷാസേന സംഘംചേർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘർഷത്തിന് തുടക്കമിട്ടയാൾ എന്നനിലയിൽ അജികുമാറായിരിക്കും കേസിൽ ഒന്നാംപ്രതിയെന്ന് പൊലീസ് പറഞ്ഞു. ഒൻപതുപേരെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും പ്രതിപ്പട്ടിക രണ്ടുമുതൽ പത്തുവരെയാണ് തയ്യാറാക്കിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒന്നാം പ്രതി അജികുമാറിനേയും പതിമൂന്നാം പ്രതി സണ്ണി തോമസിനേയും ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ അറസ്റ്റ് ചെയ്യും. വെടിപൊട്ടിയ സീതാറാം ചൗധരിയുടെ തോക്കും മരിച്ച എസ്.എസ് യാദവിന്റെ തോക്കുകളും കോടതിയിൽ ഹാജരാക്കി. ബാലിസ്റ്റിക് പരിശോധനാഫലം ഫോറൻസിക് ലാബിൽ നിന്ന് കിട്ടിയശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജവാൻ എസ്.എസ്.യാദവ് വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് എസ്.ഐ. സീതാറാം ചൗധരിക്കെതിരെയും മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും. അതിനിടെ സിഎസ്‌ഐഎഫ് ജീവനക്കാരുടെ സ്ഥലം മാറ്റം കേസ് അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. എന്നൽ ഈ വാദങ്ങളെ സിഐഎസ്എഫ് തള്ളിക്കളയുന്നു.

വിമാനത്താവളത്തിലെ വെടിവയ്‌പ്പിലും അക്രങ്ങളിലും നേരിട്ട് പങ്കുള്ള 50 സിഐഎസ്.എഫ് ജവാന്മാരെയാണ് ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റി. എയർപോർട്ട് അഥോറിറ്റി ജീവനക്കാരുമായി കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലായാണ് സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പങ്കുള്ള 25 സിഐഎസ്.എഫ് ജവാന്മാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. സുരക്ഷാചുമതലയിലും ബാരക്കിലും ഉണ്ടായിരുന്നവരാണ ഇവർ.

ഐ.ജി ആർ.എൻ. സഹായി, ഡി.ഐ.ജിമാരായ എ.വി. ആനന്ദ് മോഹൻ, വിക്രം എന്നിവരാണ് കരിപ്പൂരിലെത്തി സുരക്ഷയുടെ നിയന്ത്രണമേറ്റെടുത്തത്. സിഐഎസ്.എഫും വിമാനത്താവള അഗ്‌നിരക്ഷാ സേനാംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായതിനെ സിഐഎസ്.എഫ് ഗൗരവത്തോടെയാണ് കാണുന്നത്. കരിപ്പൂരിലെത്തിയ ഉദ്യോഗസ്ഥർ ഐ.ജി ആർ.എൻ. സഹായിയുടെ നേതൃത്വത്തിൽ സംഭവം സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി. സേനാംഗങ്ങളിൽനിന്ന് തെളിവുകൾ ശേഖരിക്കാനും തുടങ്ങി. സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽനിന്ന് വിശദീകരണം തേടിയതായും സൂചനയുണ്ട്. കരിപ്പൂരിൽ സിഐഎസ്.എഫിനെ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി കമാൻഡന്റാണ്. സംഭവദിവസം ഡെപ്യൂട്ടി കമാൻഡന്റ് ഡാനിയേൽ ധൻരാജ് സ്ഥലത്തുണ്ടായിരുന്നില്ല. ഐ.ജി ആർ.എൻ. സഹായി സിഐഎസ്.എഫിന്റെ ഡൽഹിയിയിലെ ഹെഡ് ക്വാർട്ടേഴ്‌സിലേക്കാണ് റിപ്പോർട്ട് നൽകുക.

അതിനിടെ, അറസ്റ്റിലായ ഒൻപത് ഫയർഫോഴ്‌സ് ജീവനക്കാരെ ഇന്നലെ മഞ്ചേരി കോടതിയിൽ ഹാജരാക്കി ഈമാസം 27 വരെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് മാനേജർ കോഴിക്കോട് താമരശേരി സ്വദേശി പി.കെ.ശ്രീധരൻ (59), സീനിയർ സൂപ്രണ്ട് തിരുവനന്തപുരം മഞ്ഞമല ജഗന്നാഥൻ നായർ (59), സൂപ്രണ്ട് തിരുവാലി സ്വദേശി മധുമോഹൻ (51), സൂപ്പർവൈസർമാരായ കക്കോടി സ്വദേശി കെ.പി.ബ്രിഡ്ജു (40), വടകര തോടന്നൂർ എം. ജോഷി (38), എറണാകുളം പമ്പാക്കുട എ.ബി. അനീഷ് (38), എറണാകുളം ഗോതുരുത്തി ജോസഫ് ഷൈൻ (42), കോഴിക്കോട് മേപ്പയൂർ കെ.പി.റിനീഷ് (41), കൊല്ലം കൊട്ടാരക്കര വെട്ടിക്കവല എൻ.ആർ.അജിത് കുമാർ (41) എന്നിവരാണിവർ. മൂന്ന് ഫയർഫോഴ്‌സ് ജീവനക്കാരെ കൂടി അറസ്റ്റ് ചെയ്യും.