കണ്ണൂർ: കർണാടകം കേരളത്തിന്റെ വനഭൂമിയും റവന്യൂ ഭൂമിയും കൈയേറി ജണ്ടയിട്ടു. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽനിന്നും പതിനഞ്ചുകിലോമീറ്റർ അകലെ ബാരാപ്പോൾ പുഴയോരത്താണ് കർണാടകയുടെ അതിരുവിട്ട കൈയേറ്റം നടന്നത്. അതിർത്തിയിലെ രണ്ടുകിലോമീറ്ററോളം ദൂരത്തിൽ ആറുമീറ്ററോളം വീതിയിലാണ് കേരളത്തിന്റെ ഭൂമി കൈയേറിയിട്ടുള്ളത്. നിലവിലുള്ള ജണ്ടയെ മറികടന്ന് കർണാടക വനം വകുപ്പ് പുതുതായി ജണ്ടയും സ്ഥാപിച്ചു കഴിഞ്ഞു.

കർണാടകത്തിലെ മാക്കുട്ടം-ബ്രഹ്മഗിരി വന്യജീവി അധികൃതരുടെ നേതൃത്വത്തിലാണ് വ്യാപകമായി കേരള ഭൂമിയിൽ കയ്യേറ്റം അരങ്ങേറിയത്. ഈ മേഖലയിലെ നാട്ടുകാർ യഥാസമയം വിവരം റവന്യൂ വകുപ്പധികൃതരെ അറിയിക്കാറുണ്ടെങ്കിലും ജില്ലാ പ്രാദേശിക അധികാരികൾ കർണാടകയുടെ കൈയേറ്റം കാര്യമായെടുക്കാറില്ല.

പ്രദേശത്തെ എംഎ‍ൽഎ സണ്ണി ജോസഫ് കർണാടകയുടെ കൈയേറ്റം മുഖ്യമന്ത്രിയെ അറിയിച്ചതോടെയാണ് കേരളം അല്പമെങ്കിലും ഉണർന്നത്. അഡീഷണൽ പ്രിൻസിപ്പൽ സി.സിഎഫ്. പി.കെ.കേശവൻ , സംസ്ഥാന സർവ്വേ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ കേരള സർക്കാർ നിയമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദഗ്ധസംഘം അന്വേഷണം നടത്തിയത്. കഴിഞ്ഞ മെയ് മാസം തന്നെ കർണാടകത്തിന്റെ കൈയേറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വനം റവനൃുസർവ്വേ വിഭാഗങ്ങൾ പരിശോധന നടത്തിയപ്പോൾ കർണാടകയുടെ കൈയേറ്റം ഒന്നുകൂടി സ്ഥിരീകരിക്കപ്പെട്ടു. പത്തു മാസത്തോളമായി തുടർന്നു വന്ന കർണാടകത്തിന്റെ കൈയേറ്റം കേരളത്തിന് സ്ഥിരീകരിക്കാനായതുപോലും ഇപ്പോഴാണ്.

കേരളം പണിയുന്ന ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതിയിൽ അവകാശം സ്ഥാപിക്കാനുള്ള കർണാടകത്തിന്റെ ഗൂഢാലോചനയാണ് ഭൂമി കൈയേറ്റത്തിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിനു മുൻപ് തന്നെ കർണാടകം കൈയേറ്റം ആരംഭിച്ചിരുന്നു. ആരുമറിയാതെ കേരളത്തിന്റെ ജണ്ടകൾ മാറ്റിയായിരുന്നു തുടക്കം. അപ്പോഴും കേരളത്തിലെ റവന്യൂ, വനം വകുപ്പുകാർ ഉറക്കം നടിക്കുകയായിരുന്നു. ആദ്യം ജനങ്ങൾക്കുള്ള പ്രാദേശിക റോഡ് അടച്ചു. ആന ശല്യം പ്രതിരോധിക്കാനുള്ള ട്രഞ്ച് നിർമ്മാണം എന്നപേരിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രവൃത്തി തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് തടഞ്ഞ് പ്രതിരോധം ഏർപ്പെടുത്തി. കേരളം പട്ടയം കൊടുത്ത റവന്യു ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്താനും കർണാടക വനം വകുപ്പുകാർ തുനിഞ്ഞു. നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന ബാരാപ്പോൾ വൈദ്യുത പദ്ധതി തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമമാണിതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

കണ്ണൂർ ജില്ലാ കലക്ടർ പി ബാലകിരൺ കുടക് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് സംയുക്ത സർവ്വേ നടത്തുന്നതു വരെ മറ്റൊരു നീക്കവും പാടില്ലെന്നു ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഇതിനു വിപരീതമായി കർണാടകാ വനം വകുപ്പ് കേരള ഭൂമി കൈയേറുന്നത് തുടരുകയാണ്. കഴിഞ്ഞ മാർച്ചിൽ വീണ്ടും കേരള ഭൂമിയിൽ കിടങ്ങ് നിർമ്മിക്കാൻ കർണാടകം ഒരുങ്ങി. എം.എൽ. യും തഹസിൽദാറും സ്ഥലത്തെത്തി അത് തടയുകയായിരുന്നു. കർണാടകാ സർക്കാരുമായി ചർച്ച നടത്തി പ്രശ്‌നപരിഹാരം കണ്ടെത്താൻ കേരള സർക്കാർ തുനിയുമ്പോഴും ബാരാപ്പോൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടകം നീങ്ങുന്നത്. മുല്ലപ്പെരിയാർപോലെ ബാരാപ്പോൾ കർണാടകത്തിന് നിയന്ത്രണമുള്ളതാക്കി മാറ്റാനുള്ള ഗൂഢനീക്കമാണ് കർണാടകത്തിന്റേതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിർത്തി കൈയേറ്റത്തിനെതിരെ യഥാസമയം ഉണർന്നു പ്രവർത്തിക്കാത്ത കേരളം യഥാർത്ഥത്തിൽ വെട്ടിലായിരിക്കയാണ്. കേരളത്തിന്റെ പട്ടയഭൂമിയിൽ താമസിക്കുന്ന കുടു:ബങ്ങളുടേയും ദക്ഷിണ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടേയും ഉറക്കം കെടുത്തിയിരിക്കയാണ് കർണാടകത്തിന്റെ ഈ കൈയേറ്റം.