- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിലെത്തിയത് 32 കോടിയുടെ ഹെറോയിൻ; വിലകൂടിയ ലഹരി മരുന്ന് എത്തിച്ചതിന് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്നു സംഘം; ജോഹന്നാസ്ബർഗിൽ നിന്നത്തെിയ ആഫ്രിക്കൻ വനിതയെ കേരളത്തിൽ കാത്തിരുന്നത് ആര്? ചോദ്യം ചെയ്യലുമായി സഹകരിക്കാതെ നമീബിയ സ്വദേശിനി സോക്കോ ബിഷാല
കോഴിക്കോട്: കേരളം ലഹരിയുടെ സ്വന്തം ഹബ്ബായി മാറുകയാണോ? ആന്ധ്രയിൽ നിന്നും ഒഡീഷയിൽ നിന്നുമെത്തുന്ന കഞ്ചാവ് ഒരു വശത്ത്, ബംഗളുരുവിൽ നിന്നും എത്തുന്ന എൽഎസ്ടി പോലുള്ള മാരക ലഹരിവസ്തുക്കൾ ഒരു വശത്ത്, ആഫ്രിക്കയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പോലും എത്തുന്ന ഹെറോയിനു കൊക്കേയ്നും... ഇങ്ങനെ മലയാളികളിൽ ലഹരി നിറയ്ക്കാൻ ലഹരിമരുന്നുകൾ ഒഴുകുമ്പോൾ ശതകോടികളുടെ ലഹരിമരുന്നു വിപണി കേരളത്തിലുണ്ടെന്ന ഞെട്ടിക്കുന്ന സത്യം അംഗീകരിക്കേണ്ടി വരും.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരിമരുന്നിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ എങ്ങും ഞെട്ടലാണ്. അന്താരാഷ്ട്ര വിപണിയിൽ 32 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. ആഫ്രിക്കൻ വനിതയായിരുന്നു മയക്കുമരുന്നുമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് വിവരം. കേരളത്തിത്തിൽ ലഹരിമരുന്നു വാങ്ങാൻ കാത്തിരുന്നത് ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.
നമീബിയ സ്വദേശിനിയായ 41 കാരി സോക്കോ ബിഷാല ജൊഹനാസ്ബർഗിൽ നിന്നുമാണ് വന്നത്. ഖത്തർ എയർവേസ് വിമാനത്തിൽ പുലർച്ചെ 2.15 നാണ് ഇവർ കരിപ്പൂരിലെത്തിയത്. ബിഷാലയുടെ ട്രോളി ബാഗിനടിയിൽ ഒട്ടിച്ചു വച്ച നിലയിലായിരുന്നു അഞ്ച് കിലോഗ്രാം ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഹെറോയിന് ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ ആളെത്തുമെന്നായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം. ഇവർ പ്രൊഫഷണൽ മയക്കുമരുന്ന് കാരിയറാണെന്ന് ഡിആർഐ അറിയിച്ചു.
അന്തർദേശീയ തലത്തിലെ മയക്കു മരുന്നു കണ്ണികളിൽ ഒരാളാണ് ഇവർ. അതുകൊണ്ട് തന്നെ അന്വേഷണ സംഘം ഇവരോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് എന്നും സൂചനകളുണ്ട്. സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന്. ആരാണ് വിമാനത്താവളത്തിൽ ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇന്നലെയുണ്ടായത്. ഗുജറാത്ത് അടക്കമുള്ള രാജ്യത്ത് മറ്റിടങ്ങളിൽ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്റെ അഫ്ഗാൻ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആർഐ അന്വേഷണ സംഘം അറിയിക്കുന്നത്. കോഴിക്കോട് ഡിആർഐ ടീം സോക്കോ ബിഷാലയെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി. കോടതി ജയിലിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ