തിരുവനന്തപുരം:  എന്ന്  നിന്റെ മൊയ്തീന്റെ ഗംഭീര വിജയത്തിന് പിന്നാലെ ആർഎസ് വിമൽ പൃഥ്വിരാജിനെ നായകനാക്കി അടുത്ത ബിഗ് ബജറ്റ് ചിത്രവും പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കൻ വ്യവസായി വേണു കുന്നപ്പള്ളി നിർമ്മാതാവെന്ന് അറിയിച്ച ചിത്രത്തിന് കർണൻ എന്നായിരുന്നു പേരിട്ടിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കർണ്ണൻ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നു. അതാണിപ്പോൾ യാഥാർത്ഥ്യമാവുന്നത്. ചിത്രത്ത കുറിച്ച് പൃഥ്വിരാജ് പറഞ്ഞതാണിത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടെങ്കിലും ഇതുവരേയും ചിത്രത്തേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇല്ല

തന്റെ ഡ്രീം പ്രോജക്ട് എന്നാണ് ആർഎസ് വിമൽ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്. സ്വയം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 50 കോടി ബജറ്റിൽ നിർമ്മിക്കുന്നു എന്നായിരുന്നു ആദ്യ പ്രഖ്യാപനം. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷൻ തേടി ആർഎസ് വിമൽ  യാത്ര തിരിരിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഗ്രാഫിക്‌സ് വർക്കുകൾ പുരോഗമിക്കുന്നു എന്ന അടിക്കുറിപ്പോടെ സ്റ്റിൽ ഫോട്ടോകളും ലൊക്കേഷന്്# ഹണ്ടിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബിയിൽ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കാൻ സമ്മതിച്ചിരുന്നത്. സംവിധായകൻ ആർഎസ് വിമലുമായുള്ള ഭിന്നത മൂലം യു.എ.ഇ യിലും ബിസിനസ്സ് സംരംഭങ്ങളുള്ള വേണു പ്രോജകക്ടിൽ നിന്ന് പിന്മാറുകയാണെന്ന് ഇതിനു പിന്നാലെ വാർത്ത വന്നു. ഇതോടെയാണ് കർണ്ണൻ പ്രതിസന്ധിയിലാകുന്നത്.

പലപ്പോഴും വാക്ക് മാറ്റി പറയുന്നതാണ് വിമലിനെ നിർമ്മാതാവുമായി തെറ്റിച്ചത്. കർണ്ണത്തിന്റെ പ്രാരംഭ ജോലികൾക്കായി വേണു ഒരു കോടിയോളം രൂപ നൽകിയിരുന്നതായാണ് സൂചന. ഇതുപയോഗിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ വിമൽ തുടങ്ങുകയും ചെയ്തു. ആദ്യം 25 കോടിയുടെ ബജറ്റിലെ സിനിമയാണ് വിമൽ മുന്നോട്ട് വച്ചത്. ഇത് അംഗീകരിച്ചാണ് വേണു നിർമ്മാണം ഏറ്റെടുത്തത്. പിന്നീട് നൂറു കോടിയുടെ ബജറ്റിലേക്ക് വിമൽ മാറി. എന്ന് നിന്റെ മൊയ്തീന്റെ വാർഷികവുമായി ബന്ധപ്പെട്ട ആഘോഷത്തിൽ പ്രഖ്യാപിച്ചത് 300 കോടിയുടെ ചെലവാണ് . തന്റെ നിർമ്മാതാവ് എത്ര തുക വേണമെങ്കിലും മുതൽമുടക്കുമെന്നും അവകാശ വാദം നടത്തി. എന്നാൽ വേണു ഇതിന് സമ്മതം അറിയിച്ചിരുന്നില്ലെന്നാണ് സൂചന. ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കർണ്ണനെ ബാധിച്ചത്. 25 കോടിക്കപ്പുറം ചെലവാക്കാനാവില്ലെന്നാണ് വേണുവിന്റെ നിലപാട്.

25 കോടിക്ക് അപ്പുറം മുടക്കിയാൽ പണം ഇന്നത്തെ സാഹചര്യത്തിൽ തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാകുമെന്ന് ഇദ്ദേഹം കണക്കുകൂട്ടുന്നു. പുലി മുരുകൻ പോലൂം 150 കോടിക്കപ്പുറം കള്കട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ 300 കോടി മുടക്കിയാൽ അത് ഒരിക്കലും മലയാളത്തിൽ തിരിച്ചു പിടിക്കാനാവില്ല. രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിലൂടെയാണ് നിർമ്മാതാക്കൾ ലാഭം നേടിയത്. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യ ബോധമില്ലാത്ത കർണ്ണനുമായി പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ നിർമ്മാതാവിന്റെ സമ്മതമില്ലാതെ കർണ്ണനുമായി മുന്നോട്ടു പോകാനും വിമലിന് കഴിയില്ല. കർണ്ണന് വേണ്ടി തുടക്കത്തിൽ മുടക്കിയ പണമാണ് ഇതിന് കാരണം. ഇതോടെ സിനിമയുടെ അവകാശം സംവിധായകനിൽ നിന്ന് നിർമ്മാതാവിന് ആയി. നിർമ്മാതാവിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയാൽ മാത്രമേ മറ്റൊരു നിർമ്മാതാവിനെ കൊണ്ട് പോലും സിനിമ നിർമ്മിക്കാൻ നിയമപരമായി കഴിയൂ.

ഇതാദ്യമായല്ല കർണ്ണൻ എവിടെ എന്ന ചോദ്യം ഉയരുന്നത്. ആദ്യഘട്ടം ഇത്തരം ചോദ്യം ഉയർന്നപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി സംവിധായകൻ ആർഎസ് വിമൽ തന്നെ രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ സെറ്റ് വർക്കുകൾ ഹൈദ്രബാദ് ഫിലിം സിറ്റിയിൽ തുടങ്ങുന്നു എന്നായിരുന്നു വിമൽ അറിയിച്ചത്. എന്നാൽ ഇപ്പോൾ കർണനേക്കുറിച്ച് ശക്തമായി സംസാരിച്ചുകൊണ്ടിരുന്ന ആരേയും കാണാനില്ല.

മലയാളത്തിന് പുറമെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഒരേ സമയം കർണ്ണന്റെ ചിത്രീകരണം നടത്താനായിരുന്നു വിമലിന്റെ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കർണ്ണൻ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നുഅതാണിപ്പോൾ യാഥാർത്ഥ്യമാവുന്നത്. സിനിമയുടെ പേര് പ്രഖ്യാപന ചടങ്ങിൽ പൃഥീരാജ് പറഞ്ഞു. ജനനത്തിൽ അമ്മയാൽ തിരസ്‌കരിക്കപ്പെട്ട കർണ്ണന്റെ ജീവിതത്തെ പല കോണുകളിലൂടെ കാണാം. അതിൽ എന്റെ സമീപനമായിരിക്കും സിനിമയെന്ന് ആർ.എസ് വിമൽ പറഞ്ഞിരുന്നു. രണ്ടായിരത്തോളം സ്‌ക്രീനുകളിൽ ഒരേസമയം പ്രദർശിപ്പിക്കുന്ന വിധത്തിൽ വലിയൊരു സിനിമയായിട്ടാണ് കർണ്ണനെ ഒരുക്കാൻ ലക്ഷ്യമിട്ടത്.

അതിനൊപ്പം മമ്മൂട്ടിയെ നായകനാക്കി കർണ്ണനെന്ന പേരിൽ മധുപാൽ സംവിധാനം ചെയ്യുമെന്ന് അറിയിച്ച സിനിമയും പാതിവഴിയിൽ നിന്നുപോയി. 70 കോടി മുതൽ മുടക്കിലൊരുങ്ങുന്നു ഈ ചിത്രത്തിന്റെ തിരക്കഥാ കൃത്ത് പി ശ്രീകുമാറാണ് . ഈ ചിത്രവും പ്രഖ്യാപിച്ചതോടെ പൃഥ്വിരാജിനും വിമലിന്റെ കർണ്ണനോടുള്ള പ്രിയം കുറഞ്ഞതായാണ് സൂചന. കർണന്റെ ചിത്രീകരണം ആരംഭിക്കും എന്ന് ആർഎസ് വിമൽ പ്രഖ്യാപിച്ച സമയത്ത് മറ്റ് പ്രൊജക്ടുകൾക്ക് പൃഥ്വിരാജ് ഡേറ്റ് നൽകിക്കഴിഞ്ഞു. ആട് ജീവിതം ഒന്നര വർഷം ബ്ലസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന ചിത്രത്തിന് വേണ്ടി ഒന്നര വർഷത്തിലേറെയാണ് പൃഥ്വിരാജ് നീക്കി വച്ചിരിക്കുന്നത്. ഏറെ ശാരീരിക മാറ്റങ്ങൾ ആവശ്യമുള്ള കഥാപാത്രമാണ് ആട് ജീവിതത്തിലേത്. ബന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണത്.

മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം 2018 മെയ് മാസം ആരംഭിക്കും. ഈ ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ വർക്കിലേക്ക് അധികം വൈകാതെ പൃഥ്വിരാജ് പ്രവേശിക്കും. ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങൾ ഈ വലിയ പ്രൊജക്ടടുകൾ ആരംഭിക്കുന്നതിന് മുമ്പ് ഒരുപിടി ചിത്രങ്ങൾ പൃഥ്വിരാജിന് പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. രണം, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾ കൂടാതെ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് പൃഥ്വിരാജ് ഉടൻ ചെയ്യുന്ന സിനിമകൾ. ഈ ലിസ്റ്റിലും കർണൻ വരുന്നതേയില്ല.