ബെംഗളൂരു: വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച് കർണാടകത്തിലെ ബിജെപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം(എംഎൽസി) വിവാദത്തിലായി. എംഎൽസി മഹാന്ദേഷ് കവാതാഗിമത്താണ് വാട്‌സ്ആപ്പ് കുരുക്കിൽ അകപ്പെട്ടത്. വനിതകളടക്കം നിരവധി എംഎൽഎമാരും കൗൺസിലർമാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അമ്പതിലേറെ അശ്ലീല ചിത്രങ്ങളാണ് അയയ്ച്ചത്.

ചൊവ്വാഴ്ചയാണ് മഹാന്ദേഷ് വാർത്തകളും അറിയിപ്പുകളും നൽകുന്നതിന് രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചത്. ബെൽഗോമി മീഡിയ ഫോഴ്‌സ് എന്ന ഗ്രൂപ്പിലാണ് എംഎൽസി അശ്ലീല ചിത്രങ്ങൾ പങ്കുവച്ചത്.

ചിത്രങ്ങൾകണ്ട് അമ്പരന്ന നിരവധി അംഗങ്ങൾ ഈ ഗ്രൂപ്പിൽനിന്നും ഒഴിവായി. മറ്റുപലരും സംഭവത്തെ ഗ്രൂപ്പിൽ അപലപിക്കുകയും ഇഷ്ടക്കേട് വ്യക്തമാക്കുകയും ചെയ്തു. ഒടുവിൽ ഗ്രൂപ്പ് അഡ്‌മിൻ മഹാന്ദേഷിനെ ഗ്രൂപ്പിൽനിന്നും പുറത്താക്കി.

അശ്ലീല ചിത്രങ്ങൾ അയയ്ച്ചത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് മഹാന്ദേഷ് നല്കുന്ന വിശദീകരണം. സ്മാർട്ട് ഫോണിന്റെ ടച്ച്‌സ്‌ക്രീൻ പ്രവർത്തനം നിലച്ചിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തിൽ ഫോട്ടോകൾ അയയ്ക്കപ്പെടുകയായിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ തനിക്കൊരു വ്യക്തതയുമില്ലെന്നും അദ്ദേഹം പറയുന്നു.

വാർത്തകൾ പങ്കുവയ്ക്കാനുള്ള ഗ്രൂപ്പിൽ അശ്ലീല ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത് മറ്റ് അംഗങ്ങളെ ഞെട്ടിച്ചു. മഹാന്ദേഷിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ചില അംഗങ്ങൾ ആവശ്യപപെട്ടു.

കർണാകടത്തിലെ ജനപ്രതിനിധികൾ ഇത്തരം വിവാദത്തിൽപ്പെടുന്നത് ഇതാദ്യമല്ല. 2012ൽ ബിജെപി മന്ത്രി നിയമസഭയിൽ അശ്ലീല ചിത്രം കണ്ടത് വൻ വിവാദമായിരുന്നു. നിയമസഭയിലെ മുൻ നിരയിലിരുന്നിരുന്ന മന്ത്രി തന്റെ ഫോണിൽ അശ്ലീല ചിത്രം കാണുകയായിരുന്നു. മറ്റു രണ്ടു മന്ത്രിമാരും ഫോണിലേക്ക് എത്തിനോക്കി അശ്ലീല ചിത്രം കാണുന്നത് ടെലവിഷൻ കാമറിയിൽ പതിഞ്ഞു.