- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധന നടത്താതെ പനിക്കുള്ള ഗുളിക നൽകി സ്വകാര്യ ആശുപത്രിയിൽനിന്ന് തിരിച്ചയച്ചു; കൊൽക്കത്ത സ്വദേശിയായ നവവരൻ ബെംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചു; രോഗം സ്ഥിരീകരിച്ചത് മരിച്ചശേഷം നടത്തിയ പരിശോധനയിൽ; ഗുരുതര വീഴ്ചയെന്ന് കോർപ്പറേഷൻ അധികൃതർ
ബെംഗളൂരു: സ്വകാര്യ ആശുപത്രി പരിശോധന നടത്താതെ തിരിച്ചയച്ച നവവരൻ കോവിഡ് ബാധിച്ചു മരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയ കൊൽക്കത്ത സ്വദേശിയായ റാം (35) ആണ് ആശുപത്രിയുടെ അനാസ്ഥയെത്തുടർന്ന് മരിച്ചത്.
കൊൽക്കത്തയിൽനിന്ന് വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുന്പാണ് റാമും ഭാര്യയും ബെംഗളൂരുവിൽ തിരിച്ചെത്തിയത്. ശനിയാഴ്ച പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ ഡോക്ടറെ കാണാനെത്തി. എന്നാൽ, കോവിഡ് പരിശോധന നടത്താതെ പനിക്കുള്ള ഗുളിക നൽകി താമസസ്ഥലത്തേക്ക് പറഞ്ഞുവിട്ടു. രക്തത്തിലെ ഓക്‌സിജന്റെ അളവ് 80 ആയി കുറഞ്ഞതോടെയാണ് ശനിയാഴ്ച സ്വകാര്യ ആശുപത്രിയിലെത്തിയത്.
ഞായറാഴ്ച രാവിലെ റാം എഴുന്നേൽക്കാത്തതിനെത്തുടർന്ന് ഭാര്യ പരിശോധിച്ചപ്പോഴാണ് മരിച്ചവിവരം അറിയുന്നത്. തുടർന്ന് കോർപ്പറേഷൻ അധികൃതരെത്തി നടത്തിയ കോവിഡ് പരിശോധനയിൽ റാമിന് കോവിഡ് ബാധിച്ചിരുന്നെന്ന് സ്ഥിരീകരിച്ചു.
ബി.ടി.എം. ലേഔട്ടിൽ വനിതകൾക്കുള്ള പേയിങ് ഗസ്റ്റ് സ്ഥാപനം (പി.ജി.) നടത്തിവരികയായിരുന്നു റാം. 16 താമസക്കാരാണ് പി.ജി.യിലുള്ളത് ഇവർക്ക് ഭക്ഷണമുണ്ടാക്കി നൽകിയിരുന്നതും റാമായിരുന്നു. മുഴുവൻ താമസക്കാരിൽനിന്നും പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിച്ചതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് റാമിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം സ്വകാര്യ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവാണുണ്ടായതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരേ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. കിടക്കൾ ഒഴിവുണ്ടായിട്ടും രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാകുന്നില്ലെന്നുൾപ്പെടെയുള്ള പരാതികളാണ് ഏറെയും. പരിശോധനകൾക്ക് വൻതുക ഈടാക്കുന്നതായും പരാതികളുണ്ട്.
മണ്ണുമാന്തി യന്ത്ര കോരിയിൽ മൃതദേഹം
വാഹനം ലഭിക്കാത്ത സാഹചര്യത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ കോരിയിലിട്ട് മൃതദേഹം ആശുപത്രിയിലെത്തിച്ചു. കോലാറിലെ ചിന്താമണിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരിയായ ചന്ദ്രകല (42) മരിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനായി ചിന്താമണി ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. കോവിഡ് മരണമെന്ന് കരുതി വാഹനം വിട്ടുകൊടുക്കാൻ ആരും തയാറാകാത്തതിനെ തുടർന്നാണ് മണ്ണുമാന്തി യന്ത്രത്തിൽ മൃതദേഹം കൊണ്ടുപോയത്. തുടർന്നു നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവാണെന്നു സ്ഥിരീകരിച്ചു.
മൃതദേഹം പൊതുദർശനത്തിന് വച്ചതിന് കേസെടുത്തു
മൈസൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം പൊതുദർശനത്തിനു വച്ചതിനു കുടുംബാംഗങ്ങൾക്ക് എതിരെ കേസ്. നരസിംഹരാജയിലെ പള്ളിയിൽ സംസ്‌കരിക്കുന്നതിനു മുന്നോടിയായി അന്ത്യകർമങ്ങൾ ചെയ്യാൻ അവസരം ഒരുക്കിയതിനാണ് പൊലീസ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഡോ.ചന്ദ്രഗുപ്ത പറഞ്ഞു.
ന്യൂസ് ഡെസ്ക്