- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിതവേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചാണ് നിന്നത്; കാർ ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങൾ റോഡിലില്ല; പരിക്കേറ്റ ഗുണ്ടാ നേതാവ് ഭാര്യയുടേയും മകന്റേയും ഖബറടക്കത്തിനും എത്തിയില്ല; കരീലക്കുളങ്ങരയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഗുണ്ടാ കുടിപ്പകയോ? അൻസാബിനെ പൊക്കാൻ പൊലീസ്
കായംകുളം: കരീലക്കുളങ്ങരയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത. ഗുണ്ടാ സംഘങ്ങളുടെ പക അപകടത്തിന് പിന്നിലുണ്ടോ എന്നതാണ് സംശയം. അപകടത്തിൽ പരുക്കേറ്റ കായംകുളം പുള്ളിക്കണക്ക് കണ്ടിശേരിപടീറ്റതിൽ അൻസാബിനെതിരെ പൊലീസ് കാപ്പ നിയമലംഘനത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഇതാണ് സംശയങ്ങൾക്ക് കാരണം. അപകടത്തിന് കാരണമായ ലോറി കേന്ദ്രീകരിച്ചും അന്വേഷണം തുടരും. അപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹം സംസ്കരിച്ചു.
നാലുപേർ മരിച്ച അപകടത്തിൽ അൻസാബിനും കൊട്ടാരക്കര സ്വദേശിനി അജ്മിക്കും പരുക്കേറ്റു. മരിച്ചവരിൽ അൻസാബിന്റെ ഭാര്യ ആയിഷയും മകൻ ബിലാലും ഉൾപ്പെട്ടിരുന്നു. ഇവരുടെ കബറടക്കത്തിന് അൻസാബ് എത്തുമെന്നു പൊലീസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അറസ്റ്റ് ഭയന്ന് ഇയാൾ വന്നില്ല. കാറിൽ കഞ്ചാവ് കണ്ടെത്തിയ സാഹചര്യത്തിൽ ഇതിലെ യാത്രക്കാരുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് കടത്തിനിടെയാണ് അപകടമുണ്ടായത്.
അമിതവേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചാണ് നിന്നത്. കാർ ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങൾ റോഡിലില്ല. പൊലീസിനെ ഭയന്ന് അമിത വേഗതയിൽ വന്ന കാർ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. എന്നാൽ കാറിലുണ്ടായിരുന്നവരുടെ ക്രിമിനൽ പശ്ചാത്തലം മറ്റ് സാധ്യതകളും സംശയിക്കാൻ കാരണമായി. അൻസാബിനും മരിച്ച റിയാസിനും ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്കുണ്ടായിരുന്നു. കാപ്പ നിയമം ലംഘിച്ചതിനാണു കേസ്.
ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അൻസാബ് 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാർച്ച് 2ന് ആണ് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിൽ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നു നാടുകടത്തിയത്. റിയാസിനെതിരെയും കാപ്പ പ്രകാരം നടപടിയെടുത്തിരുന്നു. ഒരു വർഷത്തേക്കു ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് നിയമം. വിലക്ക് നിലനിൽക്കേയാണ് കൊട്ടാരക്കരയിൽ നിന്നു കായംകുളത്ത് എത്തി വാടക വീട്ടിൽ കഴിഞ്ഞ ശേഷം എറണാകുളത്തിന് പോകവേ വാഹനാപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ് അജ്മി ഗുരുതരാവസ്ഥയിലാണ്.
പൊലീസ് വാഹനം കണ്ട് അമിത വേഗതയിൽ പായുന്നതിനിടെയാണ് മണൽ ലോറിയിൽ ഇടിച്ചത് എന്നായിരുന്നു പൊലീസിന് കിട്ടിയ ആദ്യ മൊഴി. കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതോടെയാണ് ഇവർ കള്ളക്കടത്ത് സംഘമാണെന്ന് പൊലീസിന് മനസ്സിലായത്. എന്നാൽ പൊലീസ് ഈ ഭാഗത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് വാഹനം കണ്ടെന്ന തിയറി ആരും വിശ്വസിക്കുന്നില്ല.
ഇന്ന് പുലർച്ചെ 3.30 മണിയോടെയാണ്കായംകുളം പള്ളിക്കണക്ക് സ്വദേശി ഐഷ ഫാത്തിമ (27) മകൻ ബിലാൽ (5), പുള്ളിക്കണക്ക് സെമിന മൻസിലിൽ റിയാസ് (27) കൊട്ടാരക്കര അവക്കോട്ടൂർ വടക്കേക്കര വീട്ടിൽ ഉണ്ണിക്കുട്ടൻ (26) എന്നിവർ കാർ അപകടത്തിൽ മരിച്ചത്. അമിത വേഗതയിൽ എറണാകുളം ഭാഗത്തേക്ക് പാഞ്ഞ കാർ എതിരെ വരികയായിരുന്ന മണൽ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ വരവ് കണ്ട് ലോറീ ഡ്രൈവർ പരമാവധി റോഡിന്റെ വശത്തേക്ക് ഒതുക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഡ്രൈവറും മൊഴി നൽകി. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അപകടത്തിൽ ലോറി ഡ്രൈവർ നൗഷാദ്, ക്ലീനർ രാജേഷ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ മറവിൽ കഞ്ചാവ് കടത്തുകയായിരുന്നു കാറിലുണ്ടായിരുന്നവർ എന്ന് പൊലീസ് പറയുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാറിൽ ഉള്ളപ്പോൾ പൊലീസ് പരിശോധന ഉണ്ടാവില്ല എന്ന ഉറപ്പിലാവണം ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. പൊലീസും ഫയർഫോഴ്സും ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീമംഗങ്ങളും സ്ഥലത്തെത്തിയാമ് രക്ഷാ പ്രവർത്തനം നടത്തിയത്. മൂന്ന് മണിക്കൂറുകളോളം പണിപ്പെട്ടിട്ടാണ് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. രണ്ടു പേർ സംഭവ സ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.
പൊലീസിന്റെയും മോട്ടർ വാഹനവകുപ്പിന്റെയും നേതൃത്വത്തിൽ വെവ്വേറെ അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിഭാഗവും ശാസ്ത്രീയപരിശോധന വിഭാഗവും മോട്ടർവാഹന വകുപ്പും അപകടത്തിൽപെട്ട വാഹനങ്ങൾ പരിശോധിച്ചു. അമിതവേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചാണ് നിന്നത്. കാർ ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങൾ റോഡിലില്ല ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു.
മറുനാടന് മലയാളി ബ്യൂറോ