- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസ്:അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ; പിടിയിലായത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം; സൂഫിയാനുമായും സ്വർണം കടത്തുന്നവരുമായും റിയാസിന് നേരിട്ട് ബന്ധമെന്നും പൊലീസ്
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ. കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായ റിയാസ് , മുഹമ്മദ് ബഷീർ , മുഹമ്മദ് ഹാഫിസ് , മുഹമ്മദ് ഫാസിൽ , ഷംസുദ്ദീൻ എന്നിവർ ആണ് ഇന്ന് അറസ്റ്റിലായത്.
റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സമയത്ത് കരിപ്പൂരിൽ വന്നിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വർണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, സ്വർണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരിൽ നിന്ന് യാത്രക്കാരനെയും തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. മുഖ്യ ആസൂത്രകൻ സൂഫിയാന്റെ സഹോദരൻ ഫിജാസും ഷിഹാബും അടങ്ങിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സ്വർണക്കടത്ത് സംഘത്തിന്റെ സ്വർണം തുടർച്ചയായി തട്ടിക്കൊണ്ടുപോയിത്തുടങ്ങിയതോടെയായിരുന്നു കൊടുവള്ളി സംഘം വൻ സന്നാഹങ്ങളോടെ കരിപ്പൂരിലെത്തിയത്. ചെർപ്പുളശ്ശേരിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ നിയന്ത്രിച്ച സൂഫിയാന്റെ സഹോദരൻ ഫിജാസും ഷിഹാബും മറ്റ് നാല് പേരും ചേർന്ന് അന്ന് രാത്രി ഒരാളെ തട്ടിക്കൊണ്ടുപോയി.
പാലക്കാട് സ്വദേശിയായ ഇയാൾ നേരത്തെ ഇവരുടെ സ്വർണക്കടത്തിൽ പങ്കാളിയായിരുന്നു എന്നാണ് പൊലീസിന് കിട്ടിയ സൂചന. കൊടുവള്ളി സംഘത്തിന് എത്തിക്കേണ്ട സ്വർണം ഈ പാലക്കാട് സ്വദേശിയിൽ നിന്നും നഷ്ടപ്പെട്ടതിനാലാണ് കൊടുവള്ളി സംഘം ഇയാളെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്.
ഈ യാത്രക്കാരനെ മർദിച്ച് മൊബൈൽ ഫോണും ലഗേജും തട്ടിയെടുത്ത ശേഷം തിരിച്ചയക്കുകയായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ ഉൾപ്പെട്ട ഫിജാസും ഷിഹാബും ഇപ്പോൾ രാമനാട്ടുകര കേസിനെത്തുടർന്ന് ജയിലിലാണ്.
ഗൾഫിൽ നിന്നുമുള്ള നിർദേശങ്ങൾ അനുസരിച്ച് ആണ് കള്ളക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് നേരത്തെ പിടിയിലായ സൂഫിയാൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കൂടുതൽ ആളുകളെ കരിപ്പൂരിലേക്ക് കൊണ്ടുവന്നത് കണ്ണൂർ സംഘത്തെ ഭയപ്പെടുത്താൻ ആണെന്നും സൂഫിയാൻ പൊലീസിന് മൊഴി നൽകിയിരുന്നു.
കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ ഏറ്റവും നിർണായകം സൂഫിയാന്റെ അറസ്റ്റ് ആണ്. ഗൾഫിൽ നിന്നും ഉള്ള നിർദ്ദേശം അനുസരിച്ച് ആണ് പ്രവർത്തിക്കുന്നത് എന്നാണ് സൂഫിയാൻ പറയുന്നത്. കൊടുവള്ളിയിലേക്ക് എത്തേണ്ട കള്ളക്കടത്ത് സ്വർണം പലതവണ മറ്റു സംഘങ്ങൾ കടത്തിയ സാഹചര്യത്തിൽ ആണ് കൂടുതൽ ആളുകളെ കരിപ്പൂരിലേക്ക് നിയോഗിച്ചത്.
ഏതുവിധേനയും സ്വർണം കൊടുവള്ളിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി ആണ് ചെർപ്പുളശ്ശേരി സംഘത്തെ കൊണ്ടു വന്നത്. ഇവർക്ക് പുറമെ കൊടുവള്ളിയിൽ നിന്ന് മറ്റൊരു സംഘവും അന്നേദിവസം കരിപ്പൂരിൽ വന്നിരുന്നു. ഇവരെ നിയന്ത്രിച്ചത് സൂഫിയാൻ അല്ല, വിദേശത്ത് ഉള്ളവർ ആയിരുന്നു.
കണ്ണൂർ സംഘത്തെ കൊല്ലാൻ ആയിരുന്നില്ല ഭയപ്പെടുത്താൻ ആണ് ലക്ഷ്യമിട്ടത് എന്ന് സൂഫിയാൻ പൊലീസിനോട് പറഞ്ഞു. ഇത്രയും അധികം ആളുകളെ കരിപ്പൂരിലേക്ക് കൊണ്ടുവന്നത് ഇതിനു വേണ്ടി കൂടിയായിരുന്നു. എന്നാൽ, മിന്നൽ വേഗത്തിൽ കരിപ്പൂരിൽ നിന്ന് രക്ഷപ്പെട്ട അവരെ ഇവർക്ക് ലഭിച്ചില്ല. കരിപ്പൂരിൽ നിന്നും കോഴിക്കോട് വെസ്റ്റ് ഹിൽ വരെ എത്താൻ അർജുൻ അരമണിക്കൂർ പോലും എടുത്തില്ല എന്നാണ് പൊലീസ് പറയുന്നത്.
അർജുൻ ആയങ്കിയെ കിട്ടാതെ മടങ്ങി വരുമ്പോൾ ആണ് ചെർപ്പുളശ്ശേരി സംഘം അപകടത്തിൽ പെട്ടത്. ചെർപ്പുളശ്ശേരി സംഘത്തെ നിയന്ത്രിച്ച വാട്ട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്‌മിന്മാരിൽ ഒരാളാണ് സൂഫിയാൻ. ഇതുവരെ കവർച്ച ആസൂത്രണ കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നത് ഈ ഫോണിലെ കോൺടാക്ടുകൾ കേന്ദ്രീകരിച്ച് ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ