- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐഎസ്എഫിനെ പ്രകോപിപ്പിക്കുന്നത് സ്വർണ്ണക്കടത്തുകാർ; കള്ളക്കടത്ത് സുഗമമാക്കാൻ വിമാനത്തവാള ജീവനക്കാരേയും സുരക്ഷാ സേനയേയും തെറ്റിച്ചു; കരിപ്പൂർ സംഘർഷത്തിൽ മാഫിയാ ഇടപെടലോ?
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ സിഐഎസ്.എഫ് ജവാന്റെ മരണത്തിനിടയാക്കിയ ആക്രമണം സ്വർണക്കടത്ത് മാഫിയ ആസൂത്രണം ചെയ്തതാണോയെന്ന് സംശയം ബലപ്പെടുന്നു. ഇതേ കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വിമാനത്താവളത്തിന്റെ ആഭ്യന്തരസുരക്ഷ ദുർബലമാക്കി സ്വർണക്കടത്ത് സുഗമമാക്
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ സിഐഎസ്.എഫ് ജവാന്റെ മരണത്തിനിടയാക്കിയ ആക്രമണം സ്വർണക്കടത്ത് മാഫിയ ആസൂത്രണം ചെയ്തതാണോയെന്ന് സംശയം ബലപ്പെടുന്നു. ഇതേ കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വിമാനത്താവളത്തിന്റെ ആഭ്യന്തരസുരക്ഷ ദുർബലമാക്കി സ്വർണക്കടത്ത് സുഗമമാക്കുകയെന്ന ലക്ഷ്യവും അക്രമത്തിന് പിന്നിലുണ്ടെന്ന് സംശയം. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്.
രാജ്യത്ത് ഏറ്റവുമധികം സ്വർണക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളിൽ നാലാമതാണ് കരിപ്പൂർ. മുംബയ്, ഡൽഹി, ചെന്നൈ എന്നിവയാണ് മുന്നിലുള്ളത്. മൂന്നു വർഷത്തിനിടെ 450 കിലോയിലധികം കള്ളക്കടത്ത് സ്വർണമാണ് കരിപ്പൂരിൽ പിടിച്ചത്. 14.38 കോടി രൂപയാണ് പിടികൂടിയ സ്വർണത്തിന്റെ നികുതിയായി ലഭിച്ചത്. ഈ കള്ളക്കടത്ത് സജീവമായതിനെ തുടർന്നാണ് കരിപ്പൂരിൽ സിഐഎസ്എഫ് സുരക്ഷ കർശനമാക്കിയത്. അന്നുമുതൽ പ്രശ്‌നവും തുടങ്ങി. ഇതിന്റെ ഫലമായാണ് സ്വർണം പിടിച്ചെടുക്കുന്നത് കരിപ്പൂരിൽ നിത്യസംഭവമായത്. കസ്റ്റംസ്, ഡി.ആർ.ഐ, വിമാനത്താവള അഥോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും കർശന പരിശോധനയ്ക്ക് ശേഷമാണ് സിഐഎസ്.എഫ് കടത്തിവിട്ടിരുന്നത്. ഇതിനെ ജീവനക്കാർ എതിർക്കുന്നതും പതിവായിരുന്നു.
കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ് വിഭാഗങ്ങളാണ് സ്വർണക്കടത്ത് പിടിക്കേണ്ടതെങ്കിലും കരിപ്പൂരിൽ സിഐഎസ്.എഫും പലതവണ സ്വർണം പിടിച്ചിട്ടുണ്ട്. എയർപോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥർ സ്വർണക്കടത്തിന് സിഐഎസ്.എഫിന്റെ പിടിയിലായിട്ടുമുണ്ട്. വിദേശമദ്യം, വിദേശകറൻസി, മയക്കുമരുന്ന് കടത്തിന് താത്കാലിക ജീവനക്കാരെയും സിഐഎസ്.എഫ് പിടികൂടി. ഇതോടെ ക്‌സറ്റംസിനും റവന്യൂ വിഭാഗത്തിനുമെല്ലാം കരുതലോടെ പ്രവർത്തിക്കേണ്ടി വന്നു. സിഐഎസ്എഫും സത്യസന്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ഒരു മെയ്യോടെ പ്രവർത്തിക്കുന്നത് ഗുണകരമല്ലെന്ന് മാഫിയാ സംഘങ്ങൾ തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി മൂന്ന് മാസമായി വിമാനത്താവള ജീവനക്കാരും സിഐഎസ്എഫും സംഘർഷത്തിലായി. എന്നാലും സിഐഎസ്എഫ് ജവാൻ കൊല്ലപ്പെടുന്നത് പോലൊരു സാഹചര്യം ആരും മുൻകൂട്ടി കണ്ടില്ല. ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി പരിശോധനകൾ തടയുകായായിരുന്നു ലക്ഷ്യം. എന്നാൽ ജവാന്റെ മരണത്തോടെ കാര്യങ്ങൾ മാറി മറിയും. ഇനി സൂരക്ഷ കൂടുതൽ കർശനമാകും.
കോടാനുകോടികൾ മറിയുന്ന സ്വർണക്കടത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്റ്റാഫ് മുതൽ എയർഹോസ്റ്റസുമാർ വരെ കരിപ്പൂരിൽ പിടിയിലായിട്ടുണ്ട്. സ്വർണം കടത്തിയതിന് അറസ്റ്റിലായ മാഹി സ്വദേശി ഫയാസിന് കരിപ്പൂരിൽ ഗ്രീൻചാനലൊരുക്കിയ പത്തിലേറെ കസ്റ്റംസുകാരെയും എയർപോർട്ട് അഥോറിറ്റി ജീവനക്കാരെയും നേരത്തേ കണ്ടെത്തിയിരുന്നു. രണ്ട് വൻകിട സ്വർണാഭരണ ശാലകൾക്കായി നൂറുകോടിയിലേറെ രൂപയുടെ സ്വർണം കരിപ്പൂരിലൂടെ കടത്തിയിട്ടുണ്ടൈന്നാണ് വിലയിരുത്തൽ. ഒരുകിലോ സ്വർണം കടത്തിയാൽ അഞ്ചുലക്ഷം രൂപ വരെയാണ് ലാഭം. കാരിയർമാരും ഏജന്റുമാരുമായി നിരവധിപേർ കടത്തിനായി പ്രവർത്തിക്കുന്നു. കരിപ്പൂരിലെ ജീവനക്കാരുടെ സഹായത്തോടെയാണ് എല്ലാം സുഗമമായി നടക്കുന്നത്. ഇത് തന്നെയാണ് നിരന്തര പ്രശ്‌നങ്ങൾക്കും കാരണം. എന്നാൽ കരിപ്പൂരിലെ സംഘർഷങ്ങളിൽ സിഐഎസ്എഫ് അതിരുവിട്ടെന്ന അഭിപ്രായവും രഹസ്യാന്വേഷണ ഏജൻസിക്കുണ്ട്.
ദേഹ പരിശോധനയെ ചൊല്ലി തർക്കങ്ങൾ പതിവായിരുന്നു. എയർപോർട്ട് ഡയറക്ടർക്ക് തർക്കം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ ഡൽഹിയിൽ കേന്ദ്രസേനയിൽ ഡെപ്യൂട്ടേഷനിലുള്ള സംസ്ഥാന പൊലീസിലെ ഒരു ഡി.ഐ.ജിയുടെ പങ്ക് അന്വേഷിച്ചു വരികയാണ്. ഫയാസിനെ കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയത് ഈ ഡി.ഐ.ജിയായിരുന്നു. ഡി.ഐ.ജിയുടെ ഭാര്യാപിതാവ് ചെന്നൈയിൽ ഐ.പി.എസ് ഓഫീസറായിരുന്നപ്പോഴാണ് ചെന്നൈ വിമാനത്താവളത്തിലെ ഗ്രീൻചാനൽ വഴി ഫയാസ് കള്ളക്കടത്ത് നടത്തിയത്. മലയാളിയായ മുൻ കേന്ദ്രമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന കരിപ്പൂർ കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സ്വർണം ഹവാല കടത്തിന് പിന്നിലുണ്ട്.
ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിലെ (ഡി.ആർ.ഐ) ഉദ്യോഗസ്ഥർക്കും സ്വർണക്കടത്തുകാരുമായി അടുത്ത ബന്ധമുണ്ട്. ഇവരെല്ലാമുൾപ്പെട്ട ലോബി സിഐഎസ്.എഫിനെതിരെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്നാണ് കേന്ദ്ര ഏജൻസികൾ കരുതുന്നത്. പക്ഷേ എല്ലാം അപ്രതീക്ഷിതമായി കൈവിട്ടുപോയപ്പോൾ കരിപ്പൂരിലെ സംഭവങ്ങൾ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ കറുത്ത ദിനമായി.