- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ രാജിയെ ഡൽഹിയിലേക്ക് മാറ്റി തുടങ്ങിയ ചങ്ങാത്തം; കടത്തുകാർക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സ്വർണം പിടിക്കേണ്ട കസ്റ്റംസോ? കരിപ്പൂരിൽ ഇപ്പോൾ 'വേട്ട' നടത്തുന്നത് കേരളാ പൊലീസ്; കണ്ണൂർ-കൊടുവള്ളി-താമരശ്ശേരി മാഫിയകൾക്ക് വെല്ലുവിളിയായി പൊലീസ് ഇടപെടലുകൾ; പാന്റ്‌സിലെ സ്വർണം പിടിച്ചത് എസ് പിയുടെ ഇടപെടൽ; കരിപ്പൂരിൽ കസ്റ്റംസ് നിഷ്ക്രിയരാകുമ്പോൾ
കരിപ്പൂർ : വീണ്ടും കരിപ്പൂർ കള്ളക്കടത്തിന്റെ തലസ്ഥാനമാകുന്നു. സ്വർണ്ണ വിലയിലെ ഉയർച്ചയോടെ അതിവേഗം ലാഭമുണ്ടാക്കാനുള്ള മാർഗ്ഗമായി കടത്ത് മാറി. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലും ജാഗ്രതയും പരിശോധനയും ശക്തമായപ്പോൾ കടത്തുകാർ കരിപ്പൂരിൽ സജീവമായി. മലബാറിലെ കണ്ണൂർ-കൊടുവള്ളി-താമരശ്ശേരി മാഫിയകൾ കരിപ്പൂരിൽ പിടിമുറുക്കുകായണ്. കരിപ്പൂരിലെ പല കടത്തു കേസിലും കണ്ണൂർ മാഫിയ സജീവമാണ്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തെ നിഷ്‌ക്രിയമാക്കിയത് കള്ളക്കടത്ത് മാഫിയയാണ്. ഇവരുടെ തന്ത്രങ്ങൾ വിജയിച്ചതോടെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കരിപ്പൂർ പേടിസ്വപ്നമായി മാറിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഡോ. രാജിയെ സ്ഥലംമാറ്റാനായി ഒന്നിച്ച കൂട്ടുകെട്ടാണ് ഇപ്പോൾ കോഴിക്കോട്ടെ കസ്റ്റംസ് വിഭാഗത്തെ 'നിയന്ത്രിക്കുന്നത്'. ഈ മാഫിയയ്ക്ക് ഇഷ്ടമുള്ളവർ മാത്രമാണ് കരിപ്പൂരിൽ് എത്തുന്നത്. ഇതാണ് കടത്തുകാരുടെ താവളമാക്കി കരിപ്പൂരിനെ മാറ്റുന്നത്. അതിനിടെ പൊലീസ് നിരീക്ഷണം കർശനമാക്കുന്നുണ്ട്. ഇതാണ് പല കടത്തുകാരും കുടുങ്ങാൻ കാരണം. വിവരങ്ങൾ നൽകുന്നവർക്ക് പോലും കോഴിക്കോട്ടെ കസ്റ്റംസുകാരെ വിശ്വാസമില്ല.
2000 ഡിസംബറിലാണ് കോഴിക്കോട് കള്ളക്കളികൾ ശ്കതമാകുന്നത്. ഡോ. രാജിയെ കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറായി നിയമിക്കുന്നത് മാഫിയയ്ക്ക് തിരിച്ചടിയായി. സ്വർണക്കടത്ത് പിടികൂടുന്നത് വലിയതോതിൽ വർധിച്ചു. വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തതോടെ കസ്റ്റംസിലെ ഒരു വിഭാഗം രാജിക്കെതിരേ തിരിഞ്ഞു. ഈ മൂന്നുദ്യോഗസ്ഥരും പിന്നീട് കോഴിക്കോട് നടന്ന സിബിഐ. റെയ്ഡിൽ പിടിയിലാവുകയും സസ്‌പെൻഷനിലാവുകയും ചെയ്തു. ഈ സമയമാണ് തിരുവനന്തപുരത്തേക്ക് കടത്തുകാർ എത്തുന്നത്. ഇതിനൊപ്പം രാജിയെ പുറത്താക്കാനും നീക്കം തുടങ്ങി.
രാജി യാത്രക്കാരെ ദ്രോഹിക്കുന്നതായി വരുത്തി തീർക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, പല പരാതികളും വ്യാജമാണെന്ന് തെളിഞ്ഞു. കസ്റ്റംസ് ഉന്നതാധികാരികൾ ഇവർക്കൊപ്പം നിലകൊണ്ടു. എന്നാൽ, സമ്മർദം ശക്തമായതോടെ ഡൽഹി കസ്റ്റംസ് കേന്ദ്ര കാര്യാലയത്തിൽ അണ്ടർ സെക്രട്ടറിയായി ഇവരെ സ്ഥലം മാറ്റി. പിന്നെ എത്തിവരെല്ലാം കള്ളക്കടത്തുകാരുടെ പ്രിയപ്പെട്ടവരായിരുന്നു. ഇവരെ നിയമിച്ചത് പോലും മാഫിയകളാണെന്ന വാദവും ചർച്ചകളിലുണ്ട്. ഇതിന് ശേഷം കടത്ത് കൂടി. അതിനിടെ കടത്ത് സ്വർണം പിടിച്ചാാൽ കേസെടുക്കേണ്ട മൂല്യവും കൂടുകയാണ്.
പാന്റ്‌സിലെ സ്വർണം പിടിച്ചതും പൊലീസ്
പൊലീസിനാണ് ഇപ്പോൾ കരിപ്പൂരിൽ കൂടുതൽ രഹസ്യ വിവരങ്ങൾ കിട്ടുന്നത്. വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച രീതിയിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒന്നരക്കിലോ സ്വർണം കോഴിക്കോട് വിമാനത്താവളത്തിനുപുറത്ത് കരിപ്പൂർ പൊലീസ് പിടികൂടിയിരുന്നു. പാന്റ്സിനകത്ത് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചെത്തിയ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീൻ (43) അറസ്റ്റിലായി. അബുദാബിയിൽനിന്നാണ് ഇയാളെത്തിയത്. ഇതിന് പിന്നിലും കസ്റ്റംസിന്റെ ഒത്താശ പ്രകടമാണ്.
ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് വിമാനത്താവളത്തിൽ പൊലീസ് പരിശോധന നടത്തിയത്. അബുദാബിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ ഇയാളെ കസ്റ്റംസ് പരിശോധനകഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീൻ തന്റെ പക്കൽ സ്വർണമുള്ള കാര്യം സമ്മതിച്ചില്ല. ലഗേജും ശരീരവും വിശദമായി പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. ഇസ്സുദ്ദീൻ ധരിച്ച പാന്റ്‌സിന് കട്ടി കൂടുതലുള്ളതുകണ്ടതാണ് വഴിത്തിരിവായത്. പാന്റ്‌സ് അഴിച്ച് പരിശോധിച്ചപ്പോൾ ഭാരക്കൂടുതൽ അനുഭവപ്പെട്ടതോടെ മുറിച്ചുനോക്കി. ഇത് രണ്ട് പാളി തുണികളുപയോഗിച്ചാണ് തയ്ച്ചതെന്നും ഉൾവശത്ത് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചിരിക്കയാണെന്നും കണ്ടെത്തി.
പാന്റ്‌സിലും അടിവസ്ത്രത്തിലുമായി തേച്ചുപിടിപ്പിച്ച മിശ്രിതത്തിന് ഒന്നരക്കിലോയിലധികം ഭാരമുണ്ട്. ഇസ്സുദ്ദീനെ ചോദ്യംചെയ്തുവരികയാണ്. പിടികൂടിയ സ്വർണത്തിന് 77,95,000 രൂപ വിലവരും.
ഇനി പരിധി അമ്പത് ലക്ഷത്തിന്റെ സ്വർണം
സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള കസ്റ്റംസ് കേസുകളിൽ ഇനിമുതൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുണ്ടെങ്കിൽ മാത്രം അറസ്റ്റിലേക്കും കോടതിനടപടികളിലേക്കും പോയാൽമതിയെന്ന് കേന്ദ്രം ഉത്തരവിറക്കി. നേരത്തേ ഇത് 20 ലക്ഷം രൂപയായിരുന്നു. സ്വർണവിലയിലുൾപ്പെടെയുണ്ടായ കുതിപ്പാണ് കേസെടുക്കുന്നതിലെ മാനദണ്ഡം പുതുക്കിനിശ്ചയിച്ചതിന് കാരണം. ആഗോള സ്വർണവില ഉയർന്നതോടെ സ്വർണക്കടത്തുകേസുകളിൽ 90 ശതമാനവും കോടതിവ്യവഹാരത്തിലേക്ക് പോകുന്ന സ്ഥിതിയാണിപ്പോൾ.
കള്ളക്കടത്തുകേസുകളിൽ കസ്റ്റംസ് കേസെടുക്കുന്നതിന് ഇതിനുമുമ്പ് മാനദണ്ഡം നിശ്ചയിച്ചത് 2015-ലായിരുന്നു. അന്ന് സ്വർണവില പവന് 19,000-20,000 രൂപയായിരുന്നു. ഇപ്പോൾ ഇത് 38,000 രൂപയ്ക്ക് മുകളിലാണ്. കസ്റ്റംസ് നിലവിൽ പിടികൂടുന്ന മിക്കകേസുകളിലും മൂല്യം 50 ലക്ഷത്തിനു മുകളിലുമാണ്. ഇതിനൊപ്പം ഇറക്കുമതിയുടെ പേരിൽ തീരുവവെട്ടിക്കുന്നതും അനധികൃത ഇളവുകൾ നേടുന്നതുമുൾപ്പടെയുള്ള സംഭവങ്ങളിൽ അറസ്റ്റും കേസും എടുക്കേണ്ട പരിധി ഒരുകോടി രൂപയിൽനിന്നും രണ്ടുകോടി രൂപയാക്കി ഉയർത്തി.
എന്നാൽ, കള്ളനോട്ടുകൾ, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, പുരാവസ്തുക്കൾ, കലാമൂല്യമുള്ളവ, വന്യജീവിനിയമത്തിൽ വരുന്നവയുടെ കടത്ത്, വംശനാശഭീഷണി നേരിടുന്നവയുടെ കടത്ത് എന്നിവയിൽ ഈ മൂല്യം ബാധകമല്ല. നിർബന്ധമായും കേസെടുത്തിരിക്കണം. വിദേശപൗരന്മാരോ പ്രവാസി ഇന്ത്യക്കാരോ ഇന്ത്യസന്ദർശിച്ചശേഷം മടങ്ങുമ്പോൾ 50 ലക്ഷം രൂപയിൽ കൂടുതൽ വെളിപ്പെടുത്താത്ത വിദേശകറൻസി കണ്ടെത്തിയാൽ അശ്രദ്ധമൂലമാണെങ്കിൽ കേസെടുക്കേണ്ടെന്നും പുതിയ ഉത്തരവിലുണ്ട്. നിയമപരമായി സമ്പാദിച്ച പണമായിരിക്കണം ഇതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ