മലപ്പുറം: സ്വർണക്കടത്തു മാഫിയയിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലിവാങ്ങുന്നതായി പരാതിയെ തുടർന്ന് കരിപ്പൂർ വിമാനത്തവളത്തിൽ സിബിഐ നടത്തിയ രണ്ടു ദിവസത്തെ റെയ്ഡിൽ പിടികൂടിയത് 1.2 കോടിരൂപയും നിരവധി കള്ളക്കടത്ത് സാധനങ്ങളും. ഉദ്യോഗസ്ഥരെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾ സിബിഐക്ക് ലഭിച്ചു. കരിപ്പൂരിലെ ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സിബിഐ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും വ്യാപക റെയ്ഡ് നടത്തി.

കാസർക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന് കരിപ്പൂർ കസ്റ്റംസ് വിഭാഗം സഹായം നൽകുന്നതായും സിബിഐ സ്ഥിരീകരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തരുന്നു. ചൊവ്വാഴ്‌ച്ച പുലർച്ചെ കൊച്ചിയിൽ നിന്നെത്തിയ സിബിഐ യുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി.ആർ.ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.

പുലർച്ചെ എയർഅറേബ്യയുടെ ഷാർജ വിമാനം എത്തുമ്പോഴാണ് സംഘം കരിപ്പൂരിലെത്തിയത്.ഈ വിമാനത്തിൽ പരിശോധനകൾ കഴിഞ്ഞ് ഏതാനും യാത്രക്കാർ പുറത്തിറങ്ങിയിരുന്നു.ഇവരെ തിരികെ വിളിച്ച് പരിശോധിച്ചാണ് തിരിച്ചയച്ചത്.തുടർന്ന് ചൊവ്വാഴ്‌ച്ച കസ്റ്റംസ് ഹാളിൽ നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 637 ഗ്രാം സ്വർണം,മൂന്നുലക്ഷം രൂപ തുടങ്ങിയവ കണ്ടെത്തിയത്.ഇതിന് പുറമെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് അരലക്ഷം രൂപയും കണ്ടെടുത്തു.ഒരു ഉദ്യോഗസ്ഥനിൽ നിന്ന് 17,000 രൂപയും മറ്റൊരാളിൽ നിന്ന് 13,000 രൂപയും,മൂന്നാമനിൽ നിന്ന് 10,000 രൂപയുമാണ് കണ്ടെത്തിയത്.ഇതിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ കരിപ്പൂരിലുണ്ടായിരുന്ന മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥ തന്നെ കേന്ദ്ര കസ്റ്റംസ് വിഭാഗത്തിന് പരാതി നൽകിയിരുന്നു