- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ കസ്റ്റംസുകാർ ഒത്താശ ചെയ്യുന്നത് കാസർക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന്; കളങ്കിതരായ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റണമെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് നടപ്പാക്കാത്തതും വീഴ്ച; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കും; എയർപോർട്ടിലെ കടത്തിന് തടയിടാൻ സിബിഐ
തിരുവനന്തപുരം: കരിപ്പുർ വിമാനത്താവളത്തിലെ കോഴ ഇടപാടിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്പെക്ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സസ്പെൻഡ് ചെയ്തു. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നും പിടിച്ച പണവും കൃത്യമായ പരിശോധന നടത്താതെ വിട്ട യാത്രക്കാരിൽ നിന്നുള്ള സ്വർണവുമടക്കം ഒരു കോടി രൂപയ്ക്കു മുകളിൽ വരും പിടിച്ചെടുത്തതിന്റെ മൂല്യം. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും മൂന്ന് ലക്ഷം രൂപയോളം വിമാനത്താവളത്തിൽ പിടിച്ചു. ഇതിന് പുറമേ അവരുടെ വീടുകൾ റെയ്ഡ് ചെയ്തതിൽ അഞ്ചുലക്ഷം രൂപയും കണ്ടെടുത്തു. ഇതോടെയാണ് നടപടി എടുക്കാൻ കസ്റ്റംസ് നിർബന്ധിതരായത്.
പണം വാങ്ങി സിഗററ്റും സ്വർണവും ഇലക്ട്രോണിക്സ് സാധനങ്ങളും കടത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായി സിബിഐ റെയ്ഡിൽ കണ്ടെത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്നും 1 കോടി രൂപ വിലമതിക്കുന്ന സാധങ്ങളും പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉദ്യഗോസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കരിപ്പൂരിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ സിബിഐ. കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരോടും വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചി സിബിഐ. ഓഫീസിലെത്താൻ നോട്ടീസ് നൽകും. ഇത് അന്വേഷണത്തിൽ നിർണ്ണായകമാകും.
കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നത് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുണ്ടെന്ന് പേരുകൾ സഹിതം സിബിഐ.ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരിശോധിച്ചതിൽനിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ഇതേസമയംതന്നെ ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്താനുള്ള സിബിഐ. ആവശ്യത്തെത്തുടർന്ന് കസ്റ്റംസിന്റെ കോഴിക്കോട് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരുടെ വീടുകളിൽ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നുമാത്രമായി എട്ടുലക്ഷം രൂപയിലധികം പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് സിബിഐക്ക് മുന്നിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തേണ്ടി വരും. സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി നേരത്തേതന്നെ ആരോപണമുള്ളതാണ്. സ്വർണക്കടത്തുകാരിൽ നിന്നും കമ്മിഷൻ കൈപ്പറ്റിയാണ് പരിശോധനയിൽ നിന്നും ഒഴിവാക്കിവിടുകയോ സ്വർണം പിടിക്കുമ്പോഴുള്ള യഥാർഥ നികുതി പിരിച്ചെടുക്കാതെ സഹായം ചെയ്തുകൊടുക്കുകയോ ചെയ്യുന്നത്. ഈ രീതിയിൽ ലഭിച്ച പണമാണിതെന്നാണ് സിബിഐ. കരുതുന്നത്.
കരിപ്പൂരിലെ കളങ്കിതരായ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റണമെന്ന രഹസ്യറിപ്പോർട്ട് നടപ്പാക്കിയിരുന്നില്ല. കോഴിക്കോട് വിമാനത്താവളത്തിലെ ഇന്റലിജൻസ് ചുമതലയുള്ള കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഡോ. എൻ.എസ്. രാജിയാണ് ആറുമാസം മുമ്പ് റിപ്പോർട്ട് നൽകിയിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ റിപ്പോർട്ട് ശരിവെച്ച്, കസ്റ്റംസ് ചീഫ് കമ്മിഷണർക്ക് നൽകിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരെ തത്കാലം മാറ്റേണ്ടെന്ന് ചീഫ് കമ്മിഷണർ ഓഫീസ് തീരുമാനിക്കുകയായിരുന്നു. കരിപ്പൂരിൽ സിബിഐ. കേസെടുത്തതിൽ ഈ മൂന്നു പേരിൽ ഒരാൾ ഉൾപ്പെടുന്നതായാണ് സൂചന.
ഉദ്യോഗസ്ഥരെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾ സിബിഐക്ക് ലഭിച്ചു. കരിപ്പൂരിലെ ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സിബിഐ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. കാസർക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന് കരിപ്പൂർ കസ്റ്റംസ് വിഭാഗം സഹായം നൽകുന്നതായും സിബിഐ സ്ഥിരീകരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തരുന്നു. ചൊവ്വാഴ്‌ച്ച പുലർച്ചെ കൊച്ചിയിൽ നിന്നെത്തിയ സിബിഐ യുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി.ആർ.ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.
പുലർച്ചെ എയർഅറേബ്യയുടെ ഷാർജ വിമാനം എത്തുമ്പോഴാണ് സംഘം കരിപ്പൂരിലെത്തിയത്.ഈ വിമാനത്തിൽ പരിശോധനകൾ കഴിഞ്ഞ് ഏതാനും യാത്രക്കാർ പുറത്തിറങ്ങിയിരുന്നു.ഇവരെ തിരികെ വിളിച്ച് പരിശോധിച്ചാണ് തിരിച്ചയച്ചത്.തുടർന്ന് ചൊവ്വാഴ്‌ച്ച കസ്റ്റംസ് ഹാളിൽ നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 637 ഗ്രാം സ്വർണം,മൂന്നുലക്ഷം രൂപ തുടങ്ങിയവ കണ്ടെത്തിയത്.ഇതിന് പുറമെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് അരലക്ഷം രൂപയും കണ്ടെടുത്തു.
ഒരു ഉദ്യോഗസ്ഥനിൽ നിന്ന് 17,000 രൂപയും മറ്റൊരാളിൽ നിന്ന് 13,000 രൂപയും,മൂന്നാമനിൽ നിന്ന് 10,000 രൂപയുമാണ് കണ്ടെത്തിയത്.ഇതിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ കരിപ്പൂരിലുണ്ടായിരുന്ന മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥ തന്നെ കേന്ദ്ര കസ്റ്റംസ് വിഭാഗത്തിന് പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ