ബെംഗളൂരു: കർണാടക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ മീഡിയ കോർഡിനേറ്റർ എം.എ. സലീമിനെ പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. വിവാദ പരാമർശങ്ങളുടെ വീഡിയോ പുറത്തായതിന് പിന്നാലെയാണ് നടപടി.

ഡി.കെ.ശിവകുമാറും അദ്ദേഹത്തിന്റെ സഹായികളും കൈക്കൂലി വാങ്ങുമെന്നും മദ്യപനാണെന്നും അടക്കംപറയുന്ന വീഡിയോ ആണ് പുറത്തായത്. പാർട്ടി മുൻ എംപി. വി എസ്. ഉഗ്രപ്പയും സലീമും തമ്മിൽ അടക്കം പറഞ്ഞതാണ് പുറത്തായത്.

ഇരുവരും കഴിഞ്ഞ ദിവസം പത്ര സമ്മേളനം വിളിച്ചിരുന്നു. പത്ര സമ്മേളനം തുടങ്ങുന്നതിന് മുമ്പായിട്ടാണ് നേതാക്കൾ പരസ്പരം മന്ത്രിച്ചത്. എന്നാൽ മാധ്യമങ്ങളുടെ മൈക്ക് ഓണായിരുന്ന കാര്യം ഇരുവരും അറിഞ്ഞില്ല.

'ആറ് മുതൽ എട്ട് ശതമാനം വരെയായിരുന്നു. ഇതിപ്പോൾ പത്ത് മുതൽ 12 ശതമാനം വരെയായി. എല്ലാം ഡി.കെയുടെ അഡ്ജസ്റ്റ്മെന്റാണ്. മുൾഗണ്ട് (ശിവകുമാറിന്റെ സഹായി) 50-100 കോടി രൂപ സമ്പാദിച്ചു. മുൾഗണ്ടിന് ഇത്രയും സമ്പാദിക്കാനായെങ്കിൽ ഡി.കെ. എത്രമാത്രം ഉണ്ടാകും' വീഡിയോയിൽ സലീം പറയുന്നത് കേൾക്കാം.

ഡി.കെ.ശിവകുമാർ മദ്യപാനിയാണെന്നും ഇരുവരും പറയുന്നത് കേൾക്കാം. സംഭവം കോൺഗ്രസ് അച്ചടക്ക സമിതിക്ക് മുന്നിൽ എത്തിയതോടെയാണ് സലീമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ഉഗ്രപ്പയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഇന്ന് വിശദീകരണവുമായി ഉഗ്രപ്പ രംഗത്തെത്തി. 'കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനായി എത്തിയതായിരുന്നു ഞാൻ. ഡി.കെ.ശിവകുമാറിന്റെ ആളുകൾ പണം വാങ്ങുന്നുണ്ടെന്നും ചില ആളുകൾ പറയുന്നുണ്ടെന്നും ബിജെപിയുടെ ആരോപണമാണിതെന്ന് പറയണമെന്നും സലീം തന്നോട് പറഞ്ഞു' ഉഗ്രപ്പ് വ്യക്തമാക്കി.

പത്രസമ്മേളനത്തിന് ശേഷം താൻ സലീമുമായി സംസാരിച്ചു. മാധ്യമങ്ങളിൽ നിന്ന് അത്തരത്തിലൊരു ചോദ്യം വരികയാണെങ്കിൽ മുൻകൂട്ടി അറിയിച്ചത് മാത്രമാണെന്ന് സലീം പറഞ്ഞെന്നും ഉഗ്രപ്പ പറഞ്ഞു.