കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയായ അർജുൻ ആയങ്കിയുടെ ഭാര്യ അമലക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. നാളെ പതിനൊന്ന് മണിക്ക് കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് അമലയ്ക്ക് കസ്റ്റംസ് നൽകിയിരിക്കുന്ന നിർദ്ദേശം. അർജുന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യമുള്ളതുകൊണ്ടാണ് അമലയോട് ഹാജരാകാൻ നോട്ടീസ് അയച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂർ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വെള്ളിയാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനും ആകാശിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ചോദ്യം ചെയ്ത ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയിൽ നിന്ന് സ്വർണ്ണക്കടത്തിൽ ആകാശ് തില്ലങ്കേരിയുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടികളെന്നാണ് സൂചന.

കരിപ്പൂർ സ്വർണ്ണക്കടത്തുകേസിൽ പിടിയിലായ അർജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്ന് മുൻപ് തന്നെ വിവരം ലഭിച്ചിരുന്നു. ഷുഹൈബ് വധക്കേസിന് ശേഷം കഴിഞ്ഞ രണ്ടുവർഷമായി ആകാശ് തില്ലങ്കേരി ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു എന്നാണ് കസ്റ്റംസിന്റെ വാദം.