- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർന്നുവീണ വിമാനത്തിനടുത്തേക്ക് രക്ഷാകരംനീട്ടി ഓടി എത്തിയവരെ അവർ മറന്നില്ല; ആയുസ്സ് കാത്തവരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാൻ സ്നേഹസമ്മാനവുമായി പരിക്കേറ്റവരും ബന്ധുക്കളും അടങ്ങുന്ന കൂട്ടായ്മ; വിമാനത്താവളത്തിനടുത്ത് ചിറയിൽ ചുങ്കം പിഎച്ച്സിക്കു പുതിയ കെട്ടിടം നിർമ്മിച്ചു നൽകും
മലപ്പുറം: കരിപ്പൂരിൽ തകർന്നുവീണ വിമാനത്തിനടുത്തേക്ക് രക്ഷാകരംനീട്ടി ഓടി എത്തിയവരെ മറക്കാതെ അപകടത്തിൽ പെട്ട നാട്ടുകാരും സുഹൃത്തുക്കളും. കോവിഡിന്റെ ഭീതിയില്ലാതെ അന്ന് രക്ഷാപ്രവർത്തനം നടത്തിയ നാടിന്റെ മനം നിറയ്ക്കുന്നൊരു സമ്മാനം. കരിപ്പൂർ വിമാനത്താവള ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ചേർന്ന്, ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനമായ 7ന് സമ്മാനം പ്രഖ്യാപിക്കും.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഉൾപ്പെടുന്ന കൂട്ടായ്മ, വിമാനത്താവളത്തിനടുത്ത് ചിറയിൽ ചുങ്കം പിഎച്ച്സിക്കു പുതിയ കെട്ടിടം നിർമ്മിച്ചു നൽകും. രണ്ട് വർഷങ്ങൾക്ക് ഇപ്പുറം അപകടത്തിൽ പരിക്കേറ്റ മിക്കവർക്കും നഷ്ട പരിഹാരം ലഭിച്ചു കഴിഞ്ഞു. അന്ന് എല്ലാം മറന്ന് ഒപ്പം നിന്ന നാടിന് ഒരു ആദരം എന്ന നിലയിൽ ആണ് വിമാനത്താവളത്തിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സർവ സൗകര്യങ്ങളും ഉള്ള ആശുപത്രി കെട്ടിടം പണിയാൻ ഇവർ നിശ്ചയിച്ചത്. 50 ലക്ഷം രൂപ വരെ പദ്ധതിക്ക് വേണ്ടി സമാഹരിക്കാൻ ആണ് കൂട്ടായ്മയും എം ഡി എഫും ഉദ്ദേശിക്കുന്നത്.
'കെട്ടിടം നിർമ്മിക്കാൻ ഉള്ള പദ്ധതി സർക്കാരിനെ അറിയിച്ചു. എന്തൊക്കെ വേണം, എത്ര വിസ്തൃതി വേണം എന്നുള്ള കാര്യങ്ങൾ ഒക്കെ ഇതുമായി ബന്ധപ്പെട്ടവർ അറിയിക്കും. അതിന് ആവശ്യമായ സംഖ്യ നൽകാൻ തയ്യാറാണ്.'എം ഡി എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനിപറഞ്ഞു.
മംഗലാപുരം വിമാനപകടം കഴിഞ്ഞ് 12 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നഷ്ടപരിഹാര തുക ലഭിക്കാത്തവർ ഉണ്ട് . ആ സാഹചര്യത്തിൽ ആണ് കരിപ്പൂരിൽ അപകടം നടന്ന് രണ്ട് വർഷം തികയും മുൻപേ നഷ്ട പരിഹാരം ഏതാണ്ട് എല്ലാവർക്കും ലഭിച്ചിരിക്കുന്നത്. അപകടം നടന്ന സമയം മുതൽ കഴിഞ്ഞ രണ്ട് വർഷമായി ആശുപത്രിയിലും, അവശ്യമുള്ള രേഖകൾ തയ്യാറാക്കാനും നിയമജ്ഞരുമായി നിരന്തരം ബന്ധപ്പെടാനും എം ഡി. എഫ് പ്രവർത്തകർ നടത്തിയ ശ്രമമാണ് ഈ വൻ വിജയത്തിന് കാരണമായതെന്നും അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.
മലബാർഡവലെപ്പ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ് ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് . വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള ആശുപത്രി ആണ് ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രം. പദ്ധതിയുടെ ധാരണ പത്രം അപകടത്തിന്റെ വാർഷിക ദിനമായ 7 ന് രാവിലെ 10 മണിക്ക് വിമാന ത്താവള പരിസരത്ത് വച്ച് മന്ത്രി വി അബ്ദുറഹ്മാന് കൈമാറും. കരിപ്പൂർ വിമാനപകട ആക്ഷൻ ഫോറം ചെയർ മാൻ ടി.വി ഇബ്രാഹിം എം.എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി ഹമീദ് മാസ്റ്റർ എം.എൽ എ മുഖ്യാഥിതിയായി പങ്കെടുക്കും
2020 ഓഗ്സ്റ്റ് 7ന് ആണ് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തിൽപെട്ടത്. ക്രൂ ഉൾപ്പെടെ 190 യാത്രക്കാരുണ്ടായിരുന്നു. പൈലറ്റും കോ പൈലറ്റുമുൾപ്പെടെ 21 പേർ മരിച്ചു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനം പരക്കെ പ്രശംസ പിടിച്ചു പറ്റി. വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 188 പേർക്ക് ഇതിനകം നഷ്ടപരിഹാരം ലഭിച്ചു. സാങ്കേതിക കാരണങ്ങളാലാണ് രണ്ടു പേരുടെ നഷ്ടപരിഹാരം വൈകുന്നത്. 12 ലക്ഷം മുതൽ 7.2 കോടി രൂപവരെയാണു നഷ്ടപരിഹാരം ലഭിച്ചത്. രണ്ടു വർഷത്തിനകം എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കുന്നത് വിമാന ദുരന്തങ്ങളിൽ അപൂർവമാണ്.
ദുരന്തത്തിന്റെ ഇരകളും മലബാർ ഡവലപ്‌മെന്റ് ഫോറമെന്ന (എംഡിഎഫ്) സന്നദ്ധ സംഘടനയും ചേർന്നു നടത്തിയ പ്രവർത്തനങ്ങൾ നടപടി വേഗത്തിലാക്കാൻ സഹായിച്ചു.
മറുനാടന് മലയാളി ബ്യൂറോ