ബംഗളൂരു: കർണാടകയിൽ അധികാരത്തിനായുള്ള കുതിരക്കച്ചവടങ്ങൾ പുതിയ തലത്തിലെത്തുമ്പോൾ ഫ്‌ളാഷ്ബാക്കിൽ തെളിയുന്നത് 2004. ആ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ത്രിശങ്കുസഭയാണു സംസ്ഥാനത്തു നിലവിൽ വന്നത്. വലിയ ഒറ്റക്കക്ഷി ബിജെപി79 സീറ്റ്. കോൺഗ്രസ് രണ്ടാമത്65 സീറ്റ്. ജനതാദൾഎസിന് 58.

ഇന്നത്തേതു പോലെ വോട്ടു ശതമാനത്തിൽ അന്നും മുന്നിലെത്തിയതു കോൺഗ്രസ്. കർണാടകയിൽ ബദ്ധശത്രുക്കളെങ്കിലും ബിജെപി അധികാരത്തിലെത്തുന്നതു തടയാൻ കോൺഗ്രസും ജനതാദളും അന്നും കൈകോർത്തു. അവിശുദ്ധ കൂട്ടുകെട്ടെന്നു ബിജെപി വിമർശിച്ചു. കൂടുതൽ സീറ്റുള്ള കോൺഗ്രസിന് അന്നു മുഖ്യമന്ത്രിസ്ഥാനം ലഭിച്ചു. ധരംസിങ് മുഖ്യമന്ത്രിയായി. അന്നു ജെഡിഎസിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യനായി.

മന്ത്രിസഭയുടെ തുടക്കംമുതൽ പ്രശ്‌നങ്ങളായിരുന്നു. ദേവെഗൗഡ പുറത്തുനിന്നു 'മുഖ്യപ്രതിപക്ഷമായി' പ്രവർത്തിച്ചു. കൂട്ടുമന്ത്രിസഭയെ മുന്നോട്ടു കൊണ്ടുപോകാൻ ക്ഷമാശീലമാണു മുഖ്യമന്ത്രമെന്നു മനസ്സിലാക്കിയ ധരംസിങ് പലപ്പോഴും മൗനംപാലിച്ചുവെങ്കിലും രണ്ടാംവർഷം സർക്കാർ വീണു. സിദ്ധരാമയ്യ ഗൗഡയുമായി പിണങ്ങി മുൻ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിമിനൊപ്പം അഖിലേന്ത്യാ പുരോഗമന ജനതാദളിനു രൂപംനൽകി. തുടർന്ന്, കുമാരസ്വാമി ബിജെപിയുമായി അടുത്തു, 2006ൽ അവർക്കൊപ്പം ചേർന്നു മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിച്ചു.

യെദൂരിയപ്പ ഉപമുഖ്യമന്ത്രിയായി. 20 മാസത്തിനു ശേഷം ബിജെപി നേതാവിനെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, കുമാരസ്വാമി ധാരണ തെറ്റിച്ചു. സർക്കാർ നിലംപൊത്തി. കുമാരസ്വാമിയുടെ 'ചതി'യിൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സഹതാപതരംഗമുണ്ടായി. ആദ്യമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ ബിജെപി അധികാരത്തിലെത്തി. യുദൂരിയപ്പ മുഖ്യമന്ത്രിയായി. ഇതിനിടെ സിദ്ധരാമയ്യ കോൺഗ്രസിലെത്തി. അഞ്ച് കൊല്ലമുമ്പ് കോൺഗ്രസ് ജയിച്ചു കയറിയപ്പോൾ സിദ്ധരമായ്യ മുഖ്യമന്ത്രിയായി.

അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും ത്രിശങ്കു. ഇവിടെ ഒരുമിച്ചത് സിദ്ധരാമയ്യയും കുമാരസ്വാമിയുമാണ്. പക്ഷേ അധികാരം യെദൂരിയപ്പ നേടി. പക്ഷേ കളികൾ അവസാനിക്കുന്നില്ല.