കണ്ണൂർ: മകൻ ഇതര സമുദായ അംഗമായ പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ പിതാവായ പൂരക്കളി പണിക്കർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെ സിപിഎം പോഷക സംഘടനകളായ ഡിവൈഎഫ്ഐയും പുരോഗമന സാഹിത്യ സംഘവും പ്രതിഷേധവുമായി രംഗത്തുവന്നു. ഇടതു അനുഭാവികളാണ് ക്ഷേത്ര ഭാരവാഹികളിൽ മിക്കവരും എന്നാണ് സൂചന.

മകൻ മതം മാറി വിവാഹം ചെയ്തതിന്റെ പേരിൽ കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റി നേരത്തെ നിശ്ചയിച്ച പൂരക്കളി വിനോദ് പണിക്കർക്ക് അവസരം നിഷേധിച്ചുവെന്ന വാർത്ത അങ്ങേയറ്റം ലജ്ജാകരമാണെന്ന് ഡിവൈഎഫ്‌ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി, ഭാരവാഹികൾ പ്രസ്താവനയിൽപറഞ്ഞു. മനുഷ്യരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്ന് അറിവിന്റെയും സംസ്‌കാരത്തിന്റെയും പ്രകാശത്തിലേക്ക് കൈപിടിച്ചുയർത്തിയ അനുഭവമാണ് ഈ നാടിനുള്ളത്. കുടുംബത്തിലൊരാൾ മതേതരമായ നിലപാട് സ്വീകരിച്ചതിനാൽ പണിക്കർ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്‌കരിക്കുന്നതിന് ഏത് ക്ഷേത്രാധികാരികൾ മുന്നോട്ട് വരുന്നതും അപകടമാണ്.

നാടിനെ ഇരുണ്ട കാലത്തേക്ക് തിരികെ വലിക്കാനുള്ള ഏത് അപരിഷ്‌കൃത കാഴ്ചപ്പാടുകളെയും പൊതു സമൂഹം ചെറുത്ത് തോൽപ്പിക്കണം. അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും തടവറയിൽനിന്ന് നാടിനെ മോചിപ്പിച്ച, നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം നടന്ന മണ്ണിൽ, കാലത്തെ പുറകോട്ടടിപ്പിക്കാനുള്ള ഹീനശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കുമെന്നും ബന്ധപ്പെട്ട ക്ഷേത്ര കമ്മറ്റി വിഷയം പുനഃപരിശോധിച്ച് അടിയന്തരമായി ആവശ്യമായ മാറ്റം വരുത്തണമെന്നും ഡിവൈഎഫ്‌ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

മകൻ ഇതരമതസ്ഥയെ വിവാഹം ചെയ്തതിന്റെ പേരിൽ കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി നിഷേധിച്ചുവെന്ന വാർത്ത അമ്പരപ്പുളവാക്കുന്നതാണെന്നും തീരുമാനം പിൻവലിക്കണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൂരക്കളി പണിക്കന്മാരെ അവരുടെ വിജ്ഞാനത്തിന്റെയും കലാചാതുരിയുടെയും അടിസ്ഥാനത്തിൽ ബഹുമാനത്തോടെ കാണുന്ന സമൂഹമാണ് നമ്മുടേത്. കുടുംബത്തിലൊരാൾ മതേതരമായ ജീവിതരീതി സ്വീകരിച്ചു എന്നതിന്റെ പേരിൽ, നേരത്തെ നിശ്ചയിച്ച പണിക്കർ സ്ഥാനത്തുനിന്ന് നീക്കി കലാകാരനെ ബഹിഷ്‌കരിക്കുന്ന ഏത് ക്ഷേത്രാധികാരിയും കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത അപരിഷ്‌കൃത മനോഭാവമാണ് വച്ചുപുലർത്തുന്നത്.

സമൂഹത്തെ പിൻനടത്തുന്ന ഇത്തരം തീരുമാനങ്ങൾ വിശ്വാസികൾ ഒന്നടങ്കം എതിർത്തു തോൽപ്പിക്കണം. ആധുനിക സാംസ്‌കാരിക കേരളത്തിന്റെ അന്തസത്തക്കു ചേരാത്ത ഈ പ്രവൃത്തിയെ പുരോഗമന കലാസാഹിത്യ സംഘം തള്ളിപ്പറയുന്നു. ബന്ധപ്പെട്ട ക്ഷേത്ര കമ്മിറ്റി ഇക്കാര്യം പുനപരിശോധിച്ച് അടിയന്തരമായി തിരുത്തൽ വരുത്തണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ മേഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു.