ബംഗളുരു:മാധ്യമപ്രവർത്തകർക്ക് പിഴയും തടവും വിധിച്ച കർണാടക നിയമസഭയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.സംഭവത്തെഅപലപിച്ചു
കൊണ്ട് എഡിറ്റർമാരുടെ അസോസിയേഷൻ രംഗത്തെത്തി.രണ്ട് വർഷം മുൻപ് എംഎൽഎമാർക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയതിനാണ് രണ്ട് മാധ്യമപ്രവർത്തകർക്ക് ശിക്ഷയും പിഴയും വിധിച്ചത്.

കർണാടക നിയമസഭാ സ്പീക്കറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എഡിറ്റർമാർമാരുടെയോഗം വിലയിരുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു തരുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

കോൺഗ്രസ് എംഎൽഎമാരായ കെ.ബി.കൊളീവാഡും ബി.എം.നാഗരാജും നൽകിയ പരാതിയിലാണ് മാധ്യപ്രവർത്തകർക്കെതിരെ നടപടിയുണ്ടായത്.2014 ൽ പരാതി നൽകിയ കോളിവാദ് ആണ് ഇപ്പോൾ നിയമസഭാ സ്പീക്കർ. പരാതിക്കാരനും ജഡ്ജിയും ഒരാൾ തന്നെയായ കേസിൽ നീതിപൂർവ്വമായ അന്വേഷണം നടന്നിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ ആരോപിച്ചു.

കർണാടക നിയമസഭയുടെ നടപടിക്കെതിരെ ആംനെസ്റ്റി ഇന്റർനാഷണലും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകർക്ക് വിമർശനങ്ങൾ ഉന്നയിക്കാൻ അവകാശമുണ്ടെന്നും, അപമാനിക്കപ്പെട്ടതായി വ്യക്തികൾക്ക് തോന്നുന്നുവെങ്കിൽ അവർക്ക് കോടതിയിൽ മാനനഷ്ടക്കേസ് കൊടുക്കാമെന്നും ആംനെസ്റ്റി അറിയിച്ചു.

ഹായ് ബാംഗ്ലുർ എഡിറ്റർ രവി ബോലഗെരെ, യെലഹങ്ക വോയ്സ് എഡിറ്റർ അനിൽ രാജ് എന്നിവർക്കെതിരെയാണ് കർണാടക നിയമസഭ നടപടി സ്വീകരിച്ചത്. ഒരു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് നിയമസഭ മാധ്യമപ്രവർത്തകർക്ക് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികം തടവ് അനുഭവിക്കേണ്ടി വരും.

അപകീർത്തിപരമായ വാർത്ത നൽകിയെന്ന എംഎൽഎമാരുടെ പരാതിയിൽ അസംബ്ലി ചുമതലപ്പെടുത്തിയ പ്രവിലേജ് കമ്മിറ്റിയുടെ നിർദ്ദേശം കർണാടക നിയമസഭ ശരിവയ്ക്കുകയായിരുന്നു. ലേഖനങ്ങളിലൂടെ സാമാജികരുടെ പ്രത്യേകാവകാശം ലംഘിച്ചതായി പ്രിവിലേജ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2014 സെപ്റ്റംബറിൽ ഇവർ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എംഎൽഎമാരെ അപകീർത്തിപ്പെടുത്തി എന്നാണ് സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്